ന്റെ ഒരു സുഹൃത്തുണ്ട്... പ്രണയവിവാഹം ആയിരുന്നോ എന്ന് ചോദിച്ചാൽ അല്ല... എന്നാൽ, അതവളുടെ കൂട്ടുകാരൻ ആയിരുന്നു... തന്റെ ജീവിതത്തിലെ നിസ്സാര കാര്യം പോലും പങ്കു വെയ്ക്കുന്ന കൂട്ടുകാരനെ, അവന്റെ കാമുകി ചതിച്ച കഥ കേട്ട് എന്റെ സുഹൃത്തിനു സങ്കടം, സഹതാപം... ഒടുവിൽ അവനെ അങ്ങ് ഏറ്റെടുക്കാനുള്ള ധൈര്യം..... സർക്കാർ ജോലി ഉണ്ടല്ലോ... എന്നിട്ടും., സ്ഥിരവരുമാനം ഇല്ലാത്ത, ഒരാളുടെ കൂടെ ജീവിതം തുടങ്ങുമ്പോൾ ഉള്ള എല്ലാ പ്രതിസന്ധികളും അവൾ നേരിട്ടു... വാശിയോടെ, അവനും ജീവിതത്തിൽ ഇറങ്ങി... ഒടുവിൽ രാജാവായി തിളങ്ങി നിൽക്കുന്ന അവന്റെ മുന്നിൽ പഴയ കാമുകി എത്തി...

സോഷ്യൽ സ്റ്റാറ്റസ് ചിന്തിച്ചു താൻ കളഞ്ഞ ഓട്ട കാലണ ഇതാ വളർന്നു പന്തലിച്ചു മുന്നിൽ... ജീവിതം കെട്ടിപ്പടുക്കാൻ കൂടെ നിന്ന ഭാര്യയ്ക്കും മേലെ അവളിപ്പോ അയാളുടെ ജീവന്റെ ഭാഗമാണ്... അന്ന് ആ ബന്ധത്തെ എതിർത്തിരുന്ന അയാളുടെ 'അമ്മ ആണ് പഴയ കാമുകിയുടെ അടുത്ത സുഹൃത്ത്... എന്റെ സുഹൃത്ത്, അവളുടെ അവസ്ഥ..! എങ്ങോട്ടും പോകാനില്ല... എവിടെയും അത്താണിയും ഇല്ല... പിടി വള്ളി ജോലി മാത്രമാണ്...

ഭയാനകമായ ചുഴിയിൽ അകപ്പെട്ടു ഇരുണ്ട ആഴങ്ങളിലേക്ക് താഴ്ന്നു പോകുമെന്ന് തോന്നുന്ന മനസ്സിന്റെ ചലനങ്ങൾ... അതൊന്നു പങ്കു വെയ്ക്കാൻ പോലും ആരുമില്ല... കുടുംബം മുഴുവൻ എതിർത്ത വിവാഹമായിരുന്നു... ചിരിയുടെ മൂടുപടം എടുത്തണിഞ്ഞു... ആൾകൂട്ടത്തിൽ ഒറ്റയ്ക്ക് നീങ്ങിഞെരുങ്ങി പോകുന്നു...

തന്റെ പേരിൽ എടുത്ത് കൂട്ടിയിട്ടുള്ള കടങ്ങൾ... സ്വന്തം ചോരയിൽ ഉള്ള കുഞ്ഞുങ്ങളെക്കാൾ, അതാണ് അവരെ തമ്മിൽ ഇപ്പോൾ ചേർത്ത് വെയ്ക്കുന്ന കണ്ണി... കടമകളും കടപ്പാടുകളും ഒഴിയുമ്പോൾ... ഒരു യാത്രയ്ക്ക് കൂട്ട് വരുമോ എന്ന് ചോദിക്കാൻ കൂടി ആരുമില്ല... ഒരു ബദൽ ബന്ധം വിഡ്ഡിത്തം ആണെന്ന് അവൾക്കറിയാം... ഒന്നും ലാക്കാക്കാതെ ആരും ഒരു സൗഹൃദം പോലും തരില്ല... താനെ ഉള്ളു തനിക്കു തുണ..!

ഈ കഥ മനസ്സിൽ ഒരു വിങ്ങൽ ആണ് എന്നും... ആ നോവ് എന്റേതുമാണ്... ഉറക്കമില്ലാത്ത രാത്രികളിൽ ഇരുട്ടിൽ 'അമ്മ കരയുവാണോ എന്ന് പരതി നോക്കുന്ന കുഞ്ഞു കൈ എന്റെ ഉള്ളിലെ കാളൽ ആണ്... കരി മഷി പടർത്തി എഴുതുന്ന പല കണ്ണുകളിലും അത്തരം ഒരുപാട് കദന കഥകൾ ഒളിച്ചിരിപ്പുണ്ട്..

വികൃതമാക്കപ്പെട്ട ബന്ധങ്ങൾ മറയ്ക്കാനുള്ള മിനുക്കുപണി ആണ് പല മുഖങ്ങളിലെയും നിറക്കൂട്ട്... ഇന്ന്, ഒരു സംഭവം ഉണ്ടായി എന്ന് പറഞ്ഞു അടുത്ത പുരുഷ സുഹൃത്ത് കാണാൻ എത്തി... അവന്റെ കഥ ഇങ്ങനെ...

ചുള്ളനായി സ്‌കൂളിൽ വിലസിയിരുന്ന കാലം... തല നിറച്ചും എണ്ണ തേച്ച, സോഡാ കുപ്പി കണ്ണട വെച്ച കോലു നാരായണി എന്ന് ഇരട്ട പേരുള്ള ഒരു പെണ്ണ് ക്ലാസ്സിൽ ഉണ്ടായിരുന്നു... അവൾക്കു തന്നോട് പ്രണയം എന്ന് അറിഞ്ഞ നിമിഷം ഭൂമി പിളർന്നു താഴേക്ക് പോയാലോ എന്ന് തോന്നി... അപമാനം . ഇമ്മിണി വലിയ അയ്യേ..! സുന്ദരികളിൽ സുന്ദരികളായ പെൺകുട്ടികളെ മാത്രമേ നോക്കാൻ പോലും ഇഷ്ടമുള്ളൂ... അത്ര അഹങ്കാരം.. വർഷങ്ങൾ കഴിഞ്ഞു , ഇഴഞ്ഞും വലിഞ്ഞും ജീവിക്കുന്ന അവന്റെ മുന്നിൽ ഡോക്ടർ ആയി ആ കോലുനാരായണി എത്തി.. ഡോക്ടർ ആയതു പോകട്ടെ.. അവൾക്കു ഇത്ര ഗ്ലാമർ വേണ്ടായിരുന്നു.!! ഇതെങ്ങനെ ഒപ്പിച്ചെന്നാ...!! സഹിക്കാൻ മേല..... താടിക്ക് കയ്യും കൊടുത്തിരിക്കുന്ന അവനെ കണ്ടിട്ട് ചിരി സഹിച്ചില്ല. .കളിയാക്കൽ അസഹനീയം ആയപ്പോൾ, വഴക്കും പറഞ്ഞു ഇറങ്ങി പോയി...

അവൻ പോയപ്പോൾ മുതൽ ഞാൻ ചിന്തിക്കുക ആയിരുന്നു... ഈ സ്‌നേഹത്തിന്റെ മാനദണ്ഡം ശരിക്കും എന്താ..? ഒന്നിനുമല്ലാതെ, വെറുതെ, ഒരാൾക്ക് ഒരാളെ സ്‌നേഹിക്കാൻ ആകുമോ..? ഇഷ്ടപ്പെടാൻ ആകുമൊ? നേട്ടങ്ങളിൽ കണ്ണ് വെയ്ക്കാതെ ഒരു ബന്ധം..? സ്വന്തം മനഃസാക്ഷിയോട് തന്നെ ഉള്ള അവസാനം ഇല്ലാതെ പടർന്നു പോകുന്ന ചൂഷണം!. അതിനായി തിരഞ്ഞെടുക്കുന്ന വിചിത്രമായ വഴികളും രീതികളും..! ഒരുതരത്തിൽ, സ്വന്തം അസ്തിത്വത്തെ വ്യഭിചരിക്കുന്നവർ...