കൊല്ലം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ കടുത്ത വിമർശനം. താരസംഘടനയായ അമ്മ'യുടെ പത്രസമ്മേളനത്തിനിടയിലെ മുകേഷിന്റെ പെരുമാറ്റം സർക്കാർ ഇരയ്ക്കൊപ്പമല്ലെന്ന പ്രതീതി സൃഷ്ടിച്ചു. മുകേഷ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. യോഗത്തിൽ ഭൂരിപക്ഷവും മുകേഷിനെതിരായാണ് പ്രതികരിച്ചത്. എന്നാൽ തെറ്റ് തിരുത്താൻ തയ്യാറായത് സ്വാഗതാർഹമാണെന്നും സെക്രട്ടേറിയറ്റിൽ പറഞ്ഞു.

അമ്മയുടെ വാർത്തസമ്മേളനത്തിനിടയിലെ മുകേഷിന്റെ പെരുമാറ്റം വിമർശനങ്ങൾക്കിടയാക്കിയിരുന്നു. നാലാം ദിവസം വിശദീകരണവുമായി മുകേഷ് രംഗത്തെത്തി. അമ്മയുടെ വാർത്താസമ്മേളനത്തിൽ മോശമായി ഒന്നും പറഞ്ഞില്ലെന്ന് മുകേഷ് പറഞ്ഞു. വിമർശനങ്ങളെ ഉൾക്കൊള്ളുന്നു. നല്ലൊരു നേതാവായി മാറുന്നതിനാണ് വിമർശനങ്ങളെന്ന് മനസിലാക്കുന്നു. രാഷ്ട്രീയത്തിൽ തുടക്കക്കാരനാണ്.തെറ്റുകൾ സ്വഭാവികമെന്ന് അദ്ദേഹം വിശദീകരണത്തിൽ വ്യക്തമാക്കി.

അമ്മ വാർഷിക യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. ദിലീപിനെ വേട്ടയാടാൻ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കരുതെന്നും മുകേഷ് വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേശ് കുമാർ പറഞ്ഞു. ജനറൽ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹൻലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേശും എത്തിയത്.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ പ്രതികൾ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ രണ്ടു എംഎൽഎമാർ സ്വീകരിച്ച നിലപാടിനോടുള്ള പ്രതികരണം ആരാഞ്ഞപ്പോൾ, രാഷ്ട്രീയമായി അതിനെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നടിക്കെതിരെയുണ്ടായ അതിക്രമം അപലപനീയമാണ്. ഉത്തരവാദികൾ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സ്പീക്കർ പറഞ്ഞു.