ചാലക്കുടി : കോവിഡ് ഭീതി മാറിത്തുടങ്ങിയ കേരളം സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ നാടെങ്ങും പെരുന്നാളിനും കല്യാണങ്ങൾക്കും തടിച്ചു കൂടുന്നത് നൂറുകണക്കിനാളുകൾ. സർക്കാർ ഇപ്പോഴും കോവിഡ് നിയന്ത്രണങ്ങൾക്കു കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ആൾക്കൂട്ടം എവിടെയും ദൃശ്യമാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇരിഞ്ഞാലക്കുട രൂപതയിലെ മൂന്നുമുറി പള്ളിയിൽ നടന്ന തിരുന്നാൾ ചടങ്ങുകൾ.

അമ്പു തിരുന്നാൾ എന്ന പേരിൽ പ്രസിദ്ധമായ ഇവിടെ തിരുന്നാൾ ചടങ്ങുകളിലും അമ്പു പ്രദക്ഷിണത്തിലും ആയിരത്തിലേറെ പേരുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാർ പറയുന്നു. മറ്റത്തൂർ പഞ്ചായത്ത് ഓഫിസിന്റെ വിളിപ്പാടകലെയുള്ള പള്ളിയിലാണ് സകല കോവിഡ് പെരുമാറ്റ ചട്ട ലംഘനത്തോടെ നാട്ടുകാർ തടിച്ചു കൂടിയത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം നടന്ന തിരുരങ്ങാടി നേർച്ച പെരുന്നാളിലും ആനയും അമ്പാരിയും അടക്കമുള്ള പെരുന്നാൾ ഘോഷയാത്രയിലും നൂറുകണക്കിന് ജനങ്ങൾ തടിച്ചു കൂടിയ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയാണ്.

മികച്ച ദീപാലംകൃതമായ പള്ളിയും മുത്തുക്കുടകളൂം വാദ്യപകരണങ്ങളും ബാൻഡ് മേളവും ഒക്കെയായി തൃശൂർ ജില്ലയിലെ തന്നെ പ്രസിദ്ധമായ തിരുനാളാണ് മൂന്നുമുറി സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിലേത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിന്റെ അവധിയിൽ നടത്തപ്പെടുന്നു എന്ന കാരണത്താലും വലിയ ജനക്കൂട്ടമാണ് ഇവിടെ തിരുന്നാളിന് എത്തുക. ഇത്തവണയും അതിനു മാറ്റം ഇല്ലാതെ തിരുന്നാൾ ആഘോഷിച്ചതോടെയാണ് കോവിഡ് ഇനിയും നിയന്ത്രണത്തിൽ ആകാത്ത സാഹചര്യത്തിൽ പെരുന്നാൾ നടത്തിപ്പിന് മുൻകൈ എടുത്തവർക്കെതിരെ ചോദ്യമുയർത്തി സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത. തിരുന്നാൾ ഘോഷയാത്ര വിവിധ സ്ഥലങ്ങളിൽ കൂടി കടന്നു പോകുന്ന വെത്യസ്ത വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എന്നാൽ തങ്ങളുടെ നാട്ടിലെ പള്ളി പെരുന്നാൾ ആഘോഷപൂർവം നടന്ന സന്തോഷം നാട്ടുകാർ പ്രവാസികൾക്ക് എത്തിച്ചപ്പോൾ തീർത്തും വ്യത്യസ്തമായ പ്രതികരണമാണ് അവർ നടത്തിയിരിക്കുന്നത്. തങ്ങളിൽ ഒരാൾ നാട്ടിലെത്തിയാൽ ഏഴു ദിവസം നിർബന്ധ ക്വാറന്റീനും പിന്നീട് ആവശ്യം വന്നാൽ വീണ്ടും ക്വറന്റീനും ഉള്ള നാട്ടിൽ നാട്ടുകാർ സ്വാതന്ത്ര്യത്തോടെയും സകല ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിൽ എന്ത് നീതിയും എന്ത് കോവിഡ് മാനദണ്ഡവും ആണെന്നാണ് പ്രവാസികളെ അസ്വസ്ഥരാക്കുന്നത്.

ബ്രിട്ടനിൽ നിന്നെത്തുന്ന പ്രവാസി ആണെങ്കിൽ രണ്ടാഴ്ച ക്വറന്റീൻ ആണെന്നതാണ് നിലവിലെ പ്രോട്ടോകോൾ. ഈ സാഹചര്യത്തിൽ കോവിഡ് നിയന്ത്രണത്തിൽ ആകുംവരെ ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നതാണ് നാടെങ്ങും പെരുന്നാളും തിരുന്നാളും ഉത്സവങ്ങളും അരങ്ങിൽ നിറയുന്നതിലൂടെ തെളിയിക്കപ്പെടുന്നത് .

അതിനിടയിൽ ഇന്ത്യയിലെ കോവിഡ് രോഗികളിൽ പാതിയും കേരളത്തിൽ ആണെന്ന കണക്കുകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ പെരുന്നാൾ നടന്ന മറ്റത്തൂർ പഞ്ചായത്തിൽ നിലവിൽ 1284 കോവിഡ് രോഗികൾ ആണുള്ളത്. ഇവിടെ ഇതുവരെ നാലു രോഗികൾ മരിച്ചിട്ടുണ്ട് . ഇപ്പോഴും 63 രോഗികൾ ചികിത്സയിൽ ഉണ്ടെന്നും മറ്റത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് വെളിപ്പെടുത്തുന്നു . ആശുപത്രി ചികിത്സയിൽ 11 പേരെ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 207 പേരെ നിരീക്ഷണത്തിലാക്കിയ പഞ്ചായത്തിലാണ് പെരുന്നാൾ പൊടിപൊടിച്ചിരിക്കുന്നത് . ഇതോടെ വരും ദിവസ ങ്ങളിൽ കൂടുതൽ രോഗികൾ ഉണ്ടാകാനുള്ള സാധ്യതയാണ് പഞ്ചായത്ത് അഭിമുഖീകരിക്കുന്നത് . മാത്രമല്ല അമ്പു പെരുന്നാളിൽ നിന്നും പ്രചോദനം നേടി അനേകം മറ്റു ഉത്സവങ്ങളും പെരുന്നാളും യാഥാർഥ്യമാകുന്നതോടെ മറ്റത്തൂർ കോവിഡ് എപിസെന്റർ ആകാനുള്ള സാധ്യതയും കുറവല്ല .