തിരുവനന്തപുരം: ഓഖി ദുരാശ്വാസ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരദേശം സന്ദർശിക്കാൻ വൈകിയതിനെ തുടർന്ന് വിവിധ കോണുകളിൽ നിന്നുമാണ് വിമർശനം ഉയർന്നത്. ഒടുവിൽ തീരദേശം സന്ദർശിക്കാൻ എത്തിയപ്പോൾ ജനരോഷവും അദ്ദേഹത്തിനെതിരെ ഉണ്ടായി. ഇതേക്കുറിച്ച് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും വിമർശനം ഉയർന്നിരുന്നു. എന്നാൽ, വകുപ്പ് മന്ത്രിയെ പുകഴ്‌ത്താൻ വേണ്ടി പറഞ്ഞ് ഒടുവിൽ പുലിവാല് പിടിച്ചത് മന്ത്രി കടകംപള്ളിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ്.

ഓഖി ദുരിതാശ്വാസ വേളയിൽ മന്ത്രി കടകംപള്ളി നടത്തിയ ഇടപെടൽ മഹത്തരമാണെന്ന് വരുത്താൻ വേണ്ടി പറഞ്ഞു വന്നപ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ വിമർശനമായി മാറിയത്. സിപിഎം വഞ്ചിയൂർ ഏരിയാ സെക്രട്ടറിയും മെഡിക്കൽ റെപ്രസെന്റേറ്റീവ് അസോസിയേഷൻ നേതാവുമായ കല്ലറ മധുവാണ് മുഖ്യമന്ത്രിയെ വിമർശിച്ചത്്. കടകംപള്ളിയുടെ പേഴ്‌സണൽ സെക്രട്ടറിയായ അദ്ദേഹം ഓഖിയെ സംസാരിച്ചു വന്നപ്പോഴാണ് കാര്യങ്ങൽ പിടിവിട്ടു പോയത്.

ഓഖി ദുരന്തമുണ്ടായ ഉടൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ മേഴ്സിക്കുട്ടിയമ്മയും ദുരന്തബാധിത പ്രദേശത്ത് എത്തിയത് ജനങ്ങളുടെ ഇടയിൽ സർക്കാർ ചെയ്യുന്ന പ്രവർത്തനത്തെ കുറിച്ച് മതിപ്പുണ്ടാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് വിഷയം അവധാനതയോടെ കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച്ചയുണ്ടായെന്നാണ് വിമർശനമുയർന്നത്. തന്റെ മന്ത്രി ഈ വിഷയത്തിൽ കാര്യങ്ങൾ ഉഷാറാക്കി ചെയ്തുവെന്ന് പറയാനും മന്ത്രിയുടെ ഗുഡ്ബുക്കിൽ ഇടംപിടിക്കാനുമായി നടത്തിയ പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രി അവധാനത പുലർത്തിയില്ലെന്ന വാക്കു വന്നത്.

ദുരിതബാധിത മേഖല സന്ദർശിക്കാൻ മുഖ്യമന്ത്രി ആദ്യഘട്ടത്തിൽ തയാറായില്ല. ഇത് മാധ്യമങ്ങളുടെ വിമർശനത്തിനും അതുവഴി ജനങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ എതിർപ്പിനും സാഹചര്യമൊരുങ്ങിയെന്ന വിമർശനമായി ഇത് വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രിയെ നേരിട്ട് വിമർശിക്കാൻ മറ്റ് നേതാക്കൾ പോലും മടിക്കുന്ന സാഹചര്യത്തിലാണ് പേഴ്‌സണൽ സെക്രട്ടറി സമ്മേളനത്തിൽ ഇത്തരമൊരു വിമർശനം ഉന്നയിച്ചത്.

അതേസമയം, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വ്യക്തിപരമായ വിമർശനവും സമ്മേളനത്തിലുണ്ടായി. രാജ്യസഭയിലേക്ക് യെച്ചൂരിയെ ഒരുവട്ടം കൂടി അയക്കാൻ പാർട്ടി തയാറാകാതിരുന്നതിന്റെ പ്രതിഷേധമാണ് യെച്ചൂരിക്കെന്നും അതുകൊണ്ടാണ് പാർട്ടി കോൺഗ്രസിന്റെ തീരുമാനനത്തിന് വിരുദ്ധമായി പല നയങ്ങളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു. ഡിവൈഎഫയുടെ പ്രമുഖ നേതാവാണ് യെച്ചൂരിക്കെതിരേ വിമർശനമുയർത്തിയത്.

നേരത്തെ, പിണറായി വിജയൻ അടക്കമുള്ള സിപിഐഎം നേതാക്കൾക്കെതിരേ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കെ ചീഫ് ജസ്റ്റീസിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ ശ്രമിച്ച് കോടതിയെ പ്രകോപിപ്പിക്കുന്ന നയമാണ് യെച്ചൂരിയും മറ്റ് ചില പോളിറ്റ് ബ്യൂറോ അംഗങ്ങളും സ്വീകരിക്കുന്നതെന്നും വിമർശനമുയർന്നിരുന്നു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്‌ച്ചയുണ്ടായെന്ന വിമർശനവും ഉയർന്നിരുന്നു. പൊലീസുകാർ പാർട്ടി പ്രവർത്തകരെ പോലും പിടിച്ച് ജയിലിൽ അടക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നായിരുന്നു വിമർശനം. അതേസമയം, പൊലീസിനെതിരേ പാർട്ടി അംഗങ്ങൾ നടത്തുന്ന വിമർശനത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എതിർത്തിരുന്നു.

പൊലീസിന് സ്വാതന്ത്ര്യം കൊടുത്തില്ലെങ്കിൽ സേന നിർവീര്യമാകുമെന്നായിരുന്നു കോടിയേരിയുടെ നിലപാട്. എന്നാൽ ജില്ലാ സമ്മേളന പ്രതിനിധികൾ ഉദാഹരണ സഹിതം പൊലീസിന്റെ പല സിപിഐഎം വിരുദ്ധനിലപാടുകളും ചൂണ്ടിക്കാട്ടുകയും സിപിഐഎം പ്രവർത്തകരെ കേസുകളിൽ കുടുക്കുകയും ചെയ്യുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കോടിയേരി നിലപാട് മയപ്പെടുത്തുമെന്നാണ് വിവരം.