തിരുവനന്തപുരം: ശുചിത്വഭാരത പ്രചാരണത്തിന്റെ ഭാഗമാകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണത്തെ അഭിമാനത്തോടെയാണ് ശശി തരൂർ കാണുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. താൻ ബിജെപി യുമായി അടുക്കുന്നതായും ക്ഷണം സ്വീകരിച്ചതിൽ കോൺഗ്രസിന് ദേഷ്യമുണ്ടെന്നുമുള്ള വ്യാഖ്യാനങ്ങളിൽ കഴമ്പില്ലെന്നും ശശി തരൂരും വിശദീകരിച്ചു. പക്ഷേ ഇതൊന്നും കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നില്ല. തരൂരിനെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ് കെപിസിസിയും പ്രസിഡന്റ് വി എം. സുധീരനും.

പ്രധാനമന്ത്രി ക്ഷണിച്ചതുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങൾ വിവാദത്തിന് ശ്രമിച്ചു. രാജ്യത്തിനുവേണ്ടിയുള്ള ഒരു പദ്ധതിയുടെ ഭാഗമാകാൻ പ്രധാനമന്ത്രിയിൽനിന്ന് ക്ഷണം ലഭിക്കുന്നത് എത് ഇന്ത്യക്കാരനാണ് ബഹുമതിയായി കാണാത്തത് ? ഇതാണ് തരൂരിന്റെ നിലപാട്. എന്നാൽ മണിശങ്കർ അയ്യർക്ക് ഈ വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല. ശുചിത്വ ഭാരത്തിനായുള്ള വെല്ലുവിളി പ്രധാനമന്ത്രി തനിക്കെതിരെ ഉയർത്താതിൽ അഭിമാനിക്കുകയാണ് മണി ശങ്കർ അയ്യർ. ഇതിലും കടുത്ത അഭിപ്രായമാണ് ശശി തരൂരിന്റെ നിലപാടിനോട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഉയർത്തുന്നത്.

മോദിയെ തരൂർ പുകഴ്‌ത്തുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കി. കോൺഗ്രസുകാരാണ് തരൂരിനെ എംപിയാക്കിയത്. അത് തരൂർ ഓർക്കണം. മോദിയെ പുകഴ്‌ത്തുന്നതിൽ പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. നേതാക്കളുമായി ആലോചിച്ച് അച്ചടക്ക നടപടിയിൽ തീരുമാനമെടുക്കുമെന്നും സുധീരൻ വ്യക്തമാക്കി. മോദിയുടെ രാഷ്ട്രീയം മനസ്സിലാക്കാതെയാണ് ശുചിത്വ വെല്ലുവിളി തരൂർ ഏറ്റെടുത്തതെന്ന പൊതു വികാരമാണ്  മറ്റ് നേതാക്കളും ഉയർത്തുന്നത്.

തരൂരിന്റെ നിലപാടിനോട് കെപിസിസിക്ക് വിയോജിപ്പുണ്ടെന്ന് വൈസ് പ്രസിഡന്റ് എം എം ഹസ്സനും വ്യക്തമാക്കി. പ്രധാനമന്ത്രിയെ തരൂർ പുകഴ്‌ത്തിയത് ശരിയായില്ലെന്ന് ഹസ്സൻ വ്യക്തമാക്കി. കമൽഹാസന്റെ അഭിപ്രായമെങ്കിലും ശശി തരൂർ പ്രകടിപ്പിക്കണമെന്നായിരുന്നു ഹസ്സിന്റെ നിലപാട്. തരൂരിന്റെ നിലപാട് കോൺഗ്രസ് നയങ്ങൾക്ക് ചേർന്നതല്ലെന്നും ഹസ്സിൻ വ്യക്തമാക്കി. എന്നാൽ താൻ ബിജെപി അനുകൂലിയെന്ന ആരോപണം തെറ്റാണെന്ന് തരൂരും ആവർത്തിക്കുന്നു.

ഗാന്ധിജിയുടെ സ്വപ്‌നങ്ങൾ തകർക്കുന്ന പദ്ധതിയിൽ എന്തിന് പങ്കാളിയാകുന്നുവെന്നാണ് തരൂരിനോട് മണിശങ്കർ അയ്യർ ഉർത്തുന്ന ചോദ്യം. പഞ്ചായത്ത് രാജിന്റെ അടിസ്ഥാന ശിലകളെ പ്രധാനമന്ത്രിയുടെ പദ്ധതി തകർക്കുന്നുവെന്നാണ് മണി ശങ്കർ അയ്യറുടെ അഭിപ്രായം. വികേന്ദ്രീകൃത ഭരണമാണ് ഗാന്ധിജി വിഭാവനം ചെയ്തത്. ഈ അടിസ്ഥാന തത്വം പോലും മറന്നാണ് ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛ് ഭാരതം പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നാണ് അയ്യറുടെ നിലപാട്. ഒരു പക്ഷേ ശശി തരൂരിന് മോദിയുടെ വെല്ലുവിളി അഭിമാനമുണ്ടാക്കിയേക്കം. പക്ഷേ എനിക്ക് ഗാന്ധിജി ഉയർത്തിയ അടിസ്ഥാന തത്വത്തെ ലംഘിക്കുന്ന പദ്ധയിലേക്ക് പ്രധാനമന്ത്രി ക്ഷണിക്കാത്തതാണ് അഭിമാനം ഉയർത്തിയത്. പഞ്ചായത്തുകളേയും ഗ്രാമസഭകളേയും കൊണ്ടു വേണം ശുചീകരണ പദ്ധതികൾ പ്രവാർത്തികമാക്കേണ്ടത്മണി ശങ്കർ അയ്യർ വിശദീകരിക്കുന്നു.

പഞ്ചായത്തുകളെ മറന്നുകൊണ്ട് മോദി ശുചിത്വ പദ്ധതി പ്രഖ്യാപിച്ചത് വേണ്ടത്ര പഠനങ്ങളില്ലാതെയാണ്. താഴെക്കിടയിലെ ആളുകൾക്ക് ടോയിലറ്റുകളില്ലാത്തതാണ് രാജ്യം നേരിടുന്ന വലിയ ശുചീകരണ വെല്ലുവിളി. ഇതിന് പരിഹാരം കാണാൻ ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടക്കുന്ന പ്രവർത്തനത്തിലൂടെ ആവില്ല. മുൻവിധികളിലൂടെ യാഥാർത്ഥ്യങ്ങളെ വിസ്മരിച്ചാകും അവർ പദ്ധതികൾ നടപ്പാക്കുക. അതുകൊണ്ട് തന്നെ അവ ഫലം കാണില്ലെന്നാണ് മണി ശങ്കർ അയ്യറുടെ വിമർശനം.

ശശി തരൂരിന്റെ നിലപാടിനെ കോൺഗ്രസ് നേതാവ് എം. ലിജുവും പരസ്യമായി തള്ളിപ്പറഞ്ഞു. മോദിയുടെ വർഗ്ഗീയ അജണ്ടയുടെ ഭാഗമാവുകയാണ് തരൂരെന്നാണ് ലിജുവന്റെ വിമർശനം. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമാകാനുള്ള തരൂരിന്റെ  പ്രധാനമന്ത്രിയെ തരൂർ പുകഴ്‌ത്തിയത് ശരിയായില്ലെന്ന് ലിജു പറയുന്നു. പ്രശ്‌നം എ.ഐസിസിയുടേയും കെ.പി.സിസിയുടേയും ശ്രദ്ധയിൽ കൊണ്ടു വരുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി കഴിഞ്ഞു.

എന്നാൽ വിമർശനങ്ങൾ കഴമ്പില്ലാത്തതാണെന്ന് ശശി തരൂർ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ത്യയെ ശുചിത്വമാക്കുക എന്നത് തന്റെ പ്രവർത്തന ലക്ഷ്യമാണ്. അതിലുപരി പ്രധാനമന്ത്രിയുമായി ഒരു ബന്ധവുമില്ല. ബിജെപി സർക്കാരിനെതിരായ അഭിപ്രായങ്ങൾ തുടരുമെന്നും തരൂർ വ്യക്തമാക്കി.