ന്യൂയോർക്ക്: പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരായ പീഡനക്കേസ് അമേരിക്കൻ കോടതി തള്ളി. 2009ൽ നടന്നതായി ആരോപിക്കുന്ന ലൈംഗിക പീഡനം സംബന്ധിച്ച കേസാണ് കോടതി തള്ളിയത്. പരാതിക്കാരിയുടെ അഭിഭാഷകൻ സമർപ്പിച്ച രേഖകൾ മോഷ്ടിച്ചതും ചോർത്തിയതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

2018ലാണ് പരാതിക്കാരി മാഞ്ചസ്റ്റർ യുനൈറ്റഡ്-പോർച്ചുഗൽ താരത്തിനെതിരെ രംഗത്തെത്തിയത്. 2009ൽ അമേരിക്കയിലെ ലാസ് വെഗസ്സിലെ ഒരു ഹോട്ടലിൽ വച്ച് താരം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. തുടർന്ന് സംഭവം പുറത്തുപറയാതിരിക്കാൻ 3,75,000 ഡോളർ(ഏകദേശം മൂന്നു കോടി രൂപ) നൽകിയതായും പരാതിയിൽ പറയുന്നു. കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പിന്റെ ഭാഗമായായിരുന്നു ഇത്. എന്നാൽ, ഒത്തുതീർപ്പിന്റെ ഭാഗമായ ഒരു ഉപാധി ക്രിസ്റ്റ്യാനോയും അദ്ദേഹത്തിന്റെ നിയമവിഭാഗവും ലംഘിച്ചതായും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.

എന്നാൽ, ആരോപണങ്ങൾ തുടക്കംതൊട്ടേ ക്രിസ്റ്റ്യാനോ നിഷേധിച്ചിട്ടുണ്ട്. ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെതെന്നാണ് താരത്തിന്റെ വാദം. പരാതിയിൽ ഇതുവരെ കുറ്റം ചുമത്തുകയും ചെയ്തിട്ടില്ല. അതേസമയം, ആ സാഹചര്യത്തിലെ സമ്മർദം കാരണമാണ് ഒത്തുതീർപ്പിനു വഴങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു.

എന്നാൽ, പരാതിക്കാരിയുടെ അഭിഭാഷകൻ ലെസ്ലി സ്റ്റോവാളിന്റെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്. ശരിയായ നിയമവ്യവഹാരത്തിന്റെ വഴികൾ കോടതി ദുരുപയോഗം ചെയ്തെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതാകുന്നതെന്നും ഉത്തരവിൽ പറയുന്നു.