റിയാദ്: സ്വർണവിപണിയിലുണ്ടായ പ്രതിസന്ധി ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെടാനും വഴിയൊരുക്കുന്നു. സ്വർണവിൽപനയിൽ കുത്തനെ ഇടിവുണ്ടായതിനാൽ സ്വദേശികളും വിദേശികളുമായ തൊഴിലാളികളിൽ 45 പേർക്ക് ഉടനടി തൊഴിൽ നഷ്ടമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വിപണിയിലുണ്ടായ പ്രതിസന്ധി സ്വർണക്കടകളെ അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് നയിക്കുന്നതാണ് തൊഴിലാളികളെ കുറയ്ക്കാൻ നിർബന്ധിതരായിരിക്കുന്നത്.

ഏതാനും ദിവസങ്ങളായി ജൂവലറികളിൽ 10,000 റിയാലിനു താഴെയാണ് കച്ചവടം നടക്കുന്നത്. പ്രതിദിനം 20,000 മുതൽ 50,000 റിയാൽ വരെ വില്പന നടന്നിരുന്ന പല കടകളിലും കച്ചവടം വളരെയേറെ കുറഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കച്ചവടം കുറഞ്ഞതോടെ തൊഴിലാളികളെ പിരിച്ചുവിട്ട് വിപണിയിൽ പിടിച്ചു നിൽക്കാനാണ് കച്ചവടക്കാർ ശ്രമിക്കുന്നത്.

തൊഴിലാളികളെ കുറയ്ക്കാനുള്ള തീരുമാനം സ്വർണപ്പണിക്കാരായി ഫാക്ടറികളിൽ ജോലി ചെയ്യുന്നവരേയാണ് പെട്ടെന്ന് ബാധിക്കുക. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ മാറ്റവും സ്വർണക്കടകളെ സാരമായി ബാധിച്ചിട്ടുണ്ട്. നിർമ്മാണം കഴിഞ്ഞ ആഭരണങ്ങൾ വിറ്റുപോകാത്തതും സ്ഥാപനങ്ങളെ പ്രതിസന്ധിയിലാഴ്‌ത്തി.

സ്വർണക്കടകളിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുന്നുവെന്ന വാർത്ത മലയാളികളിലും ആശങ്കക്കിടയാക്കിയിടിട്ടുണ്ട്. നിരവധി ജൂവലറികളിൽ നൂറുകണക്കിന് മലയാളികൾ ജോലി ചെയ്യുന്നുണ്ട് കൂടാതെ കേരളത്തിലുള്ള പ്രധാന ജൂവലറി ഗ്രൂപ്പുകൾക്ക് സൗദിയിൽ ബ്രാഞ്ചുകളുമുണ്ട്.