മാഡ്രിഡ്: തെരുവിൽ എല്ലാവർക്കും മുമ്പിൽ കാൽപ്പന്തുകളിക്കാനുള്ള തന്റെ പാടവം പ്രദർശിപ്പിച്ച് ഒരു വഴിപോക്കൻ എല്ലാവരെയും ത്രസിപ്പിച്ചു. ഒടുവിൽ ആളാരാണെന്ന് അറിഞ്ഞപ്പോൾ അമ്പരപ്പ് ഏറുകയും ചെയ്തു.

സ്‌പെയിനിലെ മാഡ്രിഡിലാണു സംഭവം. താടിയും നീട്ടിവളർത്തിയ മുടിയും അലസവേഷവുമൊക്കെയായി ഒരു വഴിപോക്കന്റെ അത്ഭുതകരമായ പ്രകടനം ഏവരെയും ഞെട്ടിച്ചു കളഞ്ഞു.

അന്താരാഷ്ട്ര താരങ്ങളെപ്പോലും കവച്ചുവയ്ക്കുന്ന പ്രകടനം. തെരുവിൽ നിന്നും ഇങ്ങനെയും പ്രതിഭകളുണ്ടാകുമോ എന്നായിരുന്നു ഏവർക്കും സംശയം. ഒന്നാന്തരം പ്രകടനമാണ് അയാൾ പുറത്തെടുത്തത്. പന്ത് അസാധ്യമാം വിധം ഒറ്റക്കാലിൽ നിയന്ത്രിച്ചു. തലകൊണ്ടും നെഞ്ചുകൊണ്ടും പന്ത് നിയന്ത്രിച്ചും അയാൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി.

നിരവധിപേരാണ് ആ അത്ഭുത കാഴ്ച കണ്ട് മിഴിച്ചു നിന്നത്. ഇടയ്ക്ക് ഒരു കുട്ടി കൂടെ കൂടി. അവനും തന്നാലാകും വിധം അയാൾക്കൊപ്പം പന്തുതട്ടി. എന്നാൽ അൽപ്പം കഴിഞ്ഞ് അയാൾ താടിയും മീശയും ഒഴിവാക്കിയപ്പോഴാണ് ഒപ്പം പന്തു തട്ടിയ ബാലനൊപ്പം തടിച്ചുകൂടി ജനങ്ങളും അമ്പരന്നത്.

ഇത്രയും നേരം അവിടെ ഫുട്‌ബോൾ വിരുന്ന് ഒരുക്കിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. റയൽ മാഡ്രിഡിന്റെ സൂപ്പർ താരം തെരുവിൽ അലസവേഷത്തിൽ ഫുട്‌ബോൾ മാന്ത്രികതയുമായി എത്തുമെന്നു സ്വപ്‌നത്തിൽ പോലും ആരും കരുതിയിരുന്നില്ല.

എന്തായാലും ക്രിസ്റ്റ്യാനോയുടെ വേഷം മാറൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. റൊണാൾഡോയ്‌ക്കൊപ്പം പന്തുതട്ടാൻ അവസരം ലഭിച്ച പയ്യൻ മാഡ്രിഡിൽ ശ്രദ്ധാകേന്ദ്രവുമായി.