തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ മാധ്യമ വാർത്തകളിലെങ്ങും നിറയാത്ത മന്ത്രിമാരുമുണ്ട്. അക്കൂട്ടത്തിലാണ് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. വകുപ്പിലെ കാര്യങ്ങൾ വിശദീകരിക്കാൻ വേണ്ടിയോ, തലകീഴ് മറിഞ്ഞ് വിവാദങ്ങൾ ഉണ്ടാകുമ്പോഴോ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ എത്താറില്ല. എപ്പോഴും പിൻവലിഞ്ഞു നിൽക്കുന്ന മന്ത്രി ഭക്ഷ്യവകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നുണ്ടോ എന്ന് ചോദിച്ചാൽ അതും പലർക്കും സംശയമാകും. പൊതുജനങ്ങളുമായി ഏറ്റവും ബന്ധപ്പെട്ടു കിടക്കുന്ന വകുപ്പിനെതിരെ അടുത്തിടെ നിരന്തരം ആക്ഷേപങ്ങളാണ്. റേഷൻ വിതരണം മുടങ്ങിയതു വഴി ഇടതു സർക്കാറിന് കടുത്ത നാണക്കേട് സമ്മാനിച്ചത് ഭക്ഷ്യവകുപ്പാണെന്നാണ് ആരോപണം. കഴിവുകെട്ട മന്ത്രിയെന്ന് സിപിഐക്കുള്ളിൽ നിന്നു തന്നെ ഇപ്പോൾ ആരോപണങ്ങൾ ഉയർന്നു തുടങ്ങി.

സിപിഐക്കും സർക്കാറിനും നാണക്കേടുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന മന്ത്രി പി തിലോത്തമനെ പിൻവലിക്കണമെന്ന ആവശ്യം സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്നു. ഇത്രയും കഴിവുകെട്ട മന്ത്രി സിപിഐയുടെ ചരിത്രത്തിൽ തന്നെ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വിധത്തിലാണ് വിമർശനം ഉയർന്നത്. മന്ത്രിസ്ഥാനത്ത് തിലോത്തമൻ പൂർണ്ണപരാജയമാണെന്നാണ് സമ്മേളനത്തിലെ ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടത്. സർക്കാരിന്റെ പ്രതിഛായയെതന്നെ തകർക്കുന്ന തരത്തിൽ ഭക്ഷ്യവകുപ്പ് മാറിയെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

സിപിഐ സമ്മേളനങ്ങളിൽ മിക്ക മന്ത്രിമാർക്കെതിരെയും വിമർശനം ശക്തമായി ഉയരുന്നുണ്ട്. സിപിഎമ്മിനെതിരെയും വിമർശനങ്ങളുണ്ട്. ഇതിനിടെയാണ് സിപിഐയുടെ നാല് മന്ത്രിമാരും വിമർശിക്കപ്പെടുന്നത്. പ്രതീക്ഷക്കൊത്ത് ഉയരാൻ ഇതേവരെ മന്ത്രിമാർക്ക് ആയിട്ടില്ലെന്നാണ് പൊതുവികാരം. മന്ത്രിസഭയിൽ ഇപ്പോൾ സിപിഐക്ക് നാലു മന്ത്രിമാരാണുള്ളത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, വനംമന്ത്രി കെ.രാജു, കൃഷിമന്ത്രി വി എസ് സുനിൽകുമാർ. ഇതിൽ സുനിൽകുമാറാനു മാത്രമാണ് ഏറ്റവും കുറച്ച് വിമർശനം ഏൽക്കുന്നത്. പി.തിലോത്തമനെയാണ് ഭൂരിപക്ഷം പ്രതിനിധികളും ഏതിർക്കുന്നത്.

മന്ത്രി അഴിമതിരഹിതനാണെങ്കിലും അമ്പേ പരാജയമാണെന്നാണ് ഏല്ലാവരുടെയും വിലയിരുത്തൽ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി റേഷന്മുടങ്ങിയത് മന്ത്രിസഭക്ക് തീരാകളങ്കമായിരുന്നു. ഇതിന്റെ ക്ഷീണം സി്പി.ഐക്കുമുണ്ടായി. അതേപോലെ തന്നെ ഭക്ഷ്യഭദ്രതാനിയമവും പൊതുവിതരണരംഗവും കുളമായി. റേഷൻകടകളിലും സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലും മിക്കസമയങ്ങളിലും സാധനങ്ങൾക്ക് കടുത്തക്ഷാമമാണ് അനുഭവപ്പെടുന്നത്. വാതിൽപ്പടി വിതരണം നടപ്പാക്കിയിട്ടുപോലും റേഷൻരംഗത്ത് കരിഞ്ചന്തക്കാർ വർദ്ധിക്കുകയാണ്. അർഹമായ ഭക്ഷ്യവിഹിതം കേന്ദ്രത്തിൽ നിന്ന് വാങ്ങി എടുക്കാൻ ഭക്ഷ്യവകുപ്പിന് കഴിയുന്നില്ല. റേഷൻ വസ്തുക്കൾ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്. വിപണിയിൽ നടക്കുന്നതൊന്നും ഭക്ഷ്യവകുപ്പ് അറിയുന്നില്ല തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് പി.തിലോത്തമനെതിരെ ഉയരുന്നത്.മന്ത്രിയുടെ ഓഫീസിനെ പറ്റിയുംനിരവധി പരാതികളാണ് ഉയരുന്നത്. കഴിവുകെട്ട ഉദ്യോഗസ്ഥരാണ് മന്ത്രിക്കൊപ്പമെന്നാണ് പ്രവർത്തകരുടെ ആക്ഷേപം.

അതേസമയം ആരോപണങ്ങൾക്ക് പിന്നിൽ മുൻഭക്ഷ്യ മന്ത്രി സി ദിവാകരൻ എംഎ‍ൽഎയെ അനുകൂലിക്കുന്ന വിഭാഗമാണെന്നാണ് തിലോത്തമനെ അനുകൂലിക്കുന്നവർ പറയുന്നത്. മന്ത്രിസ്ഥാനത്തിന് വേണ്ടി തുടക്കം മുതൽ കരുക്കൾ നീക്കിയത് ദിവാകരനായിരുന്നു. എന്നാൽ, കാനം കടുംപിടുത്തം പിടിച്ചപ്പോൾ അദ്ദേഹം പടിക്ക് പുറത്തായി. ഇതോടെയാണ് തിലോത്തമൻ അടക്കമുള്ളവർ മന്ത്രിയായത്. സിപിഐയിലെ ഗ്രൂപ്പ് സമവാക്യത്തിൽ ഇസ്മയിൽ പക്ഷത്താണ് സി ദിവാകരൻ. അതുകൊണ്ട് ഇപ്പോത്തെ നീക്കങ്ങൾക്ക് പിന്നിൽ ഇസ്മയിൽ വിഭാഗത്തിന്റെ പിന്തുണയുമുണ്ടെന്ന സൂചനയുണ്ട്.

അതേസമയം അഴിമതി വിരുദ്ധനെന്ന പ്രതിഛായയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്തയാളെന്ന പരിഗണനയും തിലോത്തമന് സഹായമാകുന്നുണ്ട്. എന്നാൽ ഭൂരിപക്ഷം പ്രതിനിധികളും എതിരാകുന്നതും വകുപ്പ് പരാജയമാണെന്ന പൊതുവികാരവും അവഗണിക്കാൻ നേതൃത്വത്തിന് ആകുന്നുമില്ല. നിയമസഭാ സമ്മേളനത്തിനു ശേഷം സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ അഴിച്ചുപണിക്കും സാധ്യത ഉണ്ട്. അഴിച്ചുപണി വന്നാൽ തന്നെയും സി ദിവാകരനെ മന്ത്രിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കാനം പക്ഷക്കാരും.