ആലുവ :വിവാഹ ആവശ്യത്തിനെന്ന വ്യാജേന കാർ വാടകയ്ക്ക് വാങ്ങി മറിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ആലുവ മുട്ടം തൈക്കാട്ട്കര ഭാഗത്ത് പടുവിങ്കൽ വീട്ടിൽ റിസ് വിൻ റഹിം (26) ആണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. പട്ടിമറ്റം സ്വദേശിയുടെ കാർ ഒരു വർഷത്തിനു മുൻപ് വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങി മറിച്ച് വിറ്റു എന്ന പരാതിയിൽ പട്ടിമറ്റം സ്വദേശിയായ അച്ഛനും മകനും സഹിതം നാല് പേർക്കെതിരെ കുന്നത്തുനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കേസിന്റെ അന്വേഷണ മധ്യേ അച്ഛനും മകനും ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുത്തിരുന്നു. മറ്റൊരു പ്രതിയായ കളമശ്ശേരി സ്വദേശി ആസീഫ് എന്നയാൾ ഇതിനിടെ വിദേശത്തേക്ക് കടന്നു. ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലുവ മുട്ടത്തുള്ള വാടക ഫ്‌ളാറ്റിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഏ.എസ്‌പി അനൂജ് പലിവാൽ, കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ വി.പി.സുധീഷ്, എസ്‌ഐ എംപി.എബി, ഏ.എസ്‌ഐ മാരായ എം.ജി.സജീവ്, കെ.എ.നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എം.നിഷദ്, എം.എസ്.സിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

...