- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുവൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞ പ്രതികൾ പിടിയിലായത് പണം സംഘടിപ്പിക്കാൻ കൊച്ചിയിൽ വന്നപ്പോൾ
മലപ്പുറം: മൈസൂർ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വന്നു ഒന്നേകാൽ വർഷത്തോളം തടങ്കലിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ. മുഖ്യ പ്രതി ഷൈബിൻ അഷറഫിന്റെ നിർദ്ദേശ പ്രകാരം മൈസൂരിൽ നിന്നും വൈദ്യനെ തട്ടിക്കൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ കൂത്രാടൻ അജ്മൽ(30), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ(30), വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ്(28)എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രണ്ടു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ ഒരാഴ്ചയായി എറണാംകുളത്തുണ്ടെന്ന ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികൾക്ക് പണവും സിം കാർഡും മൊബൈൽ ഫോണും സംഘടിപ്പിച്ചു കൊടുത്ത വണ്ടൂർ കൂളിക്കാട്ടുപടി പാലപറമ്പിൽ കൃഷ്ണ പ്രസാദ്(26) എന്നയാളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷൈബിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതികൾ പൊള്ളാച്ചി, ബാംഗ്ലൂർ, ഹൈദരാബാദ്, ഡൽഹി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം ഇവരെ പിൻതുടർന്ന് പൊള്ളാച്ചി, ഡൽഹി, ഗോവ, ഹിമാചൽ പ്രദേശിലെ മണാലി തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയിരുന്നു. എന്നാൽ പ്രതികൾ സ്ഥിരമായി ഒരു സ്ഥലത്തും താമസിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുഹൃത്തുക്കളിൽ നിന്നും പണം സംഘടിപ്പിക്കാൻ വേണ്ടിയാണ് ഇവർ എറണാംകുളത്ത് എത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഷൈബിന്റെ ബന്ധു കൈപ്പഞ്ചേരി ഫാസിൽ, പൊരിഷമീം എന്നിവരെ അറസ്റ്റ് ചെയ്യാനുണ്ട്. ഇവർ ഒളിവിലാണ്.
കോൺഗ്രസ് ഓഫീസ് ജീവനക്കാരി രാധയെ ക്വട്ടേഷൻ പ്രകാരം കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയാണ് ഷബീബ് റഹ്മാൻ.ഇയാൾക്കെതിരെ വധശ്രമം, അടിപിടി, കവർച്ച തുടങ്ങിയ കേസുകളും നിലവിലുണ്ട്. അജ്മൽ അടിപിടി കേസിലും, ഷെഫീഖ് അടിപിടി, കഞ്ചാവ് കേസ്സിലും പ്രതിയായിരുന്നു. കൃഷ്ണപ്രസാദും മറ്റൊരു അടിപിടി കേസ്സിൽ പ്രതിയാണ്.
മുഖ്യ പ്രതി ഷൈബിൻ അഷറഫും, കൂട്ടാളികളായ ബത്തേരി സ്വദേശി നൗഷാദും, ഷിഹാബുദ്ദീനും, മുക്കട്ട സ്വദേശി നിഷാദും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയാണ്. ഷൈബിൻ അഷറഫിന്റെ ബിസിനസ്സ് പങ്കാളിയും, കോഴിക്കോട് മലയമ്മ സ്വദേശിയുമായ കുറുപ്പൻ തൊടികയിൽ ഹാരിസും മാനേജരായ യുവതിയും രണ്ടു വർഷം മുമ്പ് അബുദാബിയിൽ മരണപ്പെട്ട കാര്യത്തെ കുറിച്ച് കോടതിയുടെ നിർദ്ദേശപ്രകാരം മറ്റൊരു കേസ്സും പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട് .
ഡിവൈഎസ് പി സാജു.കെ.അബ്രഹാം, എസ്‌ഐ മാരായ നവീൻഷാജ്, എം.അസ്സൈനാർ, എഎസ്ഐ മാരായ റെനി ഫിലിപ്പ്, അനിൽകുമാർ, സതീഷ് കുമാർ, അൻവർ സാദത്ത്, പ്രദീപ്.വി.കെ, ജാഫർ. എ, സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ്, സജേഷ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്