തൃശ്ശൂർ: രണ്ട് കൊല്ലം മുമ്പ് പ്രളയകാലത്ത് കേരളത്തിലെ പ്രമുഖ ചാനൽ 'ചീങ്കണ്ണി'യെ പിടികൂടിയിരുന്നു. അതു പിന്നീട് ഗുജറാത്തിലെ ചീങ്കണ്ണിയാണെന്ന് തെളിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം വീഡിയോകളെ സംശത്തോടെ മാത്രമേ മലയാളി കാണുകയുള്ളൂ. ഇതിനിടയിലാണ് പ്രളയവാർത്തകൾപ്പൊപ്പം രംഗം കൊഴുപ്പിക്കാൻ കിട്ടുന്നതെന്തും വാർത്തയാക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് അന്നുണ്ടായത്. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് തേനാക്കുഴിയിൽ തോട്ടിൽ നിന്ന് ചീങ്കണ്ണിയെ നാട്ടുകാർ പിടികൂടിയെന്ന് ഒരു ചാനൽ വാർത്ത നൽകിയത്. വാട്‌സ് ആപ്പിൽ കഴിഞ്ഞ കുറേ ദിവസമായി കിടന്ന് കറങ്ങുന്ന ഒരു വീഡിയോ അതെപ്പോൾ.. എവിടെ നടന്നുവെന്നൊന്നും ആലോചിക്കാതെ ചാനൽ റിപ്പോർട്ടർ എടുത്ത് വാർത്തയാക്കുകയായിരുന്നു.

എന്നാൽ ഇന്ന് കേരളത്തിൽ കണ്ടത് ഒർജിനലായിരുന്നു. ഇതാണ് ചർച്ചയാകുന്നത്. പതിവുപോലെ പുലർച്ച അഞ്ചുമണിക്ക് ഉണർന്ന് കണ്ണുതിരുമ്മികൊണ്ട് തച്ചിയത്ത് ഷാജൻ വീടിന്റെ വാതിൽ തുറന്നു. പക്ഷേ പതിവിന് വിപരീതമായി വീട്ട് മുറ്റത്ത് വരാന്തയിൽ ഷാജനെയും കാത്തെന്നപോലെ മുന്നിലെത്തിയത് ചീങ്കണ്ണി. അപ്രതീക്ഷിത അതിഥിയെ കണ്ട് പേടിച്ച് ഷാജൻ ഓടി വീട്ടിൽ കയറി വാതിലടച്ചു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തൃശ്ശൂരിൽ ആതിരപ്പിള്ളി പുഴയുടെ സമീപമാണ് ഷാജന്റെ വീട്.

വനം വകുപ്പ് ഉടൻ തന്നെ ഷാജന്റെ വീട്ടിലെത്തിയെങ്കിലും ചീങ്കണ്ണി കാട്ടിലേക്ക് മടങ്ങാൻ തയ്യാറായില്ല. ഒന്നര മണിക്കൂറോളം പരിശ്രമിച്ചിട്ടും ചീങ്കണ്ണി പിന്നോട്ടെടുത്തില്ല. ഒടുവിൽ വനംവകുപ്പ് നാട്ടുകാരെ കൂടെ കൂട്ടി ബന്ധിച്ചാണ് തിരികെ പുഴയിലേക്ക് അയച്ചത്. ഇതോടെ വീണ്ടും ചീങ്കണ്ണി കേരളത്തിൽ ചർച്ചയാകുകയാണ്. ഈ മേഖലയിലെ പുഴകളിൽ നിരവധി ചീങ്കണ്ണികളുണ്ടെന്നാണ് സൂചന. പിടികൂടിയ ചീങ്കണ്ണിയെ കെട്ടി വലിച്ചു കൊണ്ടു പോകുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ വൈറലാണ്.

മുമ്പ് പ്രമുഖ ചാനൽ പ്രളയത്തിനിടയ്ക്ക് രസകരമായ ഒരു കാഴ്ച കൂടി പ്രേക്ഷകർക്ക് തങ്ങൾ നൽകുന്നുവെന്ന അവതാരകരുടെ വാക്കുകൾക്ക് ശേഷമാണ് ബാലുശ്ശേരിയിലെ മുതലപിടുത്തത്തിന്റെ വീഡിയോ വരുന്നത്. തോട്ടിൽ നിന്ന് ആളുകൾ ചേർന്ന് മുതലയെ വലിച്ചുകയറ്റുന്ന ദൃശ്യമായിരുന്നു അത്. കയറ് കെട്ടിയാണ് വലിച്ചുകയറ്റുന്നത്. മുതല ഇപ്പോൾ അവിടെ തന്നെയുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടേ അതിനെ അവിടെ നിന്ന് മാറ്റുകയുള്ളുവെന്നെല്ലാം റിപ്പോർട്ടർ ആധികാരികമായി റിപ്പോർട്ട് ചെയ്തു. മാത്രമല്ല പ്രേക്ഷകർക്ക് റിപ്പോർട്ടറുടെ വക ഉപദേശവുമുണ്ട്. അവിടെ വെള്ളമെങ്ങിനെയാണ് എന്നറിയില്ല. പലയിടത്തും മണ്ണിടിച്ചിലുമുണ്ട്. ഇതിനിടയിലാണ് നാട്ടിൻപുറത്ത് സാധാരണ കാണാത്ത ഇത്തരം ജീവികൾ കൂടി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് എല്ലാവരും നല്ല പോലെ ശ്രദ്ധിക്കണമെന്നെല്ലാം റിപ്പോർട്ടർ ഉപദേശിച്ചു. ഇത് പിന്നീട് കള്ളമായിരുന്നുവെന്ന് തെളിഞ്ഞു.

ചാനലിൽ വാർത്ത വരികയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതിനെ തുടർന്ന് മുതലയെ കാണാൻ തേനാക്കുഴിയിലേക്ക് ആളുകളും ഒഴുകിയെത്തി. തങ്ങളൊന്നും അറിയാതെ ഇവിടെ മുതലയോ എന്നായിരുന്നു വന്നവരോട് നാട്ടുകാരുടെ ചോദ്യം. പെരുവണ്ണാമൂഴിയിൽ നിന്നും മഴവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയതാണ് മുതലയെന്ന പ്രചാരണം ശക്തമായതോടെ പല സ്ഥലങ്ങളിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് ഉൾപ്പെടെ ആളുകളുടെ വിളിയെത്തി. പ്രളയത്തിനിടയ്ക്ക് പ്രേക്ഷകർക്ക് തങ്ങളൊരു കൗതുക വാർത്ത അവതരിപ്പിക്കുന്നുവെന്ന മുഖവുരയോടെ സ്വകാര്യ ചാനൽ തേനാക്കുഴിയിലെ മുതലപിടുത്തം വീഡിയോ സഹിതം അവതരിപ്പിക്കുകയായിരുന്നു. ഏതാണ്ട് ഒന്നര വർഷം മുമ്പായിരുന്നു ഇത്.

വാട്‌സ് ആപ്പ് വീഡിയോകൾ വിശ്വാസ യോഗ്യമല്ലെങ്കിലും ചാനലിൽ വന്നതോടെ ആളുകൾ വാർത്ത സത്യമാണെന്ന് ഉറപ്പിച്ചു. മഴവെള്ളപ്പാച്ചിലിൽ ഇത്തരം ജീവികൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉൾപ്പെടെ ചാനൽ നൽകിയിരുന്നു. വാർത്ത വ്യാജമാണെന്ന് വ്യക്തമായതോടെ ചാനലിനെ പരിഹസിച്ചുകൊണ്ട് ആളുകളും രംഗത്തെത്തിയിരുന്നു.