കുമളി: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അണക്കരയ്ക്ക് സമീപം ചെല്ലാർകോവിൽ ഒന്നാം മൈൽ എരപ്പൻപാറയിൻ ഷാജി തോമസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹുലിനെ വണ്ടന്മേട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന രാഹുലും ഷാജിയും ഒരുമിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. ഇത്തരത്തിൽ ഇന്ന് രാവിലെ മുതൽ ഇരുവരും ചേർന്ന് മദ്യപിക്കുകയും ഇതിനിടയിൽ ഉച്ചയോടു കൂടി ഉണ്ടായ തർക്കത്തിനൊടുവിൽ പ്രതിയായ രാഹുൽ ഷാജിയെ വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇടുക്കി പൊലീസ് മേധാവി വി യു കുര്യാക്കോസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം രാഹുൽ തന്നെ തൊട്ടടുത്ത വീട്ടിൽ എത്തി താൻ ഒരാളെ വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയതായി വെളിപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തുകയും മൃതദേഹം ഉള്ളതായി കണ്ടതിനെ തുടർന്ന് വണ്ടന്മേട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഇവർ തമ്മിൽ മുമ്പും ഏറ്റുമുട്ടൽ നടത്തിയിട്ടുള്ളതായും സ്ഥിരം മദ്യപിക്കുന്ന സ്വഭാവം ഉള്ള ആളുകളായിരുന്നു എന്നും അയൽവാസികൾ പറയുന്നു.

വണ്ടന്മേട് സിഐ വി എസ് നവാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം മദ്യപിച്ചിരുന്നു എന്ന് പറയപ്പെടുന്ന മറ്റൊരാളെ കൂടി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇടുക്കി പൊലീസ് മേധാവി വി യു കുര്യാക്കോസ്, കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ് മോൻ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വൈകിട്ട് ഇടുക്കിയിൽ നിന്നും വിരലടയാളം ശാസ്ത്രീയ പരിശോധനാ വിഭാഗവും എത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് തുടർന്നുള്ള അന്വേഷണത്തിൽ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു.