- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താ സമ്മേളനത്തിനിടെ കോള കുപ്പികൾ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവൻ പ്രചരിച്ചത് അതിവേഗത്തിൽ; കൊക്കോ കോളയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്പോൺസർമാർ ഞെട്ടലിൽ
മ്യൂണിക്ക്: യൂറോ കപ്പിലെ വാർത്താ സമ്മേളനത്തിനിടെ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്ക് മുന്നിലിരുന്ന കൊക്കോ കോള കുപ്പികൾ എടുത്തുമാറ്റിയത് സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. കോള കുപ്പികൾ എടുത്തു മാറ്റുകയും അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയർത്തിക്കാണിക്കുകയും ചെയ്യുന്നതായിരുന്നു ഈ വീഡിയോ. റൊണാൾഡോയുടെ ഈ പ്രവർത്തി കൊക്കോ കോള കമ്പനിക്കും വലിയ നഷ്ടമുണ്ടാക്കിയിരിക്കുകയാണിപ്പോൾ. സംഭവം നടന്ന് മണിക്കൂറുകൾക്കകം കമ്പനിയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി.
ചൊവ്വാഴ്ച നടന്ന പോർച്ചുഗൽ-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് മുമ്പിലിരുന്ന രണ്ട് കൊക്കോ കോള ശീതളപാനീയ കുപ്പികൾ റൊണാൾഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയർത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാൾഡോ ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.
Cristiano Ronaldo qui déplace les bouteilles de Coca et qui dit "eau" en montrant aux journalistes ???????????? pic.twitter.com/LaDNa95EcG
- Gio CR7 (@ArobaseGiovanny) June 14, 2021
യുറോ കപ്പിലെ ഔദ്യോഗിക സ്പോൺസർ കൂടിയാണ് കൊക്കോ കോള. റൊണാൾഡോയുടെ വൈറലായ വാർത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് കമ്പനിയുടെ ഓഹരി വില 73.02 ഡോളറായിരുന്നു. എന്നാൽ വാർത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇത് 71.85 ഡോളറായി കുറഞ്ഞു. 1.6 ശതമാനത്തിന്റെ ഇടിവ് മൂലം കൊക്കോ കോളക്കുണ്ടായ നഷ്ടം 520 കോടി ഡോളറും. അതായത് ഒരു മിനുട്ടിൽ താഴെയുള്ള വീഡിയോ മൂലം കോടികളുടെ നഷ്ടമാണ് ആഗോള കമ്പനിക്ക് ഉണ്ടായത്
ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകൻ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാൽ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.
ഫിറ്റ്നസിൽ വലിയ ശ്രദ്ധ കൊടുക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ. 36 വയസുകാരനാണെങ്കിലും 24കാരന്റെ ആരോഗ്യമാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോഴുള്ളത്. പ്രസ് കോൺഫറൻസിൽ കൊക്കോകോളയുടെ കുപ്പികൾ ക്യാമറ കണ്ണുകളിൽ പെടാത്ത വിധം നീക്കി വെക്കുകയും മുൻപിലിരുന്ന വെള്ള കുപ്പി ഉയർത്തി കാണിക്കുകയുമാണ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചർച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.