ലക്‌നൗ: അച്ഛനെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയതിന് പതിനേഴുകാരിയായ മകളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊടുംകുറ്റവാളിയെ എൻകൗണ്ടറിൽ കൊലപ്പെടുത്തി ഉത്തർപ്രദേശ് പൊലീസ്.

തലയ്ക്ക് ഒരുലക്ഷം രൂപ യുപി പൊലീസ് വിലയിട്ടിരുന്ന വിജയ് പ്രജാപതി എന്ന ക്രിമിനലാണ് പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്. മോഷണം, കൊലപാതകശ്രമം അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട വിജയ് പ്രജാപതി.

ഗഗഹ പൊലീസ് സ്റ്റേഷൻ പരിസരത്തുവച്ചാണ് ഇയാളെ ഏറ്റുമുട്ടലിനിടെ വധിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. കീഴടങ്ങാൻ ആവശ്യപ്പെട്ട പൊലീസിന് നേരെ വിജയ് വെടിയുതിർത്തെന്നും ഇതിനു പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

 

കഴിഞ്ഞ മാസം 20നാണ് 17 വയസ്സുള്ള കാജൾ എന്ന പെൺകുട്ടിയെ വിജയ് വെടിവച്ചു കൊന്നത്. പെൺകുട്ടിയുടെ പിതാവുമായി ഉണ്ടായ തർക്കത്തിനിടയിലാണ് ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

പിതാവിനെ വിജയ് മർദിക്കുന്നത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നതിനിടയിലാണ് കാജളിനു വെടിയേറ്റത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാജൾ, അഞ്ച് ദിവസത്തിനു ശേഷം മരിച്ചു. സ്ഥലത്തുനിന്നു മുങ്ങിയ പ്രതിക്കായി വ്യാപക തിരച്ചിൽ നടക്കുന്നതിനിടയിലാണ് പൊലീസ് ഇയാളെ കണ്ടെത്തുന്നതും എൻകൗണ്ടറിൽ വധിക്കുന്നതും.