- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമാ സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റ് സിനിമകളുടെ മാസ്റ്റർ; പ്രേക്ഷകർക്ക് രസിക്കുന്ന സിനിമ നല്ല സിനിമ സിദ്ധാന്തത്തിൽ മണി സാക്ഷാത്കരിച്ചത് അമ്പതോളം ചിത്രങ്ങൾ

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല സംവിധായകരിൽ പ്രമുഖനായ ക്രോസ്‌ബെൽറ്റ് മണി (കെ.വേലായുധൻ നായർ- 86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
ബഹുമുഖ പ്രതിഭയായിരുന്നു ക്രോസ് ബെൽറ്റ് മണി. അമ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളുടെ ഛായാഗ്രഹകനായും പ്രവർത്തിച്ചു. 1967-ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത ആദ്യ സിനിമ. 1970ൽ പുറത്തിറങ്ങിയ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെയാണ് പ്രശസ്തനാകുന്നത്. എൻ.എൻ പിള്ളയുടെ ഇതേ പേരിലുള്ള നാടകമാണ് സിനിമയാക്കിയത്. സാമ്പത്തികമായി സിനിമ വിജയിച്ചതോടെ മണി ക്രോസ്‌ബെൽറ്റ് മണിയായി. കെ.വേലായുധൻ നായർ എന്നാണ് യഥാർഥ പേര്. ആക്ഷൻ ചിത്രങ്ങളിലൂടെയാണ് ക്രോസ് ബെൽറ്റ് മണി സിനിമയിൽ കൂടുതൽ പേരെടുത്തത്.
തിരുവനന്തപുരം വലിയശാലയിൽ കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22നായിരുന്നു ജനനം. ഭാര്യ: വള്ളി. മക്കൾ: രൂപ (ഗൾഫ്), സിനിമാ സംവിധായകനായ കൃഷ്ണകുമാർ. മരുമക്കൾ: അശോക് കുമാർ (ഗൾഫ്), ശിവപ്രിയ.
ഫോട്ടോഗ്രാഫിയിലുള്ള താൽപര്യമാണ് വേലായുധൻ നായരെ സിനിമയിൽ എത്തിച്ചത്. 1956 മുതൽ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങൾ പഠിക്കുന്നത് ഇവിടെനിന്നാണ്. 1961-ൽ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാൽപ്പാടുകളിലൂടെ സ്വതന്ത്ര ക്യാമറാമാനായി. യേശുദാസ് അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ഇത്.
പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികൾ സിനിമയാക്കാനാണ് ആദ്യ കാലത്ത് ക്രോസ്ബെൽറ്റ് മണി ശ്രദ്ധിച്ചിരുന്നത്. പിന്നീട് ആക്ഷൻ സിനിമകളിലേക്ക് ചുവട് മാറ്റി. സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുക ഒരു ഹരമായിരുന്നു ക്രോസ്ബെൽറ്റ് മണിക്ക്.
കാണികൾക്ക് രസിക്കുന്ന സിനിമയാണ് നല്ല സിനിമയെന്നതായിരുന്നു മണിയുടെ സിദ്ധാന്തം. എ-ക്ലാസിലും ബി-ക്ലാസിലും സി-ക്ലാസിലും ഓടുന്ന സിനിമയാണ് മണിയുടെ ക്യാമറ കണ്ടതും കാഴ്ചക്കാർക്കായി പകർത്തിയതും.


