കേരളത്തിലെ മാസങ്ങളായി ശമ്പളം ലഭിക്കാത്ത, എന്നാൽ ഒരു മുടക്കവും കൂടാതെ ജോലി നടത്തിക്കുന്ന ഒരു വാർത്താചാനലിൽ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ജോലിക്കു കൂലി ഭക്ഷണം എന്ന നിലയിലാണ് ഈ ചാനലിലെ സാധാരണ ജേർണലിസ്റ്റുകളുടെ കാര്യങ്ങൾ. ഡ്യൂട്ടി സമയത്തെ ഭക്ഷണവും താമസസൗകര്യവും ചാനൽ ഉടമ ഒരുക്കും. (അത്രയെങ്കിലും ഭാഗ്യം. കാരണം എത്രയോ മാസങ്ങളായി തീർത്തും സൗജന്യസേവനം നടത്തിവരുന്ന മാദ്ധ്യമപ്രവർത്തകർ വിശപ്പു സഹിയാഞ്ഞ് സ്ഥാപനത്തിനടുത്തുള്ള ക്ഷേത്രത്തിലെ സൗജന്യഭക്ഷണത്തിന് നിത്യവും ക്യൂ നിൽക്കേണ്ടി വന്ന അവസ്ഥയുണ്ടാക്കി വച്ച ടെലിവിഷൻ ചാനലും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടേ. അത് പിറകെ പറയാം.) ഹോസ്റ്റലിൽ താമസിപ്പിക്കുന്ന പെൺകിടാങ്ങൾ മേക്കപ്പിട്ട് വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോൾ ആർക്കുമറിയില്ല അവരുടെ ഇല്ലായ്മയുടെ നിലവിളികൾ. 

ഇങ്ങനെ കാര്യങ്ങൾ സുഗമമായി മുന്നോട്ടു പോകവേ കഴിഞ്ഞ ദിവസം പെട്ടെന്ന് ഹോസ്റ്റൽ നവീകരണത്തിന്റെ ഭാഗമായി മൂന്ന് വനിതാ മാദ്ധ്യമപ്രവർത്തകർക്ക് താൽക്കാലികമായി പാർപ്പിടം നഷ്ടമായി. വാർത്ത വായിക്കാൻ വന്ന് രാത്രി തിരിച്ചുപോകാൻ ഇടമില്ല. എന്തു ചെയ്യും.

പെൺകുട്ടികൾ രാത്രി ന്യൂസ് എഡിറ്ററെ വിളിച്ചു. അദ്ദേഹം ഫോൺ എടുത്തില്ല. ഡെപ്യൂട്ടി ന്യൂസ് എഡിറ്ററെ വിളിച്ചു; അദ്ദേഹവും വിളി കേട്ടില്ല. നിവൃത്തിയില്ലാതെ ഒടുവിൽ സാക്ഷാൽ മാനേജിങ് ഡയറക്ടറെത്തന്നെ വിളിച്ചു. അദ്ദേഹം ഭാഗ്യവശാൽ വിളി കേട്ടു. അപ്പോൾത്തന്നെ പകരം താമസസൗകര്യം ഏർപ്പെടുത്താമെന്ന് ഉറപ്പു നൽകുകയും അപ്പോൾ തന്നെ നിർദ്ദേശം നൽകുകയും ചെയ്തു. അങ്ങനെ പെൺകുട്ടികൾക്ക് പാർക്കാൻ മുറി കിട്ടി. അൽപം സൗകര്യം കൂടിയ ഇടത്തായിപ്പോയെന്നു മാത്രം. നഗരത്തിലെ പ്രസിദ്ധമായ ഒരു ബാറിന്റെ മുകളിലുള്ള മുറി. നല്ല സ്ഥലം. രാത്രി വൈകി ഡ്യൂട്ടി കഴിഞ്ഞ് ബാറിന്റെ ഗേറ്റ് കടന്ന് അകത്തു കയറിയപ്പോൾത്തന്നെ സഹൃദയരായ കുടിയന്മാർ ഉരുവിട്ട, മനസ്സിന് സുഖം തരുന്ന കമന്റുകൾ പെൺകുട്ടികളെ ആഹ്‌ളാദിപ്പിച്ചു. പലരും ബീയർ വാഗ്ദാനം ചെയ്തത് കേട്ടില്ലെന്നു നടിച്ച് അവർ പരുങ്ങലോടെ ബാറിന്റെ ഭാഗം പിന്നിട്ട് മുകളിലേക്ക് കയറിപ്പോയി. പുരുഷകേസരികൾ വിടുമോ... അവർ പെൺകുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ അവരുടെ മുറിക്കു മുന്നിൽ കവാത്ത് തുടങ്ങി. മുറിക്കകത്തു നിന്ന് കേൾക്കാമായിരുന്നു, പുറത്തെ ആതിഥ്യമര്യാദക്കാരുടെ ഔദാര്യപൂർവ്വമുള്ള ക്ഷണിക്കലും വാഗ്ദാനങ്ങളും.

എങ്ങനെയോ രാത്രി കഴിച്ചുകൂട്ടിയ പെൺകുട്ടികൾക്ക് പിറ്റേന്ന് മാനേജ്‌മെന്റ് ഏർപ്പാടാക്കിയ മറ്റൊരു പാർപ്പിടത്തിലേക്ക് മാറ്റം കിട്ടി. പക്ഷേ മാനേജിങ് ഡയറക്ടർ കാണിച്ച സൗമനസ്യം പോലും കാണിക്കാൻ അതിനു താഴെയുള്ള പുണ്യാളന്മാർ തയ്യാറായില്ല. ഇത്രയും നല്ല ന്യൂ ജനറേഷൻ ആനന്ദകേന്ദ്രത്തിൽ മനോഹരമായ ഒരു രാത്രി പാർത്തിട്ടും അതിന് നന്ദി പറയേണ്ടതിനു പകരം അതിനെക്കുറിച്ച് ചോദ്യം ചെയ്യുകയോ.... പൊറുക്കാനാവാത്ത അപരാധം എക്‌സിക്യൂട്ടീവ് എഡിറ്റർ പ്രഖ്യാപിച്ചു. തീരുമാനവും ഉടനെ അദ്ദേഹം പറഞ്ഞു. ഇനി തൽക്കാലം നിങ്ങൾക്ക് മൂന്നു പേർക്കും പണിയില്ല. ഇനി ആവശ്യമുണ്ടാകുമ്പോൾ വിളിക്കാം. ഇപ്പോൾ പോയ്‌ക്കോളു..ട്ടോ. ഇനി, ഈ ചാനൽ ഏതെന്നല്ലേ... സാക്ഷാൽ ജീവൻ ടി.വി.

ഇപ്പോ ഇങ്ങനെയാണ് നടപടികൾ. നിയമന ഉത്തരവ് രേഖാമൂലം കയ്യിൽക്കിട്ടിയ ജീവനക്കാരനെ ജോലിയിൽ നിന്നും പറഞ്ഞു വിടാൻ കമ്പനിക്ക് ഒരു തുണ്ട് കടലാസ് പോലും വേണ്ട. ഓർഡർ എല്ലാം വാക്കാലാണ്. നടപടിക്രമമെല്ലാം സിംപിൾ ആണ്. ചുമ്മാ അങ്ങ് പറഞ്ഞുവിടാം. അപ്പോൾ പല മാസങ്ങളിലെ ശമ്പളമൊന്നും കൊടുത്തിട്ടുണ്ടാകില്ല. അത് ഇനി കൊടുക്കാതെയും കഴിഞ്ഞു. പറഞ്ഞുവിടപ്പെടുന്നവർ പുലിവാലിനൊന്നും പോകാതെ പെൺകുട്ടികളെ ജോലിക്കു വച്ചാൽ ഇതാണ് ഗുണം!! മിണ്ടാതെ പോയ്‌ക്കോളും.

കേരളത്തിലെ നാലഞ്ച് ചാനലുകളൊഴികെ മറ്റു സ്ഥാപനങ്ങളിൽ ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിന്റെ ഒരു ദൃഷ്ടാന്തമാണ് മുകളിൽ വിവരിച്ചത്. ദൃശ്യമാദ്ധ്യമത്തൊഴിലാളികൾ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. പല സ്ഥാപനങ്ങളും മാസങ്ങളായി വേതനം നൽകാറില്ല. വലിയ ശമ്പള വാഗ്ദാനങ്ങൾ നൽകി വിളിച്ചുവരുത്തിയിട്ട് ചില്ലിക്കാശ് പോലും കിട്ടാതെ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർ. അവർ പലരും പലയിടത്തായി നേരത്തെ ശമ്പളം കുറവെങ്കിലും സുരക്ഷിതരായി ജോലി ചെയ്യുന്നവരായിരുന്നു. കൂടുതൽ വേതനം എന്നത് ആരെയാണ് ആകർഷിക്കാതിരിക്കുക..!! ഒടുവിൽ എത്തിപ്പെടുന്നിടത്ത് വേതനം കിട്ടാതായാലും, കുടുംബത്തിലും നാട്ടിലും ഉണ്ടാകുന്ന അഭിമാനക്ഷതവും ജോലിയില്ലാത്ത വ്യക്തിക്ക് സമൂഹത്തിൽ നേരിടേണ്ടിവരുന്ന വിലക്കുറവും ഓർത്ത്, കൂലിയില്ലെങ്കിലും ജോലി തുടരാൻ നിർബന്ധിതരാവുന്നു.

ഇന്ന് കേരളത്തിൽ അസംഘടിത മേഖലയിൽപ്പോലും നിലനിൽക്കുന്ന കൂലി വ്യവസ്ഥ മാദ്ധ്യമപ്രവർത്തകരുടെതുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കേണ്ടതാണ്. രാവിലെ ഒൻപതിന് ജോലിക്കെത്തി വൈകീട്ട് 4.30ന് പണി അവസാനിപ്പിക്കുന്ന ഒരു അവിദഗ്ധ തൊഴിലാളിക്കു പോലും കുറഞ്ഞത് 600 രൂപ കൊടുക്കണം. ഇല്ലെങ്കിൽ പിറ്റേ ദിവസം ജോലിക്ക് വരില്ല. ആ സ്ഥിതി ഉള്ളിടത്താണ് പ്രതിദിനം 300 രൂപ പോലും വേതനമില്ലാതെ മാദ്ധ്യമസ്ഥാപനങ്ങളിൽ ധാരാളം ചെറുപ്പക്കാർ ജോലി ചെയ്യുന്നത്. അതാവട്ടെ മാസങ്ങളായി കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. നേരത്തെ വിവരിച്ച വാർത്താചാനലിലെ പറഞ്ഞുവിടപ്പെട്ട ജേർണലിസ്റ്റുകൾക്ക് നിശ്ചയിക്കപ്പെട്ട വേതനം തന്നെ പ്രതിമാസം 8000 രൂപയാണ്. മൂന്നു മാസമായി ഇവർക്ക് വേതനം ലഭിച്ചിട്ട് എന്നു പറയുന്നു.

ശമ്പളം തുടർച്ചയായി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ടി.വി. ന്യൂ എന്ന ടെലിവിഷൻ ചാനലിലെ ജീവനക്കാർ രംഗത്തെത്തിയത് സഹികെട്ടാണ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഉടമസ്ഥത കൊട്ടിഘോഷിച്ച് ആരംഭിച്ച ഈ ചാനൽ ആകർഷകമായ വേതനം വാഗ്ദാനം ചെയ്താണ് ജീവനക്കാരെ നിയമിച്ചത്. സി.എൻ.എൻഐ.ബി.എൻ. ചാനലിന്റെ നിലവാരത്തിലുള്ള ചാനലാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നായിരുന്നു അതിന്റെ പ്രൊജക്ട് റിപ്പോർട്ടിലും ജേർണലിസ്റ്റുകൾക്ക് നൽകിയ നിർദ്ദേശങ്ങളിലും ഉടമസ്ഥർ അടിവരയിട്ടു പറഞ്ഞിരുന്നത്. അതിനനുസരിച്ച് നൂറോളം അത്യാധുനിക ക്യാമറകൾ ഉൾപ്പെടെ, രണ്ട് ചാനലുകൾക്ക് ഒരേ സമയം പ്രവർത്തിക്കാൻ ശേഷിയുള്ള ഫ്‌ളോർ ഉൾപ്പെടെ സംവിധാനങ്ങളും വൻ തുക ചെലവാക്കി ഒരുക്കി. എന്നാൽ തുടക്കത്തിലേ കെടുകാര്യസ്ഥതയായിരുന്നു ഈ സ്ഥാപനത്തെ ഇന്നത്തെ നിലയിൽ അധ:പതിപ്പിച്ചത്. അനാവശ്യമായ അതിഭാവനകൾ യാഥാർഥ്യത്തിന്റെ കോട്ടയിൽത്തട്ടി തകർന്നു പോയപ്പോൾ, ഉടമസ്ഥ സംഘത്തിന് ആദ്യമുള്ള ആവേശമൊക്കെയങ്ങ് അപ്രത്യക്ഷമായി. ഉണ്ടാക്കിവച്ച സംവിധാനങ്ങൾ പലതും പാഴ്‌ച്ചെലവായി. തൊഴിലാളികളുടെ ശമ്പളം തുടർച്ചയായി മുടങ്ങി. ആരംഭിച്ച് ഏതാനും മാസം പിന്നിട്ടപ്പോൾത്തന്നെ സ്ഥാപനത്തിൽ ജീവനക്കാർ സമരം തുടങ്ങി. ചാനൽ അടച്ചിട്ടു. സമരത്തിനൊടുവിൽ പ്രമുഖ ട്രേഡ് യൂണിയന്റെ മധ്യസ്ഥതയിൽ കരാർ ഉണ്ടാക്കി ചാനൽ വീണ്ടും പ്രവർത്തനം തുടങ്ങി. ശമ്പളക്കുടിശ്ശിക ഉപേക്ഷിക്കാനും ഉയർന്ന ശമ്പളക്കാരുടെ വേതനത്തിൽ തൽക്കാലം ഗണ്യമായ കുറവ് വരുത്താനും ജീവനക്കാർ തയ്യാറായി. തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം നൽകാൻ കഴിയുമെന്ന് മാനേജ്‌മെന്റ് എഴുതി ഒപ്പിട്ടു നൽകി.

പക്ഷേ എല്ലാം വെള്ളത്തിൽ വരച്ചതു പോലെയായി. 2015 സെപ്റ്റംബർ തൊട്ട് വീണ്ടും ശമ്പളം മുടങ്ങി. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലും ശമ്പളം കിട്ടാതായപ്പോൾ ജീവനക്കാർ തീർത്തും സഹികെട്ടവരായി. 2016ലെ പുതുവർഷദിനം അവർക്ക് തീർത്തും ദുർദിനമായിരുന്നു. എങ്കിലും അവർ ഒരിക്കലും ജോലി മുടക്കിയില്ല. കാൽക്കാശ് കിട്ടാത്ത അവസ്ഥയിലും ജോലി തുടരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് ഉച്ചപ്പട്ടിണി മാറ്റാൻ കാശില്ലാത്തതു കാരണം ജോലിസ്ഥലത്തിനു സമീപത്തെ ക്ഷേത്രത്തിൽ പോയി സൗജന്യഭക്ഷണം ക്യൂ നിന്ന് കഴിച്ച് വിശപ്പടക്കിയത്.ഇത്രയും പരിഹാസ്യമായ അവസ്ഥയിലെത്തിച്ചിട്ടും ചാനലിന്റെ ചെയർമാനായ മുൻ ചേംബർ ഭാരവാഹിക്കും ചില സഹചാരികൾക്കും യാതൊരു കുലുക്കവും ഇല്ല.

കേരളത്തിലെ എല്ലാ മുഴുവൻസമയ വാർത്താ ചാനലുകളുടെയും മുൻഗാമിയായ ഇന്ത്യാവിഷൻ ഇപ്പോൾ സംപ്രേഷണം മുടങ്ങിയിട്ട് ഒരു വർഷമാകാറായി. 2015 ഫെബ്രുവരിയിൽ ഇന്ത്യാവിഷനിലെ വെള്ളിവെളിച്ചം നിലയ്ക്കുമ്പോൾ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളം കൊടുക്കാൻ ഉണ്ടായിരുന്നു. സംപ്രേഷണം നിർത്തിയെങ്കിലും ജീവനക്കാരെ നിയമാനുസൃതം ആനുകൂല്യങ്ങൾ കൊടുത്ത് പിരിച്ചവിടുകയോ ജീവനാംശം കൊടുത്ത് നിലിർത്തുകയോ ചെയ്യാതെ ത്രിശങ്കുവിലാക്കി നിർത്തുകയായിരുന്നു. കേരളത്തിലെ സാമൂഹികനീതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഇന്ത്യാവിഷൻ ചെയർമാൻ. അദ്ദേഹം കാണിക്കുന്ന അനീതിക്ക് ആര് ഉത്തരം പറയും. ചാനൽ നാളെത്തുറക്കും മറ്റന്നാൾ തുറക്കും എന്നിങ്ങനെ എത്രയോ തവണയായി ചെയർമാൻ ജീവനക്കാരെ മോഹിപ്പിക്കുന്നു. എന്നാൽ തുറക്കൽ മാത്രം നടക്കുന്നില്ല. ചെയർമാന്റെ വാക്ക് വിശ്വസിച്ച് ഇപ്പൊഴും ഏറെ ജീവനക്കാർ ഇവിടെ വെയിലത്തും മഴയത്തും ഗതിയില്ലാതെ നടക്കുന്നുണ്ട്. ഗത്യന്തരമില്ലാതെ ഒട്ടേറെ പേർ പല പണികൾ ചെയ്ത് വീട് പുലർത്തുന്നു. ചാനൽ തുറന്നാൽ തിരിച്ചുകയറാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ. ചാനൽ ചെയർമാനായ മന്ത്രി എപ്പോഴും പറയുന്നുനാളെ നാളെ...നാളെ...!

റിപ്പോർട്ടർ ചാനലിലും ശമ്പളപ്രശ്‌നം രൂക്ഷമാണ്. വേതനം കിട്ടാതെ ഡൽഹി ബ്യൂറോയിൽ ജോലി ചെയ്തിരുന്ന അരുൺ എന്ന റിപ്പോർട്ടർ ശമ്പളം തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് നിഷേധാത്മക മറുപടി. പാവം റിപ്പോർട്ടർ പയ്യൻ ഇക്കാര്യം തന്റെ മാദ്ധ്യമസുഹൃത്തുക്കൾ മാത്രമുള്ള വാട്‌സ് ആപ് ഗ്രൂപ്പിൽ ഇട്ടു. ഇത് എങ്ങനെയോ ഏതോ ഓൺലൈൻ സൈറ്റിൽ വാർത്തയായി. ഉടനെ കിട്ടി അരുണിന് ഷോ കോസ് നോട്ടീസ്. വാർത്ത വന്നത് ചാനലിന് വൻ നാണക്കേടായത്രേ. ഓൺലൈൻ സൈറ്റിൽ വന്ന വാർത്ത അരുൺ ഇടപെട്ട് എടുത്തുമാറ്റണമത്രേ. ഇല്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ കത്ത്. ഇവിടെ മൂന്ന് രസകരമായ കാര്യങ്ങളുണ്ട്. ഒന്ന്, ആരാന്റെ കിടപ്പറവാർത്തകൾ പോലും ചോർത്തി പ്രൈം ടൈമിൽ ചർച്ച ചെയ്യുന്ന ചാനൽ തലവന്മാർക്ക് ഈ പണി മറ്റുള്ളവർ ചെയ്യുമ്പോൾ തോന്നുന്ന കലിപ്പ്. രണ്ട്, വാർത്ത ശരിയല്ലെങ്കിൽ ഓൺലൈൻ സൈറ്റിനെതിരെ മാനനഷ്ടക്കേസ്സ് കൊടുക്കാത്തത്. മൂന്ന്, നാണക്കേടുണ്ടാക്കുന്ന പണി ചാനൽ തന്നെ അങ്ങ് അവസാനിപ്പിച്ചാൽ പോരേ എന്നത്. മൂന്നിനും ഉത്തരമുണ്ടാവില്ല.

എന്തുകൊണ്ട് വേതനമില്ലാതെ ജോലി ചെയ്യിക്കാൻ കേരളത്തിലെ മാദ്ധ്യമ മാനേജ്‌മെന്റുകൾക്ക് സാധിക്കുന്നു എന്നത് പരിശോധിക്കുമ്പോഴാണ് ഇവിടെ നിലനിൽക്കുന്ന തൊഴിൽസേനാ ബാഹുല്യമാണ് അതിൽ പ്രധാന പങ്കു വഹിക്കുന്നത് എന്ന യാഥാർഥ്യം തെളിയുന്നത്. കേരളത്തിനകത്തും സമീപ സംസ്ഥാനങ്ങളിലുമുള്ള ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്നായി പ്രതിവർഷം ഇരുനൂറ് പേരെങ്കിലും മാദ്ധ്യമപ്രവർത്തന യോഗ്യതാബിരുദങ്ങൾ നേടി പുറത്ത് വരുന്നുണ്ട്. ഇവർക്കു മുഴുവൻ തൊഴിൽ ലഭിക്കാൻ സാഹചര്യമെവിടെ. പഠിച്ചിറങ്ങി വെറുതെയിരിക്കാൻ ആരും ആഗ്രഹിക്കാത്തതിനാൽ ഏതെങ്കിലും ഇടത്ത് കയറിക്കൂടുന്നു. വേതനം മുടങ്ങിയാലും ഇറങ്ങിപ്പോകാൻ പലരും വിമുഖരായിത്തീരുന്നു. ഇറങ്ങിപ്പോയിട്ട് എവിടേക്കു പോകും. ഈയിടെ ജീവൻ ടി.വിയിൽ നിന്നും പോയ ഒരു പെൺകുട്ടി പറഞ്ഞത് വേതനം കിട്ടിയില്ലെങ്കിലും നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ പറഞ്ഞു നിൽക്കാനുള്ള ഒരു മറ ആണല്ലോ ഇത്തരം താവളങ്ങൾ എന്നാണ്. ഈ നിസ്സഹായതയാണ് കേരളത്തിലെ ദൃശ്യചാനൽ ഉടമകൾ ഉപയോഗപ്പെടുത്തുന്നത്. കുറേക്കാലം കൂലി കൊടുക്കാതെ ജോലി ചെയ്ത് മടുത്ത് പോകുന്നവർക്കു പകരം പുതിയ ഇരകൾ ഉറപ്പായും കടന്നു വരും. അവർ പോയാലും പിന്നീടും വരിവരിയായി ആൾക്കാരുണ്ടാവും. ഇങ്ങനെ ട്രെയിനിങ്, പ്രൊബേഷൻ, എക്‌സ്‌ടെൻഷൻ എന്നിങ്ങനെ ഓമനപ്പേരിട്ട് നീട്ടി നീട്ടി കൊണ്ടുപോകാം. കാൽ കാശ് കൊടുക്കാതെ ചാനലും പത്രവും ഓടിച്ചു പോകാം. കൂലി വേണമെന്നു ചോദിച്ചാൽ ഏതു ഉടമയുടെയും മറുപടി ഒരേ അച്ചിലിട്ട പോലെയായിരിക്കും താൽപര്യമില്ലെങ്കിൽ പോയ്‌ക്കോ. ഇവിടെ ഇങ്ങനൊക്കെയാ. ഇഷ്ടമില്ലെങ്കിൽ വിട്ടു പോയ്‌ക്കോ.

ഉടമകളുടെ കങ്കാണികളായ ഉയർന്ന പദവിയിലുള്ള തൊഴിലാളികളെക്കൊണ്ടാണിത് പറയിപ്പിക്കുന്നത് എന്ന വൈരുദ്ധ്യമുള്ളത് ഇരിക്കട്ടെ, പിരിച്ചുവിടാനോ പട്ടിണിക്കിടാനോ ഒരു മനസ്സാക്ഷിക്കുത്തും ഇല്ല എന്നതും വിചിത്രമാണ്. എന്തൊരു അരാജകത്വമാണ് ഈ മേഖലയിൽ എന്ന് അറിയുമ്പോൾ നടുങ്ങിപ്പോകും. എന്നാൽ ഇതൊന്നും പുറത്തുവരാറില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ ചൂഷണം അരങ്ങേറുന്നതും എന്നാൽ അതേപ്പറ്റി ഒരു വിവരവും പുറത്തു വരാതിരിക്കാൻ തൊഴിലുടമകൾ ഏറ്റവുമധികം ശ്രമിക്കുന്നതും മാദ്ധ്യമത്തൊഴിൽ മേഖലയിലാണ് എന്നത് പറയാതെ വയ്യ. മിണ്ടിപ്പോയാൽ പിരിച്ചുവിടലായി, നാടുകടത്തലായി, തരംതാഴ്‌ത്തലായി ഇങ്ങനെ നാനാവിധ നടപടികൾ.

ബി.എഡ്, ടി.ടി.സി. പഠനകേന്ദ്രങ്ങൾ ഇടയ്ക്ക് അടച്ചിടുന്നതു പോലെ കുറച്ചു വർഷത്തേക്ക് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളും സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കേരളത്തിലെ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. സാധ്യതകൾ അടയുന്ന തൊഴിൽമേഖലയിലേക്ക് പ്രതീക്ഷകളോടെ വരുന്നവർ നേരിടുന്ന സംഘർഷങ്ങൾ വളരെ വലുതാണ്. പുറത്തു നിൽക്കുന്ന തൊഴിൽപ്പടയുടെ എണ്ണം കൂടുന്തോറും ഉടമകളുടെ ചൂഷണസാധ്യതയും കൂടുകയാണ്. ഇത് അവസാനിച്ചേ തീരു. അപ്പൊഴേ നല്ല മാദ്ധ്യമ പ്രവർത്തനവും സൃഷ്ടിക്കപ്പെടുകയും ചെയ്യുകയുള്ളു.

കേരളം ഒരു സമ്പൂർണ മാർക്കറ്റ് ആയി മാറിയിരിക്കാമെങ്കിലും ഇത്രയും പത്രങ്ങൾക്കും ചാനലുകൾക്കും പ്രവർത്തിക്കാനാവശ്യമായ മാർക്കറ്റ് സ്‌പേസ് യഥാർഥത്തിലുണ്ടോ എന്നും ഇത്രയധികം വായനാകാണി സമൂഹം ഓരോരുത്തർക്കും ലഭ്യമാണോ എന്നും ഇനിയെങ്കിലും പുതുതായി ഇപ്പണിക്കിറങ്ങുന്നവർ സത്യസന്ധമായി വിലയിരുത്തുന്നതും നല്ലതായിരിക്കും. വായനാകാണി സമൂഹത്തിന്റെ വ്യാപ്തിയാണല്ലോ പരസ്യം ലഭിക്കാനും വരുമാനവർധനയ്ക്കും മാനദണ്ഡം. പരസ്പര മൽസരത്തിലൂടെ മാർക്കറ്റ് പിടിച്ചെടുക്കാൻ തക്ക പ്രഹരശേഷി തങ്ങൾക്ക് ഉണ്ടാവുമോ എന്ന് പുതുതായി രംഗത്തു വരുന്ന ഓരോ മാദ്ധ്യമഉടമയും ചിന്തിക്കാത്തതെന്ത്. സ്വന്തം ബിസിനസ് ഭംഗിയായി നടക്കാനും നടത്താനും ഇരിക്കട്ടെ ഒരു പത്രവും ചാനലും എന്ന രീതിയിൽ കാണുന്നവരാണ് ഇന്ന് ഈ രംഗത്ത് നിൽക്കുന്നവരിൽ ചിലർ. അവർക്ക് മേൽപ്പറഞ്ഞ തൊഴിലില്ലാപ്പടയെ ഉപയോഗിച്ച് ഉപായത്തിൽ ഇതൊക്കെ നടത്തി നീക്കി കൊണ്ടുപോകാനാണ് താൽപര്യം. കെട്ടിടത്തിന്റെ ഇല്ലാത്ത 12ാം നില വിൽപന നടത്തി ദശലക്ഷങ്ങൾ തട്ടിയതിന് കേസ് നേരിടുന്ന വ്യക്തി ഉൾപ്പെടെ ചാനൽ നടത്തുന്ന ഇന്നാട്ടിൽ പ്രത്യേകിച്ചും.

(കേരള വർക്കിങ് ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറിയാണ് ലേഖകൻ)