മനാമ: രാജ്യത്ത് നിന്നും ലൈസൻസുള്ള ടാക്‌സികൾക്ക് കോസ്വേ വഴി സൗദിയിലേക്ക് സർവ്വീസ് നടത്തുന്ന കാര്യം പരിഗണനയിലെന്ന് സൂചന.നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് ലൈസൻസുള്ള ടാക്‌സികൾക്ക് കിങ് ഫഹദ് കോസ്വേ കടക്കാൻ അനുമതി നല്കണമെന്നാണ് നിർദ്ദേശം ഉയരുന്നത്.

മുൻ എംപികൂടിയായ അബ്ദുൽഹക്കീം അൽ ഷെമ്മാരിയാണ്, ലൈസൻസുള്ള ടാകസികൾക്ക് ഉപഭോക്താക്കളെ കോസ്വേക്ക് അപ്പുറമത്തെിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച നിർദ്ദേശം കോസ്വേ അധികൃതർ മുമ്പാകെ സമർപ്പിച്ചിരിക്കുന്നത്.

പല ടാക്‌സികളും ബഹ്‌റൈൻ അതിർത്തി വരെ പോയി അവിടെ യാത്രക്കാരെ ഇറക്കുന്നത് നിത്യസംഭവമാണ്. പിന്നീട് അവർ മറ്റ് യാത്രക്കാരോട് ലിഫ്റ്റ് ചോദിക്കുന്നതും അനധികൃത ടാക്‌സി കിട്ടാൻ പ്രയാസപ്പെടുന്നതും കാണാം. രാത്രിയോ പകലോ എന്ന വിത്യാസമില്ലാ തെയാണ് കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരെ അതിർത്തിയിൽ ഇറക്കി വിടുന്നത്. ഈ അവസ്ഥക്ക് പരിഹാരം കാണണമെന്നാണ് അദ്ദേഹം പറയുന്നത്. കോസ്വെയിലെ ബഹ്‌റൈനി അധികൃതർ മുമ്പാകെയും ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്.

നിലവിൽ അംഗീകൃത ടാക്‌സികൾ തങ്ങളുടെ ഉപഭോക്താക്കളുമായി അതിർത്തി കടന്നാൽ, അവിടെ മറ്റൊരു കാർ യാത്രക്കാരെ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇത് കോസ്വേ നിലവിൽ വന്ന കാലത്ത് രൂപം നൽകിയ നിയമം ആണെന്നും ഇത് മാറ്റേണ്ടതുണ്ട് എന്നുമാണ് പുതിയ നിർദ്ദേശം. കോസ്വേ സ്വതന്ത്രവും കാര്യക്ഷമവുമായി പ്രവർത്തിക്കുന്ന സാഹചര്യ ത്തിൽ, നിയമപരമായി പ്രവർത്തിക്കുന്ന ടാക്‌സികളെ ഇരുവശത്തേക്കും അനുവദിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്