- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസരി എന്ന മാധ്യമ സ്ഥാപനത്തിന്റെ പരിപാടിയിലാണ് കെഎൻഎ ഖാദർ പങ്കെടുത്തതെന്ന് അറിയാത്തവരല്ല മാധ്യമ പ്രവർത്തകർ; ജന്മഭൂമിയും ദേശാഭിമാനിയും മാധ്യമവും ചന്ദ്രികയും പോലൊരു സ്ഥാപനമാണ് കേസരി; ഇവരുടെയെല്ലാം പരിപാടികളിൽ വ്യത്യസ്ത രാഷ്ട്രീയക്കാർ പങ്കെടുക്കാറില്ലേ? മാധ്യമ പ്രവർത്തകരെ വിമർശിച്ചു മുൻ മാധ്യമ പ്രവർത്തകൻ
കോഴിക്കോട്: കോഴിക്കോട്ട് ആർഎസ്എസ് പരിപാടിയിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എൻ എ ഖാദർ പങ്കെടുത്തത് വിവാദമാകുകയും നേതാക്കൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേസരി സംഘടിപ്പിച്ച പരിപാടിയിൽ ഖാദർ പങ്കെടുത്തത് വിവാദമാക്കിയ മാധ്യമ പ്രവർത്തകർക്കെതിരെ വിമർശനവുമായി മുൻ മാധ്യമ പ്രവർത്തകൻ രംഗത്ത്. കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനും നിലവിൽ ബിജെപി സംസ്ഥാന മീഡിയ കൺവീനറുമായ സുവർണപ്രസാദാണ് മാധ്യമങ്ങൾക്കെതിരെ രംഗത്തെത്തിയത്. കെ എൻ എ ഖാദർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്നും ഗുരുവായൂരിൽ ദർശനം നടത്താൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നുമാണ് ഇന്നലെ രാത്രി മുതൽ മലയാളം ചാനലുകൾ ബിഗ് ബ്രേക്കിങ് ആയി അവതരിപ്പിക്കുന്നത്. ഖാദർ ലീഗ് ബന്ധം ഉപേക്ഷിച്ച് പുതിയ കൂടാരത്തിലേക്ക് ചേക്കേറുന്നതിന്റെ തുടക്കമായാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ഒരു പ്രമുഖ ചാനലിലെ റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തത്.
സത്യത്തിൽ ആർഎസ്എസ് പരിപാടിയിലല്ല മറിച്ച് കേസരി എന്ന മാധ്യമ സ്ഥാപനത്തിന്റെ പരിപാടിയിലാണ് കെഎൻഎ ഖാദർ പങ്കെടുത്തതെന്ന് അറിയാത്തവരല്ല കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർ. അദ്ദേഹത്തിന്റെ കൂടെ രഞ്ജി പണിക്കരുമുണ്ടായിരുന്നു താനും. ജന്മഭൂമിയും ദേശാഭിമാനിയും മാധ്യമവും ചന്ദ്രികയും പോലെ ഒരു മാധ്യമ സ്ഥാപനമാണ് കേസരിയും. ഇവരുടെയെല്ലാം പരിപാടികളിൽ വ്യത്യസ്ത രാഷ്ട്രീയക്കാർ പങ്കെടുക്കാറില്ലേ എന്ന് ചോദിക്കുന്ന സുവർണപ്രസാദ് എന്നിട്ടും ഇതൊക്കെ എന്ത് വാർത്തയാണെന്ന് ഒരു മാധ്യമപ്രവർത്തകനായ തനിക്ക് മനസ്സിലാകുന്നില്ലെന്നും പറയുന്നു.
നേരെ മറിച്ച് സംഘ കാര്യാലയത്തിലാണ് കെഎൻഎ ഖാദർ പോയതെങ്കിൽ കൈരളിക്ക് എങ്കിലും ഒരു വാർത്ത കൊടുക്കാൻ സ്‌കോപ്പുണ്ടായിരുന്നു. ഇനിയിപ്പോൾ ആർഎസ്എസ്സുകാരനായ നന്ദേട്ടന്റെ കൂടെ വേദി പങ്കിട്ടതെന്നാണ് പ്രശ്‌നമെങ്കിൽ പ്രിയപ്പെട്ട കോഴിക്കോട്ടെ മാധ്യമപ്രവർത്തകരേ, നിങ്ങളാണ് യഥാർത്ഥ ഫാസിസ്റ്റുകൾ... ഖാദർ പറഞ്ഞതുപോലെ ആശയങ്ങളെ വെറുക്കാം മനുഷ്യനെ വെറുക്കണമോ എന്ന് ഈ വാർത്ത കൊടുത്ത നിങ്ങൾ മറുപടി പറയണം. ആർഎസ്എസ്സുകാരെ മുഴുവൻ ബഹിഷ്‌ക്കരിച്ചു കളയാമെന്നാണെങ്കിൽ രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ബഹിഷ്‌ക്കരിക്കണം. അതിനുള്ള നട്ടെല്ലുണ്ടോ നിങ്ങൾക്ക് എന്നും സുവർണൻ ചോദിക്കുന്നു. മാധ്യമപ്രവർത്തകനായിരുന്ന സുവർണപ്രസാദ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായതോടെയാണ് ബിജെപിയുടെ സംസ്ഥാന മീഡിയാ കൺവീനർ സ്ഥാനത്തേക്കെത്തിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ചാലപ്പുറത്ത് ആർഎസ്എസിന്റെ മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് നടന്ന സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണു ഖാദർ പങ്കെടുത്തത്. ധ്യാനബുദ്ധന്റെ പ്രതിമ തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ അനാശ്ചാദനം ചെയ്തു. ചടങ്ങിൽ ധ്യാനബുദ്ധന്റെ ശിൽപ്പത്തിന് പശ്ചാത്തലമായി നിർമ്മിച്ച ചുവർ ശിൽപ്പത്തിന്റെ അനാശ്ചാദനമാണ് കെഎൻ എ ഖാദർ നിർവ്വഹിച്ചത്. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ആണ് മുഖ്യപ്രഭാഷണം നടത്തിയത്. ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പികെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കേസരി മുഖ്യപത്രാധിപർ ഡോ. എൻആർ മധു സ്വാഗതവും ഡെപ്യൂട്ടി എഡിറ്റർ സിഎം രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
പരിപാടി വിവാദമായതോടെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും സ്‌നേഹബോധി എന്ന പേരിൽ നടന്ന സാംസ്കാരിക പരിപാടിയിൽ ആശംസ പറയാൻ മാത്രമാണ് പോയതെന്നും ഖാദർ വിശദീകരണം നൽകി. എല്ലാ മതസ്ഥരും തമ്മിൽ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽ മതസൗഹാർദ്ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാധ്യമങ്ങളിൽ സംഭവം വലിയ വാർത്തയായതോടെ ലീഗ് നേതാക്കൾ ഖാദറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ഇതേ സമയം ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ പരിപാടിയിൽ പങ്കെടുത്തിട്ടും അദ്ദേഹം ആർഎസ്എസ് ആവുന്നു എന്ന് ആരും പറയാത്തതെന്താണ് എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. പഠനകാലത്ത് എസ് എഫ് ഐ പ്രവർത്തകനായിരുന്ന രഞ്ജി പണിക്കർ തന്റെ ഇടതുപക്ഷ നിലപാട് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഇവർ പറയുന്നു. ആർഎസ്എസ് പരിപാടിയിൽ കെ എൻ എ ഖാദർ പങ്കെടുത്തത് തെറ്റാണെന്നും പാർട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് അദ്ദേഹത്തിന്റെ നടപടിയെന്നും വ്യക്തമാക്കിയ മുസ്ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എംകെ മുനീർ എം എൽ എ ക്കെതിരെയും പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. ശിവസേനയുടെ പരിപാടിയിൽ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയ നേതാവാണ് എം കെ മുനീർ എന്നാണ് പലരും വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരാൾ എന്തടിസ്ഥാനത്തിലാണ് ഒരു മാധ്യമ സ്ഥാപനത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കെ എൻ എ ഖാദറിനെ വിമർശിക്കുകയെന്നും പലരും ചോദിക്കുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.