തൃശ്ശുർ: ട്രയൽ റൺ ഉൾപ്പെടെ വിജയകരമായി പൂർത്തിയാക്കി തൃശൂർ പാലക്കാട് ദേശീയ പാതയിലെ കുതിരാൻ തുരങ്കം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ വീണ്ടും സുരക്ഷാ പ്രശ്നം ഉയരുന്നു. കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം 95 ശതമാനവും നിർമ്മിച്ച കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ്. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല. തുരങ്കത്തിന് മേലെ കൂടുതൽ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കിൽ ഉണ്ടാവുക വൻ ദുരന്തമായിരിക്കുമെന്ന് കമ്പനി വക്തവ് മുന്നറിയിപ്പ് നൽകി. തുരങ്കത്തിൽ കൂടി യാത്ര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സർക്കാറിന് തലവേദനയായി കമ്പനിയുടെ പുതിയ വെളിപ്പെടുത്തൽ.

തുരങ്കത്തിന് ഉള്ളിൽ സുരക്ഷയുണ്ട്.പക്ഷെ യാത്ര അനുവദിക്കാൻ അത് മാത്രം പോര.ഇപ്പോൾ നടക്കുന്നത് മിനുക്കൽ നടപടി മാത്രമാണ്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ ദുരന്തസാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. തുരങ്കത്തിന് പുറത്ത് ക്യാച്ച് വാട്ടർ ഡ്രൈനേജ് സിസ്റ്റം നടപ്പാക്കണം. മുകളിൽ നിന്നുള്ള മണ്ണ്, പാറ, മരങ്ങൾ എന്നിവ വീഴാൻ സാധ്യയുണ്ട്. മുകളിൽ കോൺക്രീറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും പ്രഗതിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

ഓഗസ്റ്റ് ഒന്നിന്ന് തുരങ്കം തുറക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അധികൃതർ മുന്നോട്ട് പോവുന്നതിനിടെയാണ് പുതിയ പ്രതികരണം പുറത്ത് വരുന്നത്. പ്രവേശന കവാടത്തിനു മുകളിലെ മണ്ണും പാറയും സുരക്ഷിതമാക്കുകയാണ് ബാക്കിയുള്ള പ്രധാന ജോലി. മഴ അവസാനിച്ച ശേഷമേ ഇതു ചെയ്യാനാകൂ. എന്നാണ് നിലവിലെ അവസ്ഥ. എന്നാൽ ഇതിന് മുൻപ് തുരങ്കം തുറന്നാൽ അപകട സാധ്യത കൂടുതലാണെന്നാണ് ഇപ്പോഴത്തെ പ്രതികരണം. മുൻപ് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ആ സമയത്ത് മുന്ന് ദിവസമാണ് മണ്ണ് നീക്കാൻ മാത്രം എടുത്തത്. ഗതാഗതത്തിന് തുറന്ന് നൽകിയാൽ ഇതിനേക്കാൾ പതിന്മടങ്ങ് അപകട സാധ്യത നിലനിൽക്കുന്ന എന്നാണ് പുതിയ വെളിപ്പെടുത്തൽ.

നോൺ ടെക്നിക്കൽ കമ്പനിയാണ് നിലവിലെ പണികൾ ചെയ്യുന്ന കെഎംസി. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പ്രഗതി പദ്ധതിയിൽ നിന്നും പിന്മാറിയത്. കരാറിൽ നിന്ന് മാറ്റി നിർത്തിയ കമ്പനി എന്ന നിലയിൽ സർക്കാറുമായി ബന്ധപ്പെടാൻ തടസമുണ്ടെന്നും പ്രഗതിയുടെ പ്രതിനിധി പറഞ്ഞു.എങ്കിലും കുതിരാനിൽ സുരക്ഷ ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമാക്കി കെഎംസിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പ്രതിനിധി വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം കുതിരാൻ തുരങ്കപാതയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ സുരക്ഷാ പരിശോധന വിജയമായിരുന്നു. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കറിന്റെ നേതൃത്വത്തിൽ ട്രയൽറൺ നടത്തിയത്. തുരങ്കപാതയിലെ ഫയർ സിസ്റ്റം പ്രവർത്തിപ്പിച്ച് നോക്കിയത് തൃപ്തികരമെണെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. അവസാനവട്ട പരിശോധന രണ്ടുദിവസത്തിനകം നടക്കും.

ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്കപാതയിൽ ഫയർ ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഡീസൽ പമ്പും രണ്ട് ഇലക്ട്രിക്കൽ പമ്പുകളുമുണ്ട്. രണ്ടു ലക്ഷം ലിറ്ററിന്റെ വെള്ളടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാൽ അഗ്‌നി രക്ഷാസേന വരുന്നതിന് മുന്നേതന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്താനാകും. തുരങ്കപാതയുടെ പലയിടത്തായി ഹോസ് റീലുകൾ സ്ഥാപിച്ചശേഷം, രണ്ട് ദിവസത്തിനകം ഫയർ ആൻഡ് സേഫ്റ്റി അന്തിമ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകും.

നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി ഓഗസ്റ്റ് ഒന്നിന് കുതിരാനിലെ ഇരട്ട തുരങ്കപാതയിൽ ഒന്ന് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് മന്ത്രി പി എം മുഹമ്മദ് റിയാസിന്റെയും ജില്ലയിലെ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു, കെ രാജൻ, മറ്റു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്തും തൃശൂരിലും യോഗങ്ങൾ ചേർന്ന് നടപടി വേഗത്തിലാക്കി. മൂന്നാഴ്ചയ്ക്കകം മന്ത്രി പി എം മുഹമ്മദ് റിയാസ് മൂന്നുതവണ കുതിരാനിൽ നേരിട്ടെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി.പുതിയ വെളിപ്പെടുത്തൽ ഉണ്ടായ നിലക്ക് സർക്കാറിന്റെ തീരുമാനം എന്താകുമെന്നാണ് ഇനി അറിയേണ്ടത്.ഓഗസ്റ്റ് ആദ്യവാരം തന്നെ തുരങ്കത്തിലൂടെ ഗതാഗതം അനുവദിച്ചേക്കുമെന്നാണ് നിലവിലെ സൂചനകൾ