കോൽക്കത്ത: റോസ് വാലി ചിട്ടി തട്ടിപ്പു കേസിൽ ത്രിണമൂൽ കോൺഗ്രസ് എംപി സുദീപ് ബന്ധോപാധ്യായയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം കോൽക്കത്തയിലെ ബിജെപി ഹെഡ്ക്വാട്ടേഴ്‌സ് ആക്രമിച്ചു. ഇതിനെത്തുടർന്ന് ബിജെപി ഓഫീസിന്റെ സംരക്ഷണത്തിനായി അർധസൈനിക വിഭാഗമായ സിആർപിഎഫിനെ നിയോഗിച്ചു.

പ്രകടനവുമായി എത്തിയ തൃണമൂൽ പ്രവർത്തകർ ഓഫീസിലേക്ക് കല്ലെറിയുകയും അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമികൾ തകർത്തു. കല്ലേറിൽ പതിനഞ്ചോളം പേർക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

പാർട്ടി ഓഫീസിന് കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്ന് ബിജെപി നേതാക്കൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബംഗാളിൽ ക്രമസമാധനം പൂർണമായും തകർന്നിരിക്കുകയാണെന്നും ത്രിണമൂൽ കോൺഗ്രസിന്റെ കേഡർ ആയിട്ടാണു പൊലീസ് പ്രവർത്തിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി സിദ്ദാർത്ഥ് നാഥ് സിങ് ആരോപിച്ചു.

അതിനിടെ സുദീപ് ബന്ദോപാധ്യായയുടെ അറസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമതാ ബാനർജി രംഗത്തെത്തി. നോട്ട് ബന്ധനത്തിന് പിന്നാലെ തൃണമൂൽ ബന്ധനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കുന്നതെന്ന് അവർ ആരോപിച്ചു. നോട്ട് നിരോധനത്തിനെതിരെ തൃണമൂൽ കോൺഗ്രസ്സ് നടത്തിയ പോരാട്ടങ്ങളെത്തുടർന്നാണ് ഈ വേട്ടയാടലെന്നും അവർ കുറ്റപ്പെടുത്തി.

15,000 കോടി രൂപയുടെ റോസ് വാലി ചിട്ടി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ടാണ് സുധീപ് ബന്ധോപാധ്യായയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഒരു തൃണമൂൽ നേതാവുകൂടി അറസ്റ്റിലായത് മമതാ ബാനർജിക്ക് കനത്ത പ്രഹരമാണുണ്ടാക്കിയിരിക്കുന്നതെന്നു രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു.

റോസ് വാലി ചിട്ടി ഫണ്ട് അഴിമതിയിൽ അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ തൃണമൂൽ കോൺഗ്രസ് എംപിയാണ് സുധീപ് ബന്ധോപധ്യായ. നേരത്തെ തപസ് പാലാണ് കഴിഞ്ഞയാഴ്ച അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് അറസ്റ്റെന്ന് മമതാ ബാനർജി അന്ന് ആരോപിച്ചിരുന്നു.

സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ രാവിലെ 10.55 ഓടെയാണ് ബന്ധോപധ്യായ ഹാജരായത്. റോസ് വാലി ഗ്രൂപ്പുമായും അതിന്റെ സ്ഥാപകൻ ഗൗതം കുണ്ടുവുമായുമുള്ള ബന്ധത്തെയും പശ്ചാത്തലമാക്കിയാണ് സിബിഐ ബന്ധോപധ്യായയെ ചോദ്യം ചെയ്തത്. തുടർന്നായിരുന്നു അറസ്റ്റ്.

തൃണമൂൽ നേതാക്കളുടെ അറസ്റ്റിനെ തുടർന്ന് അടിയന്തര യോഗം പാർട്ടി വിളിച്ചിട്ടുണ്ട്. അടുത്ത ദിവസം മുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് പാർട്ടി തീരുമാനം. ബുധനാഴ്‌ച്ച 2.30ന് പാർലമെന്റിലെ ഇരു സഭകളിലും തൃണമൂൽ കോൺഗ്രസ്സ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. രാഷ്ട്രീയമായ പകപോക്കലിനും സാമ്പത്തിക അടിയന്തരാവസ്ഥയ്‌ക്കെതിരെയുമാണ് പ്രതിഷേധമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.