ട്ടിൻ കുട്ടിയെ കടന്നാക്രമിക്കുന്ന ചെന്നായ് കൂട്ടങ്ങളുടെ കഥ പണ്ട് കഥകളിൽ വായിച്ചത് ഓർമ്മയുണ്ട്. അതിന് സമാനമായ വ്യാഖ്യാനം നൽകാൻ കഴിയുന്ന ഒരു കിരാത സംഭവമാണ് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചാനലിൽ അരങ്ങേറിയത്. ഫ്‌ലവേഴ്‌സ് ചാനലിലെ ഒരു പരിപാടിയിൽ ആ ചാനലിന്റെ എംഡി അടക്കം ഒരു കൂട്ടം മിമിക്രി താരങ്ങൾ സന്തോഷ് പണ്ഡിറ്റ് എന്ന (കു)പ്രസിദ്ധ സിനിമ സംവിധായക നടനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും പല രീതിയിലുള്ള വിമർശങ്ങൾ ഏറ്റു വാങ്ങുകയും ചെയ്ത അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ആദ്യ ചിത്രമായ 'കൃഷ്ണനും രാധയും' എന്ന സിനിമയുടെ റിലീസിന് ശേഷമാണ് ഇദ്ദേഹം ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നത്.

സന്തോഷ് പണ്ഡിറ്റ് ഒരു പൊട്ടനും കോമാളിയുമാണെന്നുള്ള വാദമാണ് ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമാക്കിയത്. ആ പരിഹാസ്യം പല ചാനലുകാരും വിറ്റ് കാശാക്കുകയും ചെയ്തു. ആദ്യ സിനിമയുടെ സ്വീകാര്യത സന്തോഷ് പണ്ഡിറ്റിന്റെ പിൽക്കാല സിനിമകൾക്ക് ലഭിച്ചില്ലെങ്കിലും സന്തോഷ് പണ്ഡിറ്റിനെ ട്രോളേഴ്സും ചാനലുകാരും വേട്ടയാടിക്കൊണ്ടേയിരുന്നു. പലപ്പോഴും സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖങ്ങളും ചർച്ചകളും കാണുമ്പോൾ ചില വികാര പ്രകടനങ്ങളും തുറന്നു പറച്ചിലുകളും താനൊരു കോമാളിയാണെന്ന് ഉറപ്പിക്കുന്ന രീതിയിലാണെന്നു പ്രേക്ഷകർക്കും തോന്നിപ്പോയി. എന്നാൽ കഴിഞ്ഞ ദിവസം ഫ്ളവേർസ് ചാനലിൽ അരങ്ങേറിയത് മനുഷ്യത്വ രഹിതമായ പ്രവർത്തിയായിരുന്നു.

ഒരാൾ അയാൾ ആരുമാകട്ടെ 3, 4 സിനിമകൾ സംവിധാനം ചെയ്ത ഒരു കലാകാരനാണെന്നുള്ള പരിഗണന പോലും കൊടുക്കാതെ ക്ഷണിക്കപ്പെട്ട ചടങ്ങിൽ തനി വിഡ്ഢിയായി ചിത്രീകരിക്കപ്പെട്ട് സ്വയം പൊങ്ങി താരങ്ങളായി നടിക്കുന്ന ചില മിമിക്രി മാക്രികളുടെ അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നു എന്നത് തികച്ചും ലജ്ജാവാഹമാണ്. ഇത്രയൊക്കെ പരിഹസിക്കാൻ സന്തോഷ് പണ്ഡിറ്റ് ചെയ്ത അപരാധം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അൽപം നിലവാരം കുറഞ്ഞ സിനിമയാണ് അദ്ദേഹം ചെയ്തത് എന്നത് ഒരു വസ്തുതയാണ് (ഭൂരിഭാഗം അഭിപ്രായം). പക്ഷെ അതൊരു കുറ്റമല്ല. സിനിമക്ക് നിലവാരം വേണമെന്നുള്ളത് പ്രേക്ഷകന്റെ ആവശ്യമാണ്. എന്ന് വച്ച് സിനിമ എടുക്കുന്നവന് നിലവാരമളക്കാനുള്ള സ്‌കെയിൽ ഒന്നും ആരും കൊടുത്തിട്ടില്ല. അദ്ദേഹത്തിന് തനിക്ക് തോന്നുന്ന സിനിമയെടുക്കാം. അല്ലെങ്കിൽ തന്നെ നിലവാരമൊക്കെ ആസ്വാദകരുടെ ആസ്വാദനത്തിന്റെ അളവിനേയും വ്യക്തികളുടെ വ്യക്തി താൽപര്യങ്ങളേയും അനുസരിച്ചായിരിക്കും . വൻ സാമ്പത്തിക വിജയം നേടിയ പ്രേമവും ദൃശ്യവും ചാർളിയുമൊക്കെ നിലവാരമില്ലാത്ത സിനിമകളാണെന്ന് നിരൂപിച്ചവരുണ്ട്. സന്തോഷ് പണ്ഡിറ്റ് സിനിമകൾക്ക് നിലവാരമുണ്ടെന്ന് വാദിച്ചവരുമുണ്ട്. അത്‌കൊണ്ട് നിലവാരം ഒരിക്കലും ഒരു മാനദണ്ഡമേ അല്ല. അത് ജനങ്ങൾക്കനുസരിച്ച് അഭിരുചിക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. പിന്നെ പറഞ്ഞത് സന്തോഷ് പണ്ഡിറ്റിന് അഭിനയിക്കാൻ അറിയില്ലെന്നാണ് അദ്ദേഹം കാണിക്കുന്നത് കോമാളിത്തരമാണത്രെ. ആ കോമാളിത്തരം കാണാനാണ് ജനങ്ങൾ ടിക്കറ്റെടുത്ത് സിനിമ കാണുന്നത് പോലും.

എല്ലാ സിനിമകളും പ്രേക്ഷകർ കാണുന്നത് രസിക്കാൻ വേണ്ടിയാണ്. ആ രസച്ചരടിൽ ഒരുപാട് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. തമാശ, പാട്ട്, കോപ്രായം, കോമാളിത്തരം, പ്രേമം, അടി, പിടി, രതി, തുടങ്ങി ആസ്വാദനത്തിന്റെ പല തരങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ കോമാളിത്തരങ്ങളും രസിക്കുന്നവരുണ്ട്. ലേഖകൻ ഒരു സന്തോഷ് പണ്ഡിറ്റ് ഫാനൊന്നുമല്ല. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം വീടും സ്ഥലവും പണയം വച്ച് കിട്ടിയ പൈസക്ക് സിനിമ
ചെയ്ത് ഒരു സൂപ്പർ താരങ്ങളോ അവരുടെ സംഘടനയുടെ അടിക്കുറിപ്പോ ഇല്ലാതെ പുതുമുഖങ്ങളെ മാത്രം അണി നിരത്തി പടമിറക്കി ലാഭമുണ്ടാക്കിയ സന്തോഷ് പണ്ഡിറ്റിനെ ആരൊക്കെ പൊട്ടനെന്നു വിളിച്ചാലും എനിക്കങ്ങനെ വിളിക്കാൻ തോന്നുന്നില്ല. നിലവാരമില്ലാത്ത സിനിമകളെടുത്തു അദ്ദേഹം ജനങ്ങളെ പറ്റിക്കുകയാണെന്നു ഒരു മിമിക്രി താരം പറയുന്നത് കേട്ടു. അദ്ദേഹത്തിന്റെ സിനിമ ഇഷ്ടമുള്ളവർ കണ്ടാൽ മതി. ആരെയും പുള്ളി ബ്രെയിൻ വാഷ് ചെയ്യുന്നില്ലല്ലോ?. മറ്റു നടന്മാരെ പോലെ പബ്ലിസിറ്റിയും കൊടുക്കുന്നില്ല. പിന്നെ വമ്പൻ ഹൈപ്പും പ്രതീക്ഷയും കൊടുത്ത് ജനങ്ങളുടെ താരാരാധനയെയും സിനിമാസ്വാദനത്തേയും ചൂഷണം ചെയ്ത് പണം വാരുന്ന ഒരുപാട് സിനിമകൾ ജനങ്ങളെ പച്ചക്ക് പറ്റിക്കുന്നുണ്ട്. അതൊക്കെ വച്ച് നോക്കിയാൽ സന്തോഷ് പണ്ഡിറ്റ് നൂറു വട്ടം നല്ലവനും വിശ്വസ്തനുമാണ്. അദ്ദേഹം ജനങ്ങളെ പറ്റിക്കുന്നില്ല ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നുണ്ട്. കിട്ടുന്ന സമ്പാദ്യം ഒരു പരിധി വരെ പാവങ്ങൾക്ക് കൊടുക്കുന്നുമുണ്ട്.

പൊതുവേദിയിൽ പ്രേക്ഷകരുടെ മുന്നിൽ വച്ച് ഒരു ചാനൽ എം ഡി കൂടി പങ്കെടുക്കുന്ന പരിപാടിയിൽ അദ്ദേഹത്തെ അധിക്ഷേപിച്ചത് സാക്ഷരത കേരളത്തിന്
പൊറുക്കാനോ മറക്കാനോ കഴിയില്ല. ഞാൻ നൂറു ശതമാനം പൂർണനാണെങ്കിൽ എനിക്ക് വേറൊരാളെ കുറ്റം പറയാൻ അവകാശമുണ്ട്. ഇവിടെ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയവർ മിമിക്രിക്കാരനാണെന്നു അറിയുന്നത് തന്നെ ആ പരിപാടി കണ്ടപ്പപ്പോഴാണ്. ഒരു ചാൻസ് പോലും സിനിമയിൽ കിട്ടാതെ തെക്കു വടക്കു നടക്കുന്ന മാക്രി മിമിക്രിക്കാർക്ക് ഇത്ര അഹങ്കാരം പാടില്ല. പിന്നെ മറ്റുള്ളവനെ പൊട്ടനെന്ന് വിളിക്കുന്നവൻ അയാളെ അങ്ങനെ വിളിക്കാനുള്ള എന്ത് യോഗ്യതയാണ് തനിക്കുള്ളതെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒന്നുമാകാത്തവന് വല്ലതുമൊക്കെ ആയവരോട് തോന്നുന്ന ഒരു തരം അസുഖമുണ്ട്. മലയാളികളുടെ ദേശീയ വൈകൃതമാണിത്. വിമർശനങ്ങൾ ആരെയും മുറിപ്പെടുത്താനുള്ള ലൈസൻസ് ആയി കാണരുത്. സാമാന്യ ഭാഷയിൽ ന്യായമായ രീതിയിൽ ആർക്കും ആരെയും വിമർശിക്കാം. അത് അനുവദനീയമാണ്. കുടുംബ ജീവിതം വരെ താറുമാറായിട്ടും സിനിമയോടുള്ള അഭിനിവേശത്തിന്റെ പുറത്ത് തനിക്ക് നേരെ പാഞ്ഞ് വരുന്ന വിമർശനങ്ങളെ ഒരു ചെറു പുഞ്ചിരിയോടെ ചിരിച്ചു തള്ളുന്ന സന്തോഷ് പണ്ഡിറ്റിന്റെ ശ്ലാഖനീയമായ പ്രവർത്തിയെ അഭിനന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലും നാം ശ്രദ്ധിക്കണം.