- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തുവും?
ക്രിസ്തു ഇല്ലാത്ത കുരിശ് ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തുവും ഉത്തരാധുനികതയുടെ മതാനുഭാവത്തിന്റെ ഇരുണ്ട മുഖങ്ങളാണ്. യേശുക്രിസ്തു ആര് എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തി ഇല്ല. മറിച്ചു യേശുക്രിസ്തു എവിടെ എന്നതാണ് ആധുനിക കാലഘട്ടത്തിൽ പ്രസക്തമായ അന്വേഷണം നടക്കേണ്ടത്. ക്രൈസ്തവസഭയിൽ യേശുക്രിസ്തു ഉണ്ടോ? ക്രിസ്ത്യാനികൾക
ക്രിസ്തു ഇല്ലാത്ത കുരിശ്
ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തുവും ഉത്തരാധുനികതയുടെ മതാനുഭാവത്തിന്റെ ഇരുണ്ട മുഖങ്ങളാണ്. യേശുക്രിസ്തു ആര് എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തി ഇല്ല. മറിച്ചു യേശുക്രിസ്തു എവിടെ എന്നതാണ് ആധുനിക കാലഘട്ടത്തിൽ പ്രസക്തമായ അന്വേഷണം നടക്കേണ്ടത്. ക്രൈസ്തവസഭയിൽ യേശുക്രിസ്തു ഉണ്ടോ? ക്രിസ്ത്യാനികൾക്ക് യേശുക്രിസ്തുവിനെ ലോകത്തിനു കാട്ടികൊടുക്കുവാൻ സാധിക്കുന്നുണ്ടോ?
പോസ്റ്റ് മോഡേൺ കാലത്താണ് ഇന്നിന്റെ സമൂഹം ജീവിക്കുന്നത് എന്ന് അഭിമാനിക്കുമ്പോൾ ഒരുവശത്ത് ലോകം ഇന്ന് അത്യാധുനികതയുടെ ഭാവങ്ങൾ സ്വാംശീകരിച്ചുകൊണ്ട് മുന്നേറ്റത്തിനായി കുതിച്ചു പായുന്നു. മറുവശത്ത് കനിവിന്റെ കണിക അല്പം പോലുമില്ലാതെ തന്റെ സഹോദരന്റെ കഴുത്തറുത്തുകൊല്ലുന്ന വീഡിയൊകൾ കണ്ട് രസിക്കുന്ന മതഭ്രാന്ത് ലോകമനസാക്ഷിയെത്തന്നെ ലജ്ജിപ്പിക്കുന്നു. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി, അല്ല സ്വന്തം മതത്തിന് വേണ്ടി ചാവേറാകാൻ മടിക്കാത്ത മനസുകൾ. അനേകരെ കൊന്നുകൊണ്ട് തന്റെ ജീവിതം അവസാനിപ്പിക്കാൻ പരിശീലിപ്പിക്കുന്ന മതതീവ്രവാദം ക്രിസ്തു ഇല്ലാത്ത കുരിശാണ്. മതവൈരത്തിന്റെയും മതതീവ്രവാദഭ്രാന്തിന്റെയും ഭാഗമായി ലോകത്തെങ്ങും പെരുകിവരുന്ന മനുഷ്യന്റെ കാടത്തവും ഹിംസയും ആധുനികലോകം നേരിടുന്ന ഒരു മാരകരോഗമായി വളർന്നു കൊണ്ടിരിക്കുന്നു. അക്രമവും വർഗീയതയും കൂട്ടകൊലയും എവിടെ നടന്നാലും എതിർക്കപ്പെടേണ്ടതാണ്. സ്വന്തം മതവിഭാഗം മറ്റുമതക്കാരെ കൂട്ടകൊലനടത്തിയാൽ അതിനെ അഭിമാനത്തോടെ കണ്ട് രസിക്കുന്ന മതങ്ങൾ യഥാർത്ഥത്തിൽ മതമാണോ? ഇത് ക്രിസ്തു ഇല്ലാത്ത കുരിശിന്റെ ഭാവങ്ങളാണ്.
ലോകത്തിലെ അതിപുരാതന മതങ്ങളിലൊന്നായ ക്രിസ്തീയസമൂഹത്തെ ഇറാക്കിൽ നിന്നും ഉന്മൂലനം ചെയ്തിരിക്കുന്നു എന്ന് ഒരു മത വിഭാഗത്തിനു അഭിമാനിക്കാം. തോക്കിന്മുനയിൽ നിർത്തി മതം മാറ്റിയും കൂട്ടകുരുതിയിലൂടെയും, രാജ്യത്തുനിന്നും ആട്ടിയോടിച്ചും, കൂട്ടവംശഹത്യ നടത്തിയും കൊണ്ട് ലോകമനസാക്ഷിക്ക് മുന്നിൽ മതഭീകരത സംഹാരതാണ്ഡവമാടുന്നു. ഇതര മതവിഭാഗത്തിലെ സഹോദരനെ കൊല്ലുന്നതിലൂടെ പുണ്യം ലഭിക്കും എന്ന് പഠിപ്പിക്കുന്നത് കാടത്തമാണ്. അത് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതമല്ല. ഒരു പതിറ്റാണ്ടായി നിലനില്ക്കുന്ന ആഭ്യന്തര യുദ്ധങ്ങളിൽ ഇറാക്കിലെ ക്രിസ്ത്യാനികളിൽ 13.5ലക്ഷം പേരും ഇല്ലാതായി, സുസംഘടിതവും ആസൂത്രിതവുമായ വർഗ്ഗീയ ഉന്മൂലനം. നീതികിട്ടാത്ത ഹത ഭാഗ്യരും, ലോകത്തിനും മനുഷ്യർക്കും രക്ഷപെടുത്താൻ കഴിയാത്ത പാവങ്ങളും ദുർബലരുമാണ് മറ്റുള്ളവരുടെ കൈകളാൽ മരണപ്പെടുന്നത്. ഇറാക്കിലെ ആദ്യ മതവും ജനവിഭാഗവും ആയിരുന്നു ഈ ക്രിസ്ത്യാനികൾ. ലോകത്തിലെ ആദിമ ക്രൈസ്തവ സമൂഹത്തിൽ ഒന്നായിരുന്ന ഇവർ ഉന്മൂലനം ചെയ്യപ്പെട്ടത് ക്രിസ്തുവിൽ വിശ്വസിക്കുകയും, ക്രിസ്ത്യാനികൾ ആയതിനാലും മാത്രം ആയിരുന്നു. യേശുക്രിസ്തുവിനുവേണ്ടിയും താൻ വിശ്വസിക്കുന്ന മതത്തിനുവേണ്ടിയും കൊല്ലപ്പെടാനല്ല ഒരു മനുഷ്യൻ ഈ പ്രപഞ്ചത്തിൽ ജനിക്കുന്നതും ജീവിക്കുന്നതും. യേശുക്രിസ്തുവിനായി ജീവിക്കണമെന്ന മഹത്തായ സന്ദേശമണ് വി.വേദപുസ്തകം പഠിപ്പിക്കുന്നത്. ജീവൻ നിലനിർത്താനും ജീവിക്കാനും ഉള്ള അവകാശം അമ്മയുടെ ഉദരത്തിൽ മനുഷ്യൻ ജന്മമെടുക്കുന്ന ആദ്യ നിമിഷത്തിൽ തന്നെ ആരംഭിക്കുന്നു.
വിശ്വാസത്തിനും മതത്തിനും വേണ്ടി മിണ്ടാപ്രാണികളേപോലെ കൊലചെയ്യപ്പെട്ട അതിദാരുണകൊലപാതകങ്ങൾക്ക് സാക്ഷികളായി ലോകക്രൈസ്തവസമൂഹം പ്രജ്ഞയറ്റവരെ പോലെ മൗനമായി നില്ക്കുന്നു. ഇറാക്കിലെ ഈ ജനവിഭാഗം ക്രിസ്ത്യാനികൾ അല്ലായിരുന്നെങ്കിൽ അവർക്കും അവരുടെ സന്തതിപരമ്പരകൾക്കും ഇന്നും ഈ പ്രപഞ്ചത്തിൽ ജീവിക്കാമായിരുന്നു. മരണത്തിൽനിന്നും രക്ഷപെടുവാൻ വേണ്ടിയും തങ്ങളുടെ ജീവൻ നിലനിർത്താൻ വേണ്ടിയും ഒരു വംശാവലിയെ കൂട്ടകുരുതിയിൽനിന്നും രക്ഷിക്കാൻ ലോക ക്രൈസ്തവസമൂഹം എന്ത് ചെയ്തു എന്ന ചോദ്യത്തിന് എന്താണ് ഉത്തരം? ഇറാക്കിലെ ക്രിസ്ത്യാനികൾക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്നും അല്ലാത്തവർക്ക് ആ രാജ്യം വിട്ടാൽ സംരക്ഷണം നല്കുമെന്ന് ഉറപ്പുനൽകുവാൻ എന്തുകൊണ്ട് ലോകക്രൈസ്തവ സമൂഹങ്ങൾക്ക് സാധിച്ചില്ല? ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനൊ എന്ന ചോദ്യത്തിന് ഇനിയെങ്കിലും ഉത്തരം കണ്ടെത്തണം.
കുരിശില്ലാത്ത ക്രിസ്തു
മുട്ടുള്ളവന് മുട്ടുവേദന ഉണ്ടാകും, തലയുള്ളവന് തലവേദന ഉണ്ടാകും, നടു ഉള്ളവന് നടുവേദന ഉണ്ടാകും. അത് ഉണ്ടാകണം. ഇത് പ്രപഞ്ചസത്യമാണ്. രോഗങ്ങളും, ദുഃഖങ്ങളും തടസങ്ങളും, പ്രയാസങ്ങളും ജീവിതത്തിന്റെ ഭാഗമാണ് എന്ന് പഠിപ്പിക്കുവാൻ ഉത്തരാധുനിക ആത്മീയതക്ക് കഴിയുന്നില്ല. അങ്ങനെ പഠിപ്പിച്ചാൽ തങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാകും. ഇവ മാറുന്നതാണ് ആത്മീയത (Spiritualtiy) എന്ന് പഠിപ്പിക്കുന്നു. ആത്മീയത ഇന്ന് പൊതുവേ വിപണിയിൽ ഏറെ പ്രിയമുള്ള വിഷയമായി മാറിക്കഴിഞ്ഞു. ആത്മീയത എന്ന പേരിൽ ലഭിക്കുന്നതാകട്ടെ മിക്കപ്പോഴും പ്രച്ഛന്ന വർഗീയതയോ ഒക്കെ ആയിരിക്കുകയും ചെയ്യും. പ്രോസ്പിരിറ്റി ഗോസ്പൽ (അഭിവയോധികിയിലധിഷ്ടിതമായ ആത്മീയ അനുഭവം) ഇവിടെ ദൈവത്തെ വൈന്റിങ് മിഷൻ ആക്കി രൂപഭേതം വരുത്തിയിരിക്കുന്നു. ആവശ്യപ്പെടുന്നതെന്തും ലഭ്യമാക്കുന്ന ആത്മീയതയുടെ മൊത്ത വിതരണക്കാർ. ജീവിതം ആഘോഷമാക്കുക എന്നതാണ് ഇക്കൂട്ടരുടെ പ്രഖ്യാപിത ലക്ഷ്യം. വില്പനച്ചരക്കാകുന്ന ആത്മീയതയുടെ പുതുപുത്തൻ ഭാവങ്ങൾ. ആത്മീയത ഇന്ന് പൊതുവിപണിയിൽ ഏറെ പ്രിയമുള്ള വിഷയമായി മാറിക്കഴിഞ്ഞു. ആത്മീയതയുടെ പേരിൽ ലഭിക്കുന്നതാകട്ടെ മിക്കപ്പോഴും പ്രച്ഛന്നവേഷധാരിയായ വർഗീയതയോ, ചൂഷണദാഹിയായ രക്തരക്ഷസോ ഒക്കെ ആയിമാറുന്ന രംഗനൃത്തമാണ് നാം ഇന്ന്കണ്ടു കൊണ്ടിരിക്കുന്നത്. ചങ്ങലകളില്ലാത്ത ആത്മീയ ലോകത്തിന്റെ വിഹായസ്സിലേക്ക് സ്വതന്ത്രരാകുവാനാണ് ചില മതാനുഭവത്തിന്റെ പരമമായലക്ഷ്യം. മുതൽ മുടക്കില്ലാതെ കെട്ടിപ്പടുക്കാവുന്ന ബിസിനസ് സാംമ്രാജ്യമായി മാറിയിരിക്കുന്നു ഉത്തരാധുനികതയിലെ ആത്മീയകച്ചവടസംരംഭങ്ങൾ.
പ്രയാസങ്ങളിലൂടെയും, വ്യാധികളിലൂടെയും, സാമ്പത്തിക തകർച്ചകളിലൂടെയും, ശിഥിലമായി കൊണ്ടിരിക്കുന്ന കുടുംബാന്തരീക്ഷങ്ങളിൽ മനംമടുത്ത് നട്ടംതിരിയുന്ന പാവം മനുഷ്യൻ, അവനറിയാതെ തന്നെ ഇത്തരത്തിലുള്ള മോഹവലയങ്ങളിൽ അകപ്പെട്ട് ചൂഷണത്തിന് വിധേയരാകുന്നു എന്നതാണ് സത്യം. തന്റെ തന്നെ സത്വത്തിലുള്ള ആത്മീയ ചൈതന്യത്തെ കണ്ടെത്താനാകാത്തവൻ, വേഗത്തിൽ സ്വന്തംകാര്യം നിറവേറ്റാനായി കുറുക്കു വഴി അന്വേഷിക്കുമ്പോൾ, ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെ മോഹവലയത്തിലകപ്പെടുന്നു. ഗുരുക്കന്മാരുടെയും, ദിവ്യന്മാരുടെയും, തിരുമേനിമാരുടെയും, മുല്ലമാരുടെയും, ഉപദേശിമാരുടെയും, അമ്മമാരുടെയും കാൽക്കീഴിൽ അഭയംതേടുന്ന പാവം മലയാളിമനസ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു. ഭക്തിയുടെ പേരിൽ നടക്കുന്ന വൻകിടതട്ടിപ്പ് മാർക്കറ്റിങ് എന്നല്ലാതെ ഇതിനെ എന്തുപറയാൻ.
കൺസേർട്ടുകളായി മാറുന്ന പുത്തൻ ആത്മീയത
കൺസേർട്ടുകളായി മൊഴിമാറ്റം ചെയ്യപ്പെട്ട ആധുനിക ആത്മീയത. ഇളക്കങ്ങളും, ബഹളങ്ങളും മറിച്ചിടലുകളും എല്ലാം ചേർന്നത്. മാസ്മരികതയുടെ ലഹരി കെട്ടടങ്ങുമ്പോൾ പാവം വിശ്വാസി എന്തിനോ വേണ്ടി പരക്കംപായുന്നു. അനുദിനം മാറിമറിയുന്ന അത്യാധുനിക ലൈഫ്‌സ്‌റൈലിന്റെ പുത്തൻ പ്രവണതകൾ തന്ത്രപരമായി പ്രയോജനപ്പെടുത്തിക്കൊണ്ടാണു ഇത്തരത്തിലുള്ള തിന്മയുടെ ശക്തികൾ പടർന്ന് പന്തലിക്കുന്നത്. ആരാധാസങ്കേതങ്ങൾ സ്ഥാപിച്ച് അതിലേക്ക് ആളെ കൂട്ടുന്ന പ്രവർത്തനങ്ങളേക്കാൾ അത്യാധുനിക വാർത്താവിനിമയ സംവിധാനങ്ങൾ കൗശലപൂർവം ഉപയോഗിച്ച് ആശയപ്രചാരണം നടത്തുന്നതിനാണ് ഇത്തരം സംഘടിത സംഘങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കടുത്ത ദൈവവിശ്വാസികളെന്നു അഭിമാനിക്കപ്പെടുന്നവർക്കുപോലും ഇത്തരം തന്ത്രങ്ങളെ മസിലാക്കുവാനൊ, ഒഴിവാക്കുവാനൊ സാധിക്കാതെ വരുന്നു. സ്വാർഥതയെയും, ജഡികാഭിലാഷങ്ങളെയും ആഘോഷിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന വിശ്വാസപ്രമാണമാണ് ഇത്തരം സംഘടനകൾ അനുയായികൾക്കും സമൂഹത്തിനും നല്കുന്ന സന്ദേശം.
ആശ്രമം, മഠം, ഗുരു, വെളിപാട്, സിദ്ധി, ദിവ്യദൃഷ്ടി, ആത്മീയാനുഭൂതി, മായ, ചാരിറ്റി, രോഗസൗഖ്യം, അത്ഭുതപ്രവർത്തനങ്ങൾ, മാനസാന്തരം എന്നൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ കാര്യം നേടാൻ പോകുന്നു എന്ന മട്ടിൽ ജനം തെറ്റിദ്ധരിക്കപ്പെടുന്നു. മതരാഷ്ട്രീയ ശക്തികളുടെ പിൻബലം കൂടി ഉണ്ടാകുമ്പോൾ, വിമർശിക്കാൻ പോലും ആവാത്തവിധത്തിൽ കാര്യങ്ങൾ കൊണ്ടെത്തിക്കും. കപടആത്മീയതയുടെ വക്താക്കളായി ചിലരെങ്കിലും അവർക്ക് കുടപിടിക്കുവാൻ ബാദ്ധ്യസ്ഥരാകും. ഇവിടെ ആത്മീയവാണിഭം നടത്തുന്ന വെള്ളതേച്ച ശവക്കല്ലറകളായി മതപ്രസ്ഥാനങ്ങൾ മാറുന്നു. എന്ത് തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളും നടത്താവുന്ന രീതിയിലാണ് ആധുനിക മതപ്രസ്ഥാനങ്ങൾ. കൊലപാതകങ്ങളും പീഡനങ്ങളും ബലാത്സംഗങ്ങളും അവിടെ തുടർക്കഥകളാകുന്നു. ആത്മീയതയുടെ അവസാനവാക്കാണ് താനെന്ന് കാണിക്കാൻവേണ്ടി സ്വന്തം മാതാപിതാക്കളെ കൊണ്ടുപോലും പാദപൂജ ചെയ്യിപ്പിച്ച് ആധുനിക കാലഘട്ടത്തിലെ ആൾദൈവങ്ങൾ തങ്ങളുടെ മാർക്കറ്റിങ് തന്ത്രം നന്നായി വിറ്റഴിക്കുന്നു. ആത്മീയതയുടെ മറവിൽ എന്ത് കച്ചവടവും നടത്താം എന്ന അവസ്ഥ സംജാതമായിരിക്കുന്നു. കലിയുഗത്തിന്റെ സന്തതികളായ ആൾ ദൈവങ്ങളുടെ പുറകിൽ നടന്നാൽ ആത്മീയജ്ഞാനമോ മോക്ഷമോ ലഭിക്കില്ല എന്നുറപ്പ്. എല്ലാം മതത്തിന്റെ പേരിൽ? ആത്മീയതയുടെ പേരിൽ?
യേശു ക്രിസ്തു പഠിപ്പിച്ചതും കാണിച്ചു തന്നതും കഷ്ടതകളെ നേരിടുവാനുള്ള ധൈര്യമാണ്. അവൻ കാൽവരിയിലെ മരണത്തോളം അനുസരണയുള്ളവനായി പീഡാനുഭവത്തിന്റെ കൈപ്പുനീർ അനുഭവിച്ചറിഞ്ഞു. പരാജയം രുചിച്ചറിഞ്ഞവരിൽ ഏറ്റവും മുൻപന്തിയിലാണ് യേശു ക്രിസ്തു. ഇന്ന് പരാജയം എന്നത് നമ്മുടെ നിഘണ്ടുവിൽ ഇല്ല. പരീക്ഷകൾ നിരവധി... സാത്താന്റെ പരീക്ഷകൾ... പ്രലോഭനങ്ങൾ.... ഒറ്റപ്പെടുത്തലുകൾ കള്ളപ്പാനെപ്പോലെ പിടിക്കപ്പെട്ടു ..രാജ്യദ്രോഹി എന്ന് മുദ്രകുത്തി കോടതിയിൽ കേസിൽ പ്രതിയാക്കി. ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവായി പ്രതികൂട്ടിൽ പടയാളികളുടെ പരിഹാസം..കാർക്കിച്ചു തുപ്പൽ.... ചാട്ടവാറടി .. കരണത്തടി...കർമ്മം ഒത്തിരി ചെയ്തു.... പ്രതിഫലം ഇത്തിരിപ്പോലും ഇല്ല... നൊന്തു പെറ്റ അമ്മയുടെ മുൻപിലൂടെ നിസംഗായി കുരിശും ചുമന്നുകൊണ്ടു നടന്നു നീങ്ങേണ്ടി വന്നു. സ്വന്തം മകനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ദയനീയ രംഗം കണ്ടു നിൽക്കേണ്ട ഒരമ്മയുടെ മാനസിക പീഡ എത്രമാത്രം? സർവവും കൈവിട്ടുപോയ അനുഭവം'എന്റെ ദൈവമേ .. എന്റെ ദൈവമേ.. നീ എന്നെ കൈവിട്ടതെന്തു ? ദാഹിക്കുന്ന ഏവരുമേ എന്റെ അടുക്കൽ വരുവിൻ എന്ന് പറഞ്ഞവൻ ' എനിക്ക് ദാഹിക്കുന്നു' എന്ന് വിലപിക്കുന്നു .. ലോകരക്ഷകൻ നഗ്‌നനായി ലോകത്തിന്റെ നെറുകയിൽ ..തിരു വിലാവ് കുന്തത്താൽ ചിന്തപ്പെട്ടു. നെറ്റിത്തടങ്ങൾ മുൾമുടിയുടെ ക്രൂരമായ മുനകളാൽ മുറിയപ്പെട്ടു. ചാട്ടവാറടികളാൽ ദേഹം വരയപ്പെട്ടു. എല്ലാം താൻ സഹിച്ചു.. പൊറുത്തു ..'ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കയിൽ ഇവരോട് ക്ഷമിക്കേണമേ..'യേശു ക്രിസ്തുവിന്റെ പീഡാനുഭവം ഒരു വ്യക്തിയിൽ ഒതുങ്ങുന്നില്ല. ഹാബേൽ മുതൽ ഇന്നുവരെ ആരൊക്കെ പീഡിപ്പിക്കപ്പെടുന്നുവോ..? തിരസ്‌കരിക്കപ്പെടുന്നുവോ..? അവരിലൂടെയെല്ലാം ക്രിസ്തു ഇന്നും പീഡിപ്പിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. സ്വയം വെറുമയാക്കപ്പെട്ട കർത്താവ് ഇതെല്ലാം വഹിച്ചതു ആർക്കു വേണ്ടി? മനുഷ കുലത്തിന്റെ വീണ്ടെടുപ്പിനായി. ഇന്നിന്റെ പരാജയത്തിൽ നാം അസ്വസ്ഥരാകരുത്. തിരസ്‌കരണം ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവരാലും വെറുക്കപ്പെടും. ഒന്നും ഇല്ലാത്തവായി ഈ ലോകത്തിലേക്ക് വന്നു. ഇന്ന് സ്വന്തമെന്നു അഭിമാനത്തോടെ പറയുന്നതൊന്നും നിന്റേതല്ല.