കണ്ണൂർ: വളപട്ടണം പാതിരാത്രിയിൽ ഓടിളക്കി വീട്ടിൽ കയറി ഉറങ്ങികിടക്കുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും ഒന്നര പവന്റെ മാല കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു. അഴീക്കോട് കപ്പക്കടവ് സ്വദേശിയും ഇപ്പോൾ കുറ്റിയാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന കപിൽ ദേവിനെ (31)യാണ് യുവതി തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസം ടൗൺ സ്റ്റേഷൻ പരിധിയിൽ വെച്ച് എളയാവൂർ വയലിലെ ബീഫാത്തിമ (60)യുടെ ഒന്നര പവന്റെ മാല പട്ടാപ്പകൽ കവർന്ന കേസിൽ ജൂവലറിക്ക് സമീപം വെച്ച് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ഫോട്ടോയും വാർത്തയും മാധ്യമങ്ങളിൽ വന്നതോടെയാണ് അഴീക്കോട് കപ്പക്കടവിലെ യുവതി മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

കപ്പക്കടവ് സ്വദേശിനി എ.ഇ.ഹൗസിലെ ബാബുവിന്റെ ഭാര്യ ജിഷയുടെ (40) ഒന്നര പവന്റെ മാലയാണ് കഴിഞ്ഞ മാസം 27 ന് പുലർച്ചെ 1.30 മണിയോടെ മോഷ്ടാവ് കവർന്നത്. വീടിന്റെ ഓടിളക്കി അകത്ത് കയറിയ മോഷ്ടാവ് യുവതിയുടെ മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ അന്നേ യുവതിക്ക് സംശയമുണ്ടായിരുന്നതായും പരാതിയിലുണ്ട്.

കാശ്മീരിൽ ടി.എ.ബറ്റാലിയനിൽ താൽക്കാലിക ഭടനായി സേവനമനുഷ്ഠിച്ചു വന്ന പ്രതിക്ക് ജോലി ഇല്ലാതെയായതോടെ ആഡംബര ജീവിതത്തിനാണ് മോഷണം തുടങ്ങിയതെന്ന് പൊലീസ് സൂചന നൽകി. മോഷണ കേസിൽ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ റിമാന്റിൽ കഴിയുകയാണ്.