വടക്കേക്കര : റേഷൻ വ്യാപാരിയെ ആക്രമിച്ച പ്രതികൾ പിടിയിൽ. ആളാം തുരുത്തിൽ റേഷൻ കട നടത്തി വരുന്ന സുധീഷിനെ കഴിഞ്ഞ മാസം 27 ന് രാത്രി പുതിയ കാവ് അമ്പലത്തിനു സമീപം സ്‌കൂട്ടറിൽ വന്ന അജ്ഞാതരായ രണ്ടു പേർ ചേർന്ന് മോട്ടോർ സൈക്കിളിന്റെ ഷോക്ക് അബ്‌സോർബർ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് കേസ്.

കേസിൽ സുധീഷിന്റെ ഭാര്യാ സഹോദരനായ കുഴുപ്പിള്ളി കളപ്പുരക്കൽ സനൽ, സനലിന്റെ കൂട്ടുകാരായ പള്ളിപ്പുറം ചൂളക്ക പറമ്പിൽ വിഘ്‌നേഷ്, മുനമ്പം കളപ്പറമ്പ് റിഖിൽ എന്നിവരെ മുനമ്പം ഡിവൈഎസ്‌പി എംകെ മുരളിയുടെ നിർദ്ദേശപ്രകാരം വടക്കേക്കര സിഐ സി വി സൂരജിന്റെ നേതൃത്വത്തിൽ എസ്‌ഐ അരുൺ ദേവ് എഎസ്‌ഐ റസാഖ്, സിപിഒമാരാായ മിറാഷ് ലിജോ ദിൽ രാജ് എന്നിവർ ഉൾപ്പെട്ട പ്രത്യേകാന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്.

സനലിന്റെ പിതാവിന്റെ സ്വത്ത് ഭാഗം വക്കുന്നതിനെ സംബന്ധിച്ചും പ്രായമായ പിതാവിനെ സംരക്ഷിക്കുന്നതിനെ ചൊല്ലിയും സഹോദരങ്ങളുമായി തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിലുള്ള വൈരാഗ്യത്തിൽ സുധീഷിനെ ആക്രമിക്കുന്നതിന് സനൽ വിഘ്‌നേഷിനെയും റിഖിലിനെയും ഏർപ്പാട് ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സുധീഷിന്റെ കൈകളുടെ അസ്ഥി രണ്ടു സ്ഥലത്ത് ഒടിയുകയും കാൽ മുട്ടിന് പരിക്കു പറ്റുകയും ചെയ്തു.

ശത്രുക്കളാരും ഇല്ലാതിരുന്ന സുധീഷിനെ ആകമിച്ച പ്രതികളെ പറ്റി യാതൊരു ധാരണയും ഇല്ലാതിരുന്ന ഈ കേസിൽ മൊബെൽ നമ്പറുകളും സിസി ടവി ദൃശ്യങ്ങളും അക്രമികൾ വന്ന വാഹന തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ആക്രമണത്തിനുപയോഗിച്ച മോട്ടോർ സൈക്കിളിന്റെ അബ്‌സോർബറും പ്രതികൾ സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു.. പ്രതികളെ പറവൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.