- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമിക്രോൺ ഭീതിയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിടിഞ്ഞു; ഒപ്പെക്കിനെ മര്യാദ പഠിപ്പിക്കാനുള്ള ജോ ബൈഡന്റെ നീക്കവും ഭാഗിക വിജയം; ഒമിക്രോണും കരുതൽ ശേഖരം തുറന്ന അമേരിക്കയുടെ നടപടിയും ക്രൂഡ് വിപണിയിൽ ചാഞ്ചാട്ടത്തിന് കാരണമായി; വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ
മുംബൈ: അന്തർദേശീയ വിപണിയിൽ എണ്ണവില കുറയ്ക്കാൻ വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു ഇന്ത്യയും അമേരിക്കയും അടക്കമുള്ള ലോക രാജ്യങ്ങൾ. ഒപെക്ക് രാജ്യങ്ങളെ വരുതിയിൽ നിർത്തി വില കുറയ്ക്കാനുള്ള നീക്കമായിരുന്നു പെട്രോളിയം ഉപഭോക്തൃ രാജ്യങ്ങൾ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ പുറത്തെടുത്തു തുടങ്ങി ഇന്ത്യയും അമേരിക്കയും. അതേസമയം ലോകം വീണ്ടും കോവിഡ് വകഭേദമായ ഒമിക്രോൺ ഭീതിയിലും ആയതോട അന്തർദേശീയ വിപണിയിൽ ക്രൂഡ് ഓയിൽ വിജ ഇടിഞ്ഞിരിക്കയാണ്.
ഒരു മാസം മുമ്പ് ബാരലിന് 82.6 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില ഇപ്പോൾ 68.1 ഡോളറിലേക്ക് ഇടിഞ്ഞിരിക്കയാണ്. വിലയിൽ 14 ഡോളറിന്റെ മാറ്റമാണ് ഇക്കാലയളവിൽ ഉണ്ടായത്. എന്നിട്ടും വില കുറയ്ക്കാൻ ഇന്ത്യയിലെ എണ്ണക്കമ്പനികൾ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. അതിന് വേണ്ടിയുള്ള ശ്രമങ്ങളൊന്നും കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുമില്ല. ക്രൂഡ് ഓയിൽ വില വർധിക്കുമ്പോൾ എണ്ണവില ദിനംപ്രതി കൂട്ടുന്ന എണ്ണക്കമ്പനികൾ വിലക്കുറവ് കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് ആക്ഷേപം. വില കുറയ്ക്കാൻ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് എണ്ണക്കമ്പനികൾക്കു മേൽ സമ്മർദവുമില്ല.
ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോഴും നികുതി ഉയർത്തി പിടിച്ചു നിന്ന കേന്ദ്രസർക്കാർ ഇപ്പോഴും എണ്ണവിലയിലെ കുറവ് അനുഭവിക്കാൻ ഇന്ത്യക്കാർക്ക് അവസരം കൊടുക്കുന്നില്ല. ഇന്ത്യയിൽ പലയിടത്തും ഇപ്പോഴും നൂറിന് മുകളിലാണ പെട്രോളിന്റെ വില. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 103.97 രൂപയാണ് ശനിയാഴ്ചയിലെ വില. ഡീസലിന് 86.67 രൂപയുമാണ്. തിരുവനന്തപുരത്ത് 106.36രൂപയാണ് പെട്രോളിന്. ഡീസലിന് 93.47 രൂപയും. ഇന്ധനത്തിന് മേൽ ചുമത്തിയ എക്സൈസ് തീരുവ വെട്ടിക്കുറച്ച നവംബർ നാലിനാണ് അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടായത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ അനുസൃതമായാണ് ഇന്ധനവിലയിൽ മാറ്റങ്ങളുണ്ടാകുന്നത് എന്നാണ് കേന്ദ്രസർക്കാറും എണ്ണക്കമ്പനികളും ആവർത്തിക്കുന്നത്. എന്നാൽ ഏതാനും കാലങ്ങളായി വില കുറയുന്നതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം.
ഒമിക്രോൺ ഭീതിയും അമേരിക്കൻ നീക്കവും നിർണായകമായി
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയെ തുടർന്നാണ് ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം അനുഭവപ്പെടുന്നത്. നവംബർ 26ന് മാത്രം ഏഷ്യൻ വിപണിയിൽ ബാരലിൽ നാലു ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് വിപണിയിൽ ആറു ഡോളറാണ് കുറഞ്ഞത്. തന്ത്രപ്രധാന സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ പുറത്തെടുക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസും ജപ്പാനും ദക്ഷിണ കൊറിയയും വ്യക്തമാക്കിയിരുന്നു.
ഇതും എണ്ണവില കുറയാൻ ഇടയാക്കിയെന്ന വിലയിരുത്തലുമുണ്ട്. ഒപെക്കിനെ മര്യാദ പഠിപ്പിക്കാൻ അമേരിക്കയ്ക്കൊപ്പം ചേർന്ന് ഇന്ത്യയും എണ്ണയുടെ കരുതൽ ശേഖരം തുറന്നിരുന്നു. ചൈനയും, ജപ്പാനും, ദക്ഷിണ കൊറിയയും ഒക്കെ ഇക്കാര്യത്തിൽ കൂട്ടുകൂടും എന്നാണ് കേൾക്കുന്നത്. കരുതൽ ശേഖരത്തിൽ നിന്ന് അമേരിക്ക അഞ്ചുകോടി ബാരൽ അസംസ്‌കൃത എണ്ണയും, ഇന്ത്യ 50 ലക്ഷം ബാരലും എടുത്ത് ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ഉത്പാദനം വർദ്ധിപ്പിക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് യുഎസ് തന്ത്രം ഒന്നുമാറ്റി പിടിച്ചത്.
ഈ മാസം ആദ്യം എണ്ണ വിതരണം വർധിപ്പിക്കാനുള്ള ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങൾ അവഗണിച്ചിരുന്നു. ഇതോടെയാണ് മറ്റുരാജ്യങ്ങളെ ഏകോപിപ്പിച്ച് യു.എസ് നിർണായക നീക്കത്തിന് ആഹ്വാനം ചെയ്തത്. ഇതാദ്യമായാണ് യുഎസ് ഏഷ്യൻ രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇത്തരമൊരു നീക്കം നടത്തുന്നത്.എന്തായാലും കരുതൽ ശേഖരം പുറത്തെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ ക്രൂഡ് ഓയിൽ വില ഇടിയുകയായിരുന്നു.
മറുനാടന് ഡെസ്ക്