തിരുനെൽവേലി: തമിഴ്‌നാട് തിരുനെൽവേലിയിൽ മണൽ മാഫിയ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജഗദീഷ്(33) ആണ് കൊല്ലപ്പെട്ടത്. മണൽ കടത്ത് പിടിക്കാൻ ശ്രമിച്ചതിനാണ് ജഗദീഷിനെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ജഗദീഷിനെ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയിൽ മുറിവേറ്റ നിലയിലായിരുന്നു ജഗദീഷിനെ കണ്ടെത്തിയത്.

മണൽ കടത്തുന്നുവെന്ന വിവരത്തെ തുടർന്നു ഇന്നലെ രാത്രിയാണ് ജഗദീഷ് ഉൾപ്പെടെ അഞ്ചു പൊലീസുകാർ പ്രദേശത്ത് പരിശോധന നടത്തിയത്. എന്നാൽ ഇന്ന് രാവിലെ മടങ്ങിയെത്തിയ സംഘത്തിൽ ജഗദീശിനെ കാണാനില്ലായിരുന്നു. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.