ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരായ കോൺഗ്രസിന്റെ വിമർശനത്തിനെതിരെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ദരിദ്രർക്കുവേണ്ടി നടപടികൾ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് അവർ രാജ്യസഭയിൽ പറഞ്ഞു.

80 കോടി ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും എട്ട് കോടി പേർക്ക് സൗജന്യ പാചകവാതകവും കർഷകർ, സ്ത്രീകൾ എന്നിവരുൾപ്പെടെ 40 കോടി പേർക്ക് നേരിട്ട് ആനുകൂല്യങ്ങൾ പണമായും നൽകിയതായി ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയിൽ 1.67 കോടി വീടുകൾ പൂർത്തിയായെന്നും ഇത് ധനികർക്കായാണോ നിർമ്മിച്ചതെന്നും ധനമന്ത്രി ചോദിച്ചു.

മഹാമാരിക്ക് ശേഷമുള്ള സമ്പദ് വ്യവസ്ഥ ലോകമെമ്പാടും പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തെ നേരിടാൻ ശക്തമായ ഉത്തേജനം നൽകാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ഹ്രസ്വകാല പരിഹാരങ്ങൾക്കൊപ്പം ദീർഘകാല സുസ്ഥിര വളർച്ചയും സർക്കാർ ലക്ഷ്യമിടുന്നുവെന്നും നിർമലാ സീതാരാമൻ പറഞ്ഞു.