സൈനികർക്കെതിരെ തുടരെയുണ്ടാകുന്ന ആക്രമണങ്ങളുണ്ടാകുന്നുണ്ടെങ്കിലും തിരിച്ചടിക്കാൻ കഴിയാത്തതിന്റെ നിസഹായതയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ രൂക്ഷമായി വിമർശിച്ച് ഫേസ്‌ബുക്കിൽ സിആർപിഎഫ് ജവാന്റെ വീഡിയോ പോസ്റ്റ്. സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 25 സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ രോഷമറിയിച്ച് സിആർപിഎഫിന്റെ 221 ബറ്റാലിയനിലെ പങ്കജ് മിശ്രയെന്ന സൈനികനാണ് രാജ്നാഥിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പങ്കജ്മിശ്ര വീഡിയോ പോസ്റ്റിൽ പറയുന്നതിങ്ങനെ:

സുഖ്മ സന്ദർശിക്കാനായി ഡിജി സാഹിബും മറ്റുചില ഉദ്യോഗസ്ഥരും പദ്ധതിയിടുന്നതായി ഞാൻ കേട്ടു. അവിടെ പോയിട്ട് ഒരു കാര്യവുമില്ലെന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ 20-25 ബറ്റാലിയനെ അയച്ച് ഓപ്പറേഷൻ ആരംഭിക്കണം....രാജ്നാഥ് സിങ്ങ് ജിയോട് എനിക്കൊരു കാര്യം പറയാനുണ്ട്..താങ്കൾ ഒരു നല്ല രാഷ്ട്രീയ നേതാവായി മാറുന്നില്ല. താങ്ങളുടെ നേതൃത്വത്തിൽ സിആർപിഎഫ് ജവാന്മാർ രക്തസാക്ഷികളാകുകയാണ്. അമിത് ഷാ ഉൾപ്പെടെയുള്ള വിഐപി നേതാക്കൾക്ക് സുരക്ഷ നൽകുന്നത് സിആർപിഎഫ് ജവാന്മാർ ആണെന്ന കാര്യം എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ് നാഥ് സിങ് ജി, താങ്കൾക്കോ ബിജെപിക്കോ ഞങ്ങൾ വോട്ട് ചെയ്തിട്ടില്ലെന്ന് ഈ വേളയിൽ അറിയിക്കട്ടെ.

മോദിക്കാണ് ഞങ്ങൾ വോട്ട് ചെയ്തത്. ജവാന്മാരുടെ തല പാക്കിസ്ഥാൻ അറക്കുമ്പോൾ എവിടെയായിരുന്നു നിങ്ങൾ(പ്രതിരോധ വിദഗ്ദ്ധർ)?. പത്താൻകോട്ടിലെ വ്യോമതാവളം തീവ്രവാദികളാൽ ആക്രമിക്കപ്പെട്ടപ്പോഴും അവർ എവിടെയായിരുന്നു. എവിടെയാണ് നമ്മുടെ കുറവുകൾ ഉള്ളതെന്ന് താങ്കൾ അന്വേഷിക്കണം. സുഖ്മയിൽ പോയി സിആർപിഎഫ് ജവാന്മാരോട് സംസാരിക്കൂ. അവർ നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്ന് അപ്പോൾ അറിയാം. റോഡുകൾ നിർമ്മിക്കുമ്പോൾ അതിന്റെ ക്രെഡിറ്റെല്ലാം ഛത്തീസ്‌ഗഡ് സർക്കാർ കൊണ്ടുപോകുകയാണ്. പക്ഷെ ജവാന്മാർക്ക് അവരുടെ ജീവൻ ത്യജിക്കേണ്ടി വരുന്നു. രാജ്നാഥ് സിങ്ങ് ജി നിങ്ങൾക്ക് നാണമുണ്ടെങ്കിൽ സൈനികരുടെ മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കരുത്. അവരുടെ വീടുകൾ സന്ദർശിച്ച് ആദരവ് നൽകൂ.

അനീതിക്കെതിരെ ശബ്ദമുയർത്താൻ എല്ലാ സഹ ജവാന്മാരോടും പങ്കജ് മിശ്ര വീഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്. 'നമ്മൾക്കൊന്നും പേടിക്കാനില്ല.മരണത്തെ നിങ്ങൾ ഭയക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക, ഒരുദിനം നിങ്ങളെല്ലാവരും ഏതെങ്കിലും വിധേന മരിക്കും'- എന്ന് പറഞ്ഞാണ് മിശ്ര വാക്കുകൾ അവസാനിക്കുന്നത്.

നേരത്തെ പട്ടിണിയാണെന്ന് ആരോപിച്ച് തേജ് ബഹദൂർ യാദവ് എന്ന ബിഎസ്ഫ് ജവാൻ ഫേസ്‌ബുക്കിലിട്ട വീഡിയോ പോസ്റ്റ് വൈറലായിരുന്നു. ഇതേത്തുടർന്ന് അടുത്തിടെ തേജ് ബഹദൂറിനെ പിരിച്ചുവിടുകയും ചെയ്തു.