തിരുവനന്തപുരം: ദിനപത്രങ്ങളെല്ലാം ഒന്നാം പേജിൽ അനുസ്മരണ കുറിപ്പ് നൽകി രാഷ്ട്രപിതാവിനെ രക്തസാക്ഷിദിനത്തിൽ ഓർമ്മിച്ചപ്പോൾ അക്കാര്യം മനപ്പൂർവം മറന്ന ബിജെപി മുഖപത്രം ജന്മഭൂമിയുടെ നടപടി ചർച്ചയാകുന്നു. മുട്ടിന് മുട്ടിന് ദേശീയത പറയുകയും ദേശീയതയുടെ വക്താക്കളെന്ന് സ്വയം അവരോധിക്കുകയും ചെയ്യുന്ന ബിജെപിക്കും അവരുടെ മുഖപത്രത്തിനും രാഷ്ട്രപിതാവിന്റെ കാര്യത്തിൽ ആ ദേശീയത തോന്നാത്തത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അടുത്തിടെ ഖാദി കലണ്ടറിൽ നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റി പകരം ചർക്കയിൽ നൂൽനൂൽക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം നൽകിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം നീക്കങ്ങളിലൂടെ ദേശീയതയുടെ ഭാഗമായി നിലകൊള്ളുന്ന രാഷ്ട്രപിതാവിനെ ഒഴിവാക്കാനുള്ള സംഘപരിവാർ അജണ്ടയാണ് നടപ്പാക്കപ്പെടുന്നതെന്നാണ് ആക്ഷേപം ഉയർന്നത്. ഇന്ന് രക്തസാക്ഷിദിനത്തിൽ ജന്മഭൂമി ദിനപത്രം ഗാന്ധിയെ ഒഴിവാക്കിയത് മനപ്പൂർവമാണെന്നും സംഘപരിവാർ സംഘടനകൾ ഗാന്ധിജി രക്തസാക്ഷി ദിനം ബലിദാൻ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമാണിതെന്നും ആക്ഷേപം ശക്തമാണ്.

അതേസമയം ഗാന്ധിയെ ഓർത്തില്ലെന്ന് പറയാതിരിക്കാൻ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച കെ സുരേന്ദ്രന്റെ ലേഖനത്തിന്റെ മുകളിൽ ഇന്ന് ഗാന്ധി സ്മൃതിദിനം എന്ന് രേഖപ്പെടുത്തുകയും പേജിന് മുകളിൽ ഗാന്ധി വചനം നൽകുകയും ചെയ്തിട്ടുണ്ട്.

എന്നാൽ മാർക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ ധർണയെപ്പറ്റി 'നുണക്കഥകളുടെ കമ്യൂണിസ്റ്റ് ചരിത്രം' എന്ന സുരേന്ദ്രന്റെ ലേഖനത്തിന് മുകളിൽ ഗാന്ധി സ്മൃതി ദിനം എന്ന് നൽകിയിട്ടുണ്ടെങ്കിലും ലേഖനത്തിൽ ഗാന്ധിയോ സ്മൃതിയോ കടന്നുവരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതോടെ ഗാന്ധിയെ ഓർത്തുവെന്ന് വരുത്താൻ ഒരു കാട്ടിക്കൂട്ടൽ മാത്രമാണ് പത്രം ഇതിലൂടെ നടത്തിയതെന്നും രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന സമീപനമാണിതെന്നും വിമർശനമുയരുന്നു.

കഴിഞ്ഞവർഷവും സമാനമായ രീതിയിൽ സംഘപരിവാർ നേതാക്കൾ രാജ്യസ്‌നേഹത്തെ പറ്റി വാതോരാതെ പറയുകയും എന്നാൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോട് മറിച്ചൊരു നിലപാട് സ്വീകരിക്കുകയും ചെയ്തത് വിമർശനം ഏറ്റുവാങ്ങിയിരുന്നു.

അഫ്‌സൽഗുരു അനുസ്മരണത്തെ തുടർന്ന് ജെഎൻയു രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്ന് പറയുകയും എന്നാൽ ഗാന്ധിജിയുടെ രക്തസാക്ഷിദിനം വിജയദിനമായി കണ്ട് മധുരം വിതരണം ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അന്ന് ചോദ്യംചെയ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി സംഘപരിവാറിനോട് പത്തുചോദ്യങ്ങളുന്നയിച്ച് എംബി രാജേഷ് എംപി നൽകിയ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയായി മാറുകയും ചെയ്തു.

'ഗാന്ധി വധത്തിലുള്ള പങ്കിന്റെ പേരിൽ 1948 ഫെബ്രുവരി 2ന് ആർഎസ്എസിനെ നിരോധിച്ചു കൊണ്ടുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രമേയം ഇങ്ങനെ പറയുന്നു. രാജ്യത്തിന്റെ സ്വാതന്ത്യ്‌രം അപകടത്തിലാക്കാൻ ശ്രമിക്കുന്ന വിദ്വേഷത്തിന്റെയും ഹിംസയുടേയും ശക്തികളെ വേരോടെ പിഴുതുകളയുക എന്ന നയത്തിന്റെ ഭാഗമായി ആർഎസ്എസിനെ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നു.

ഇത് പുറപ്പെടുവിച്ച ആഭ്യന്തരമന്ത്രി മറ്റാരുമല്ല സർദാർ വല്ലഭായ് പട്ടേൽ. രാജ്യത്തിന്റെ സ്വാതന്ത്യ്‌രം അപകടത്തിലാക്കാൻ ശ്രമിക്കുന്നവർ രാജ്യസ്‌നേഹികളാണോ ?' എന്നതുൾപ്പെടെ ആർഎസ്എസിന്റെ കപടരാജ്യസ്‌നേഹം യാഥാർത്ഥ്യമാണോ എന്ന 10 ചോദ്യങ്ങളാണ് രാജേഷ് അന്ന് ചോദിച്ചത്. ഇതോടൊപ്പം ജന്മഭൂമിയുടെ നിലപാടും ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ

ഇപ്പോൾ ജന്മഭൂമി രാഷ്ട്രപിതാവിനെ അവഗണിച്ചത് ദേശവിരുദ്ധ നിലപാടല്ലേ എന്ന ചോദ്യമുയർത്തിയാണ് സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നത്. ദേശീയഗാനത്തിന്റെ പേരിലും മ്റ്റും കോലാഹലമുണ്ടാക്കുകയും മറ്റുള്ളവർക്കുമേൽ കുതിരകയറുകയും ചെയ്യുന്നവർ രാഷ്ട്രപിതാവിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം.

ഇതോടൊപ്പം രക്തസാക്ഷിദിനം ബലിദാൻ ദിനമായി സംഘപരിവാർ ആചരിക്കുന്നതും ചോദ്യംചെയ്യപ്പെടുന്നുണ്ട്. ഗാന്ധി വധത്തിൽ ആർഎസ്എസിന് പങ്കില്ലെന്നും കോൺഗ്രസാണ് വധത്തിന് പിന്നിലെന്നും ആരോപിക്കുന്ന 'ഗാന്ധിവധം-അവഗണിക്കപ്പെട്ട നാൾവഴികൾ എന്ന പുസ്തകവും ഇന്ന് പ്രകാശനം ചെയ്തുകൊണ്ടാണ് ഈ ദിനാചരണം. ഗാന്ധി വധത്തിന് ഹിന്ദു മഹാസഭക്കാരനായ ഗോഡ്‌സെയെ ഉപയോഗിച്ചത് നെഹ്‌റുവാണെന്നാണ് പുസ്തകത്തിൽ ആരോപിക്കുന്നത്.