നുഷ്യരെപ്പോലെ മൃഗങ്ങൾക്കും ദുർമന്ത്രവാദികളെ പേടിയാണോ? ചുട്ട കോഴിയെ പറപ്പിക്കുന്നവരാണ് ദുർമന്ത്രവാദികളെന്നല്ലേ കേട്ടിരിക്കുന്നത്. എന്നാലിതാ, കൊന്ന മുതലയെക്കൊണ്ട് മൃതദേഹം തിരിച്ചെത്തിക്കുന്ന മന്ത്രവാദിയെ കാണുക. ഇൻഡോനേഷ്യയിലെ ബെറാവുവിലാണ് ഈ അത്ഭുത സിദ്ധിപ്രകടനം.

കുളിക്കാൻ ലെംപാക്ക് പുഴയിലിറങ്ങിയ 41-കാരനായ സ്യാരിഫുദീനെ മുതലപിടിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം ചൊവ്വാഴ്ച വൈകിക്ക് പുഴയിലിറങ്ങിയ ഇയാളെ മുതല കടിച്ചുകൊന്നു. സുഹൃത്തുക്കളും ബന്ധുക്കളും രാത്രിമുഴുവൻ തിരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇതോടെയാണ് ഗ്രാമവാസികൾ സ്ഥലത്തെ ദുർമന്ത്രവാദിയെ വിവരമറിയിച്ചത്.

മുതലയെപ്പിടിക്കുന്നതിൽ വിദഗ്ധനായ ഈ ദുർമന്ത്രവാദി പുഴയ്കക്കരികിലെത്തുകയും മന്ത്രം ചൊല്ലുകയും ചെയ്തു. ഏറെ വൈകാതെ സ്യാരിഫുദീന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. സ്യാരിഫുദീനെ ജീവനോടെ തിരിച്ചെത്തിക്കാനായിരുന്നു മന്ത്രവാദിയുടെ ആജ്ഞ. മുതല മൃതദേഹം തിരിച്ചുകൊണ്ടുവന്നതാണെന്നാണ് മന്ത്രവാദിയും നാട്ടുകാരും അവകാശപ്പെടുന്നത്.

മുതല സ്യാരിഫുദീന്റെ മൃതദേഹവുമായി കരയിലേക്ക് വരുന്നത് വീഡിയോയിൽ കാണാം. കരയ്ക്കടുത്ത് എത്താറാറായപ്പോൾ മൃതദേഹം ഉപേക്ഷിച്ച് മുതല പോവുകയും ചെയ്തു. താൻ സ്യാരിഫുദീനെ ഭക്ഷിച്ചിട്ടില്ലെന്ന് കാണിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും മന്ത്രവാദിയുടെ ആജ്ഞയനുസരിച്ചാണിതെന്നും നാട്ടുകാർ പറയുന്നു.

ലാംപെക് പുഴയിൽ നഗ്നനായി കുളിക്കാനിറങ്ങിയാൽ മുതല പിടിക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. വസ്ത്രമണിഞ്ഞുകൊണ്ടാണ് കുളിക്കുന്നതെങ്കിൽ കുഴപ്പമില്ല. ഈ നിയമം തെറ്റിച്ചതുകൊണ്ടാണ് സ്യാരിഫുദീനെ മുതല പിടിച്ചതെന്നും നാട്ടുകാർ പറയുന്നു. സ്യാരിഫുദീന്റെ മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തിയത്.