കോതമംഗലം : ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ. നെല്ലിക്കുഴി - ചെറുവട്ടൂർ റോഡിൽ ചിറപ്പടിക്കു സമിപം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ആയുഷ് പ്രാഥമിക ഹോമിയോപ്പതി ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അസം സ്വദേശി സദ്ദാം ഹുസൈൻ( 28) ആണ് അറസ്റ്റിലായത്.

രണ്ടു പെട്ടികളിലായി സുക്ഷിച്ച 25 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്നും കണ്ടെടുത്തു. ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു കോതമംഗലം എക്‌സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ റെയിഡും മിന്നൽ പരിശോധനകളും നടത്തി വരികയാണ്.

നെല്ലിക്കുഴി സ്വദേശികൾക്ക് ബ്രൗൺ ഷുഗർ കൈമാറുന്നതിനായി കാത്തു നിൽക്കവെയാണ് സദ്ദാം ഹുസൈൻ പിടിയിലാവുന്നത്. സദ്ദാം ഹുസൈൻ താമസിക്കുന്ന പെരുമ്പാവൂർ വെങ്ങോലയിലെ ഫ്‌ളാറ്റിലും എക്‌സ്സൈസ് സംഘം പരിശോധന നടത്തി. ക്വാറിയർ വഴി വ്യാപകമായി ബ്രൗൺ ഷുഗർ കേരളത്തിലേക്ക് എത്തിയതായി പരിശോധനയിൽ ബോധ്യപ്പെട്ടു.10 വർഷത്തിലധികം ശിക്ഷ കിട്ടാവുന്ന കുറ്റം ആണ് സദ്ദാം ഹുസൈൻ ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 5 ഗ്രാമിലധികം ബ്രൗൺ ഷുഗർ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റം ആണ്.

കൂടുതൽ അസം സ്വദേശികൾ ഇയാൾക്കൊപ്പം മറ്റു ജോലികൾക്കൊന്നും പോകാതെ മയക്കു മരുന്ന് വില്പന നടത്തുന്നതായി ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. കോതമംഗലം താലൂക്കിൽ എക്‌സ്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ഓണം സ്‌പെഷ്യൽ ഡ്രൈവ് ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 12 വരെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കാലയളവിൽ വ്യാപകമായ റെയിഡും മിന്നൽ പരിശോധനയും എക്‌സ്സൈസിന്റെ നേതൃത്വത്തിൽ താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും.എക്‌സ്സൈസ്, പൊലീസ്, ഫോറസ്റ്റ്, റവന്യൂ, വകപ്പുകളുമായി സഹകരിച്ച് സംയുക്ത റെയിഡുകളും നടത്തും.
താലുക്കിൽ 24 മണിക്കൂറും ഒരു ഓഫീസറുടെ നേതൃത്വത്തിൽ ഒരു സ്‌ട്രൈക്കിങ് ഫോഴ്‌സ് പാർട്ടി ഫീൽഡിൽ ഉണ്ടായിരിക്കും. മദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്, എന്നിവയുടെ വിപണനം, വിതരണം, ശേഖരം, ശ്രദ്ധയിൽ പെട്ടാൽ 7012418206 എന്ന നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

രഹസ്യ വിവരം നൽകുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും. എക്‌സ്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസമാരായ നിയാസ്, ജയ് മാത്യു, സിദ്ദിഖ്, സിഇഒ മാരായ എൽദോ, അജീഷ്, ഉമ്മർ, ബിജു, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ ഉണ്ടായിരുന്നു