തുടർച്ചയായ രണ്ടാം വർഷവും ക്രിസ്ത്യാനോ റൊണാൾഡോയെ യുവേഫ പ്ലേയർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തു. ബാഴ്‌സലോണയുടെ ലയണൽ മെസിയെയും, യുവന്റസിന്റെ ഗോൾകീപ്പർ ജിയാൻ ലൂജി ബഫണെയും പിന്തള്ളിയാണ് റൊണാൾഡോ ബഹുമതിക്ക് അർഹനായത്.

സ്പാനിഷ് ലാലിഗയിൽ പോയ സീസണിൽ 25 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. ചാമ്പ്യൻസ് ലീഗ് കിരീടം റയൽ നിലനിർത്തിയപ്പോൾ അതിൽ ക്രിസ്റ്റ്യാനോയുടെ പങ്ക് നിർണായകമായിരുന്നു. 13 മത്സരങ്ങളിൽ 12 ഗോളുകളും താരം വലയിലാക്കി.സാന്റിയാഗോ ബെർണാബ്യുവിൽ നടന്ന ബയറൺ മ്യൂണിക്കിനെതിരായ ക്വാർട്ടർ ഫൈനലിൽ ഹാട്രിക് അടക്കം ക്രിസ്റ്റ്യാനൊ അഞ്ച് ഗോൾ നേടിയിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിഫൈനൽ ആദ്യ പാദത്തിലും ക്രിസ്റ്റ്യാനൊ ഹാട്രിക് അടിച്ചു. യുവന്റസിനെതിരായ ഫൈനലിലും പോർച്ചുഗീസ് താരം രണ്ടു ഗോളുകൾ നേടി.

രണ്ടു തവണ ലയണൽ മെസ്സി യൂറോപ്പിലെ മികച്ച താരമായിട്ടുണ്ട്. മെസ്സിയേയും ക്രിസ്റ്റ്യാനോയേയും കൂടാതെ ബാഴ്സലോണയുടെ ആന്ദ്രെ ഇനിയസ്റ്റ, ബയറൺ മ്യൂണിക്കിന്റെ ഫ്രാങ്ക് റിബറി എന്നിവരും ഈ പുരസ്‌കാരം നേടി. ബഫണാണ് സീസണിലെ മികച്ച ഗോൾകീപ്പർ.സെർജിയോ റാമോസ് മികച്ച ഡിഫൻഡറായി. ലൂക്കാ മോഡ്രികിനെ മികച്ച മിഡ് ഫീൽഡറായി തെരഞ്ഞെടുത്തു. മികച്ച ഫോർവാഡ് പട്ടവും റൊണാൾഡോയ്ക്ക് തന്നെ.വനിതാവിഭാഗത്തിൽ ബാഴ്‌സലോണയുടെ ലീക് മാർടെൻസാണ് പ്ലേയർ ഓഫ് ദ ഇയർ