- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിപ്പെങ്ങൾക്കൊപ്പം എന്നും ഉണ്ടാവും ഈ ആങ്ങളമാർ; ജവാൻ ശൈലേന്ദ്ര സിങ് വിടവാങ്ങി എങ്കിലും മറക്കില്ല ഞങ്ങൾ; ഭീകരരുടെ വെടിയേറ്റ് വീരചരമം പ്രാപിച്ച സിആർപിഎഫ് ജവാന്റ സഹോദരിയുടെ വിവാഹത്തിൽ ആങ്ങളമാരായി ഒരു സംഘം ജവാന്മാർ; വീഡിയോ വൈറൽ
റായ്ബറേലി: അതൊരു അദ്ഭുത വരവായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വരവ്. മണ്ഡപത്തിലേക്ക് വധുവിനെ ആനയിക്കുന്ന സിആർപിഎഫ് ജവാന്മാർ. റായ്ബറേലിക്കാർ മാത്രമല്ല, വിവാഹ ചടങ്ങിന്റെ വീഡിയോ കാണുന്നവരുടെ എല്ലാം കണ്ണ് നിറഞ്ഞ് പോകും. കഴിഞ്ഞ വർഷം പുൽവാമയിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച ജവാൻ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരി ജ്യോതിയുടെ വിവാഹമായിരുന്നു. സഹോദരൻ ഇല്ലാത്ത കുറവ് ജ്യോതിയെ അറിയിക്കരുതല്ലോ. ആ കരുതലിന് മുന്നിൽ നമിക്കാതെ വയ്യ. ചടങ്ങിൽ സഹോദരൻ ചെയ്യേണ്ട കർമങ്ങളെല്ലാം ചെയ്തത് ഒരു സംഘം സിആർപിഎഫ് ജവാന്മാർ. സൈന്യം നൽകുന്ന കരുതലിലും സുരക്ഷാബോധത്തിലും നമസ്‌കരിച്ച് പോവുന്ന നിമിഷങ്ങൾ.
ചടങ്ങിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി. ജ്യോതിയെ സഹോദരന്റെ നഷ്ടം അറിയിക്കാതിരിക്കാൻ ജവാന്മാർ എത്തിയത് കുടുംബത്തിന് വലിയ ആശ്വാസമായി എന്ന് പറയാതെ വയ്യ. മണ്ഡപത്തിലേക്ക് വധുവിനെ ആനയിച്ചത് ജവാന്മാരായിരുന്നു. വധുവിനെ അനുഗ്രഹിച്ചത് കൂടാതെ സമ്മാനങ്ങളും നൽകി. ബറ്റാലിയനിലെ സൈനികരിൽ ഒരാൾ വിവാഹത്തെ കുറിച്ച് അറിയാനിട വന്നതോടെയാണ് വധുവിന് സർപ്രൈസ് ഒരുക്കിയത്. വീരചരമം പ്രാപിച്ച സൈനികന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്താൻ ബറ്റാലിയനിലെ എല്ലാവരും കൂടി തീരുമാനിക്കുകയായിരുന്നു.
സിആർപിഎഫിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും വിവാഹ ചിത്രങ്ങൾ ഷെയർ ചെയ്തു. 'മുതിർന്ന സഹോദരന്മാർ എന്ന് നിലയിൽ കോൺസ്റ്റബിൾ പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
These men walking with the bride are central reserve police force officers. The bride is the sister of late Shailendra Pratap Singh who was martyred in 2020. The marriage ceremony was solemnised in Rae Bareli, Uttar Pradesh
- Saurabh Sharma (@saurabhsherry) December 14, 2021
Vc #Faiz_Abbas pic.twitter.com/wnhQHBzB4e
പുൽവാമയിൽ ഭീകരാക്രമണത്തെ ചെറുത്ത് ധീരമായി പോരാടിയാണ് 110 ാം ബറ്റാലിയനിലെ കോൺസ്റ്റബിൽ ശൈലേന്ദ്ര പ്രതാപ് സിങ് പരമത്യാഗം ചെയ്തത്'- ഇതായിരുന്നു സിആർപിഎഫിന്റെ ട്വീറ്റ്. 'ഗോൺ ബട്ട് നോട്ട് ഫൊർഗോട്ടൺ' എന്ന ഹാഷ് ടാഗിലാണ് ട്വീറ്റ് ഷെയർ ചെയ്തത്.
സിആർപിഎഫിന്റെ കശ്മീർ ഓപ്‌സ് സെക്ടറും വിവാഹ ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തു. ശൈലേന്ദ്ര സിങ് സിആർപിഎഫിൽ ചേർന്നത് 2008 ലാണെന്നും അദ്ദേഹത്തിന്റെ കമ്പനി സോപോറിലായിരുന്നു എന്നും ട്വീറ്റിൽ പറയുന്നു. 'നമ്മുടെ രക്തസാക്ഷികളെ സല്യൂട്ട് ചെയ്യുന്നു. അവരുടെ കുടുംബങ്ങൾക്കൊപ്പം സിആർപിഎഫ്' എന്നും ഹിന്ദിയിലുള്ള ട്വീറ്റ്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ജവാന്മാരുടെ നല്ല മനസ്സിനെ പ്രശംസിക്കുന്നത്.
സംസ്‌കാര ചടങ്ങിലും ഒഴുകിയെത്തി ആയിരങ്ങൾ
കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് ശൈലേന്ദ്ര സിങ്ങിന്റെ ജീവനെടുത്ത ഭീകരാക്രമണം ഉണ്ടായത്. പാംപോറിലെ കണ്ടിസലിൽ ബൈപാസിൽ സിആർപിഎഫിന്റെ റോഡ് ഓപ്പണിങ് പാർട്ടിക്ക് നേരേ രണ്ട് മോട്ടോർ സൈക്കിളുകളിൽ എത്തിയ ലഷ്‌കറി തോയിബ ഭീകരർ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. ശൈലേന്ദ്ര സിങ്ങും കോൺസ്റ്റബിൾ ധീരേന്ദ്ര ത്രിപാഠിയും അന്ന് വീരചരമം പ്രാപിച്ചു. മറ്റ് മൂന്നു സൈനികർക്ക് ഗുരുതര പരിക്കേറ്റു.
ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ ഭൗതികദേഹം വീട്ടിൽ എത്തിച്ചപ്പോൾ വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തതത്. ഭാരത് മാത് കീ ജയ് വിളിച്ച് കൊണ്ട് മകൻ കുശാഗ്ര പിതാവിന് അവസാന സല്യൂട്ട് നൽകുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
നരേന്ദ്ര ബഹാദൂർ സിങ്ങ് സിയ ദുലാരി സിങ് എന്നിവരാണ് ശൈലേന്ദ്ര സിങ്ങിന്റെ മാതാപിതാക്കൾ. ഭാര്യ ചാന്ദ്‌നി. മകൻ കുശാഗ്ര. മൂന്ന് സഹോദരിമാർ: ഷീല, പ്രീതി, ജ്യോതി. രണ്ടുസഹോദരിമാരുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.
ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ പിതാവ് ബഹാദൂർ സിങ് പറഞ്ഞു:' എന്റെ മകൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. പക്ഷേ. എനിക്ക് ഇപ്പോൾ ഒരുപാട് മക്കളാണ്. സങ്കടത്തിലും സന്തോഷത്തിലും സിആർപിഎഫ് ജവാന്മാർ ഞങ്ങൾക്കൊപ്പമുണ്ട്'.
മറുനാടന് മലയാളി ബ്യൂറോ