- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിയിൽ കോഴിക്കാഷ്ടം നിറച്ച ചാക്കുകൾ നിരത്തി സ്ഫോടക വസ്തുക്കൾ മലപ്പുറത്തേക്ക് കടത്തി; കർണാടകയിൽ നിന്ന് ജൈവവളവുമായി എത്തിയ ലോറിയിൽ ഡിറ്റണേറ്ററും ജലാറ്റിൻ സ്റ്റിക്കും; കേസിലെ മുഖ്യപ്രതി പിടിയിൽ
മലപ്പുറം: ലോറിയിൽ കോഴിക്കാഷ്ടം നിറച്ച ചാക്കുകൾ ചുറ്റും നിരത്തി സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്തിയ സംഭവത്തിൽ മുഖ്യപ്രതി മലപ്പുറം പൊലീസിന്റെ പിടിയിൽ. സ്ഫോടക വസ്തുക്കൾ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച കർണ്ണാടക കൂർഗ് സ്വദേശി സോമശേഖരയെ(45) നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്.
പാലക്കാട്-കോഴിക്കോട് ദേശീയ പാത 213ൽ മലപ്പുറം മോങ്ങത്ത് വച്ച് കർണാടകയിൽ നിന്ന് ജൈവ വളവുമായി എത്തിയ ലോറിയിൽ നിന്ന് പിടിച്ചത് 10,000 ഓഡിനറി ഡിറ്റനേറ്റർ, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 6,750 കിലോ ജലാറ്റിൻ സ്റ്റിക് (54,810 എണ്ണം), 38,872.5 മീറ്റർ നീളമുള്ള 213 റോൾ സേഫ്റ്റി ഫ്യൂസ് എന്നിവയാണ്. കർണാടകയിൽനിന്നും കൊണ്ടുവന്ന് മോങ്ങത്തെ ഗോഡൗണിലേക്ക് കടത്തുകയായിരുന്നു ഇവ.
വളം ആയി ഉപയോഗിക്കാനുള്ള കോഴിക്കാഷ്ടം ആണെന്ന് തോന്നും വിധമാണ് ലോറിയിൽ സ്‌ഫോടക വസ്തുക്കൾ എത്തിച്ചത്. ഗോഡൗണിൽ വൻ സ്‌ഫോടകവസ്തു ശേഖരമുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയപ്പോഴാണ് ഇവ പിടികൂടിയത്. ക്വാറികളിൽ പാറ പൊട്ടിക്കാനായി കൊണ്ടുവന്നതാണ് ഇവ എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സോമശേഖരയെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി സി.ബിനുകുമാർ, എഎസ്ഐമാരായ ഷൈജു കാളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാക്കിർ സ്രാമ്പിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കാസർകോട് കടുമ്മനി തോട്ടുമണ്ണിൽ ജോർജ്(40), കർണാടക സ്വദേശി ഹക്കീം(32)എന്നിവരെ കൊണ്ടോട്ടി പൊലിസ് സംഭവ സമയത്ത് തന്നെ അറസ്റ്റു ചെയ്തിരുന്നു. ലോറി കസ്റ്റഡിയിലെടുത്ത പൊലിസ് ഗോഡൗൺ ഉടമക്കായി അന്വേഷണവും തുടങ്ങിയിരുന്നു.
അന്നത്തെ മലപ്പുറം എസ്‌പി ദേബേഷ് കുമാർ ബഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊണ്ടോട്ടി എസ്‌ഐ രഞ്ജിത്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയ പാത 213ൽ മോങ്ങത്ത് വച്ച് കർണാടകയിൽ നിന്ന് ജൈവ വളവുമായി എത്തിയ ലോറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 10,000 ഓഡിനറി ഡിറ്റനേറ്റർ, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 6,750 കിലോ ജലാറ്റിൻ സ്റ്റിക് (54,810 എണ്ണം), 38,872.5 മീറ്റർ നീളമുള്ള 213 റോൾ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് ലോറിയിൽ നിന്ന് കണ്ടെടുത്തിരുന്ന്ത്.
പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മോങ്ങം അങ്ങാടിക്ക് സമീപത്തെ ഗോഡൗണിലേക്കാണ് സ്ഫോടക വസ്തുക്കളെന്ന് ബോധ്യമായത്. തുടർന്ന് സിഐ മുഹമ്മദ് ഹനീഫയും സംഘവും മോങ്ങത്തെ മര ഉരുപ്പടികൾ സൂക്ഷിക്കുന്ന ഗോഡൗണിൽ നടത്തിയ പരിശോധനയിലും വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. ഇവിടെ നിന്ന് എഴ് പെട്ടികളിലായി 7,000 ഇലക്ട്രിക് ഡിറ്റനേറ്ററും, 21,045 മീറ്റർ നീളത്തിൽ 115 റോൾ സേഫ്റ്റി ഫ്യൂസും കണ്ടെത്തി.
രണ്ടിടങ്ങളിൽ നിന്നുമായി ഏഴ് ടൺ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. കർണാടകയിലെ ഹാസൻ ജില്ലയിലെ വിഷ്ണു പവർ കമ്പനിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചിരിക്കുന്നത്. ഇവയുടെ പോസ്റ്റർ പെട്ടികളിൽ നിന്ന് നീക്കം ചെയ്ത നിലയിലായിരുന്നു. മലപ്പുറം മേൽമുറി സ്വദേശി ബാസിത് എന്നയാളുടെ ഉടമസ്ഥതയിലാണ് മരങ്ങൾ സൂക്ഷിച്ച ഗോഡൗൺ പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കോട്ടയം സ്വദേശിക്ക് ഇയാൾ വാടകയ്ക്ക് നൽകിയിരുന്നെങ്കിലും ഒരുമാസം മുമ്പ് ഉടമ തിരികെ വാങ്ങിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്