- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്വാനിക്ക് പിന്നാലെ ഗോവിന്ദാചാര്യയുടെ ചടങ്ങിലും കുര്യൻ; കുര്യനെതിരേ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് ജ്യോതി പ്രസാദ്; പരിവാര സംഘടനകൾക്ക് താലപ്പൊലി എടുക്കുന്നവർ സ്വന്തം കുഴിതോണ്ടുന്നുവെന്ന് വിമർശനം; പി ജെ കുര്യനെ വിമർശിച്ച് കോൺഗ്രസുകാർ
പത്തനംതിട്ട: ബിജെപിയോടടുക്കുന്ന പിജെ കുര്യനെതിരേ കോൺഗ്രസിൽ പടപ്പുറപ്പാട്. ഇത്രയും നാൾ അപ്രമാദിത്വം കൽപിച്ചിരുന്ന കുര്യനെതിരേ ശക്തമായ എതിർപ്പുമായി ഡിസിസി നേതാക്കൾ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്. തിരുവല്ലയിൽ മാർത്തോമ്മാ സഭ സംഘടിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ 100-ാം പിറന്നാൾ ആഘോഷച്ചടങ്ങിൽ കുര്യൻ, ബാബറി മസ്ജിദ് കേസ് പ്രതി എൽകെ അദ്വാനിയുമായി വേദി പങ്കിട്ടത് ഏറെ വിവാദമായിരുന്നു. ഡിസിസി യോഗത്തിൽ ഒരു നേതാവ് കുര്യനെതിരേ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. നാളെ മുതൽ ആറന്മുളയിൽ നടക്കുന്ന ഗോ മഹിമ ദേശീയ ശിൽപശാലയിലെ പ്രധാന അതിഥിയും പിജെ കുര്യനാണ്. ഇത് സംഘടിപ്പിക്കുന്നതാകട്ടെ ആർഎസ്എസിന്റെ താത്വികാചാര്യൻ ഗോവിന്ദാചാര്യയും. ഇതിനെതിരേയാണ് ഫേസ്‌ബുക്കിലൂടെ ഡിസിസി വൈസ് പ്രസിഡന്റും ഐ ഗ്രൂപ്പ് വക്താവുമായ വെട്ടൂർ ജ്യോതിപ്രസാദ് തുറന്നടിച്ചിരിക്കുന്നത്. പോസ്റ്റിലെ പ്രധാന ഭാഗം ഇങ്ങനെ: ആറന്മുള വിമാനത്താവള സമരം പ്രയോജനം ചെയ്തത് ബിജെപിക്കാണ് എന്നത് നഗ്നസത്യമല്ലേ? ഈ സമര സന്തതിയാണല്ലോ പൈത
പത്തനംതിട്ട: ബിജെപിയോടടുക്കുന്ന പിജെ കുര്യനെതിരേ കോൺഗ്രസിൽ പടപ്പുറപ്പാട്. ഇത്രയും നാൾ അപ്രമാദിത്വം കൽപിച്ചിരുന്ന കുര്യനെതിരേ ശക്തമായ എതിർപ്പുമായി ഡിസിസി നേതാക്കൾ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്. തിരുവല്ലയിൽ മാർത്തോമ്മാ സഭ സംഘടിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ 100-ാം പിറന്നാൾ ആഘോഷച്ചടങ്ങിൽ കുര്യൻ, ബാബറി മസ്ജിദ് കേസ് പ്രതി എൽകെ അദ്വാനിയുമായി വേദി പങ്കിട്ടത് ഏറെ വിവാദമായിരുന്നു.
ഡിസിസി യോഗത്തിൽ ഒരു നേതാവ് കുര്യനെതിരേ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. നാളെ മുതൽ ആറന്മുളയിൽ നടക്കുന്ന ഗോ മഹിമ ദേശീയ ശിൽപശാലയിലെ പ്രധാന അതിഥിയും പിജെ കുര്യനാണ്. ഇത് സംഘടിപ്പിക്കുന്നതാകട്ടെ ആർഎസ്എസിന്റെ താത്വികാചാര്യൻ ഗോവിന്ദാചാര്യയും. ഇതിനെതിരേയാണ് ഫേസ്‌ബുക്കിലൂടെ ഡിസിസി വൈസ് പ്രസിഡന്റും ഐ ഗ്രൂപ്പ് വക്താവുമായ വെട്ടൂർ ജ്യോതിപ്രസാദ് തുറന്നടിച്ചിരിക്കുന്നത്.
പോസ്റ്റിലെ പ്രധാന ഭാഗം ഇങ്ങനെ:
ആറന്മുള വിമാനത്താവള സമരം പ്രയോജനം ചെയ്തത് ബിജെപിക്കാണ് എന്നത് നഗ്നസത്യമല്ലേ? ഈ സമര സന്തതിയാണല്ലോ പൈതൃകഗ്രാമസമിതി. ഇവരുടെ കാർമികത്വത്തിലും പരിവാർ നിയന്തണത്തിലും നടന്ന ദേശീയ ചക്ക മഹോത്സവം കാണാനും ചക്കവിഭവങ്ങൾ കഴിക്കാനുമല്ലല്ലോ കോൺഗ്രസ് -സി.പി.എം- എൽഡിഎഫ് നേതാക്കളും ജനനായകരും പന്തലിൽ തള്ളിക്കയറിയത്.
സംഘാടകരെ അല്ല ഞാൻ കുറ്റപ്പെടുത്തുന്നത്. നിങ്ങൾക്ക് ഒരു അജണ്ടയുണ്ട്.അത് അതിന്റെ വഴിക്ക് പോകട്ടെ. നമ്മൾ സംസ്ഥാനവും കേന്ദ്രവും ഭരിച്ചു. ജില്ലാപഞ്ചായത്ത് ഭരിക്കുന്നു. രാജ്യവും ശക്തിയും മഹത്വവും ഉള്ളപ്പോൾ നമ്മൾ ഉറങ്ങിയില്ല. ഉറക്കം നടിച്ചു. ജില്ലയ്ക്ക് പദ്ധതികളുണ്ടാക്കാവുന്ന പരിവാർ പരിപാടികൾക്ക് സംഘാടകരും ഉദ്ഘാടകരുമായി കടമ മറക്കുന്നു. സ്വന്തംവീടു നന്നാക്കാതെ അയൽപക്കം നന്നാക്കുന്നു. സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് മന്ത്രിമാരെയും എംഎൽഎമാരെയും വിട്ട് വാനം തോണ്ടി അടിത്തറ കെട്ടിക്കൊടുക്കുന്നു.
ചക്ക കഴിഞ്ഞപ്പോൾ അതാ വരുന്നൂ അടുത്തത്. അത് ഗോ സംരക്ഷണം. സംഘാടനം ആർഎസ്എസ് താത്വികാചാര്യൻ ഗോവിന്ദചാര്യയുടെ സംഘടന. ഉദ്ഘാടന- സമാപന സമ്മേളനങ്ങളും സെമിനാറുകളും കോൺ-സി.പി.എം-എൽഡിഎഫ് നേതാക്കൾ, ജനനായകർ എന്നിവരാൽ സമ്പുഷ്ടം. ആനന്ദലബ്ധിക്കിനി എന്തു വേണം?
ഗോ മാതാവ് പൂജിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. അതിന് കോൺഗ്രസും സിപിഎമ്മും പദ്ധതികളിടണം. അല്ലാതെ പരിവാരസംഘടനകൾക്ക് താലപ്പൊലി എടുക്കുന്നതും തിടമ്പേറ്റുന്നതും ഭൂഷണമല്ല. ഈ പരിപാടികളിലൊന്നും ആന്റോ ആന്റണി എംപി.യെ പങ്കെടുപ്പിക്കുന്നില്ല എന്നതും കൂട്ടി വായിക്കുമ്പോൾ എല്ലാം പിടികിട്ടും. കാൽക്കീഴിലെ മണ്ണ് മറ്റുള്ളവർ അടിച്ചു മാറ്റുന്നത് ഇവർ അറിയുന്നില്ല.
പാഥസാം നിചയം വാർന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗം ഫലം ചെയ്യില്ല. പിജെ കുര്യനെതിരേ ശക്തമായ ഒളിയമ്പാണ് ഈ പോസ്റ്റിലുള്ളത്.
മാർത്തോമ്മാ സഭ സംഘടിപ്പിച്ച മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നൂറാം ജന്മ-ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എൽകെ അദ്വാനിയെ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് എത്തിച്ചത് പിജെ കുര്യനാണെന്ന് ആരോപിച്ച് ഡിസിസി യോഗത്തിൽ വിമർശനമുണ്ടായിരുന്നു. ഐ ഗ്രൂപ്പുകാരനായ ഡിസിസി ജനറൽ സെക്രട്ടറി വൈ യാക്കൂബാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. ഇതിൽ പിജെ കുര്യന്റെ പങ്ക് എന്താണെന്നായിരുന്നു യാക്കൂബിന് അറിയേണ്ടിയിരുന്നത്. ബാബറി മസ്ജിദ് തകർത്ത കേസിൽ സുപ്രീംകോടതി നിർദേശപ്രകാരം വീണ്ടും പ്രതിചേർക്കപ്പെട്ടയാളാണ് അദ്വാനി. അദ്ദേഹത്തെ ഒരു ന്യൂനപക്ഷ സമുദായത്തിന്റെ പരിപാടിയിലേക്ക് ക്ഷണിച്ചത് ശരിയായില്ല. കുര്യനെപ്പോലുള്ള നേതാക്കൾ അദ്ദേഹവുമായി വേദി പങ്കിടാൻ പാടില്ലായിരുന്നു.
ഇതിൽ കുര്യന് എന്തെങ്കിലും റോളുണ്ടെങ്കിൽ അത് ആശങ്കപ്പെടുത്തുന്നുവെന്നും യാക്കൂബ് പറഞ്ഞു. ജില്ലയിൽ ഒരു കോൺഗ്രസ് നേതാവും ഒരു വേദിയിലും കുര്യനെ കുറിച്ച് ആരോപണം ഉന്നയിക്കാൻ ധൈര്യപ്പെടാറില്ല. കുര്യന്റെ അപ്രമാദിത്വം തന്നെയാണ് ഇതിന് കാരണം. യാക്കൂബിന്റെ പ്രതികരണം ഡിസിസി നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട തന്നെപ്പോലുള്ളവർക്ക് ബിജെപി-ആർഎസ്എസ് നേതാക്കളുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നടത്തുന്ന കൂട്ടുകെട്ട് ഭയപ്പാടുണ്ടാക്കുന്നുവെന്നാണ് യാക്കൂബ് പറഞ്ഞത്. യാക്കൂബിന്റെ ചോദ്യശരങ്ങൾ നേരിടാനും മറുപടി പറയാനും കഴിയാതെ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കുഴങ്ങിയിരുന്നു.