കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിനായകനെ സോഷ്യൽ മീഡിയ അഭിനന്ദനം കൊണ്ട് മൂടുകയാണ്. ഇതിനിടെയാണ് ചില സവർണ വാദികൾക്ക് ഈ പുരസ്‌ക്കാരം ദഹിക്കാതെ പോകുന്നത്. ഇക്കൂട്ടർ അതുകൊണ്ട് തന്നെ വിനായകൻ അവാർഡിന് അർഹനല്ലെന്ന വാദമാണ് ഉന്നയിക്കുന്നത്. അവാർഡിന് വിനായകൻ അർഹനല്ലെന്ന കണ്ടെത്തലുമായാണ് പ്രമുഖ സാഹിത്യകാരി കെആർ ഇന്ദിര രംഗത്തെത്തിയിരിക്കുന്നത്. കമ്മട്ടിപ്പാടം വളരെ മോശം ചിത്രമാണെന്നുമുണ്ട് ഇന്ദിരയുടെ അഭിപ്രായപ്പെട്ടത്.

കമ്മട്ടിപ്പാടം പകുതി കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയയാളാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദിരയുടെ പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ടിവിയിൽ മുഴുവൻ കണ്ടുവെന്നും, വിനായകന് അവാർഡ് കൊടുത്തത് എന്തിനാണ് എന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്നും ഇന്ദിര അഭിപ്രായപ്പെട്ടു. പ്രധാന കഥാപാത്രമായ കൃഷ്ണനെ അവതരിപ്പിച്ച ദുൽഖർ നന്നായി നടിച്ചിട്ടില്ല. എന്നുവെച്ച് വല്ലപ്പോഴും ഒന്ന് മുഖംകാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാർഡ് കൊടുക്കേണ്ട കാര്യമൊന്നും താൻ കണ്ടില്ലെന്നും ഇന്ദിര പറയുന്നു. സവർണ്ണർ-അവർണ്ണർ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം എന്ന് ഈ അവാർഡിനെ മനസ്സിലാക്കുന്നുവെന്നുമാണ് അവർ പറയുന്നത്.

ഇന്ദിരയുടെ പോസ്റ്റ് പൂർണരൂപത്തിൽ

കമ്മട്ടിപ്പാടം പകുതി കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയ ഞാൻ ഇന്നലെ ടി വിയിൽ അത് മുഴുവൻ കണ്ടു.വിനായകന് അവാർഡ് കൊടുത്തത് എന്തിനാണ് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പ്രധാന കഥാപാത്രം കൃഷ്ണൻ. കൃഷ്ണനെ അവതരിപ്പിച്ച ദുൽഖർ നന്നായി നടിച്ചിട്ടില്ല.എന്ന് വെച്ച് വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാർഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാൻ കണ്ടില്ല. സവർണ്ണർ ,അവർണ്ണർ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം എന്ന് ഈ അവാർഡിനെ ഞാൻ മനസ്സിലാക്കുന്നു .ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാണ്.

അതേസമയം പോസ്റ്റിനെതിരെ ശക്തമായ വിമർശനമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്. 'ഒരു സവർണരാഷ്ട്രീയ തമ്പുരാട്ടിയെ പകുതിക്ക് വെച്ച് തീയറ്ററിൽ നിന്ന് ഇറക്കാൻ കഴിഞ്ഞുവെന്നതാണ് ആ സിനിമയുടെ വിജയ'മെന്നാണ് എഴുത്തുകാരനായ അശോകൻ ചെരുവിൽ പ്രതികരിച്ചത്. അതേസമയം, വിനായകന്റെ നിറമാണോ പ്രശ്നമെന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തുന്നു. സ്ത്രൈണകാമസൂത്രം, ഇല്ലംനിറ തുടങ്ങിയ പുസ്തകങ്ങളിലൂടെ ശ്രദ്ധേയയായ സാഹിത്യകാരിയാണ് തൃത്താലസ്വദേശിയായ കെആർ ഇന്ദിര.