- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിട്രീറ്റിന് എത്തിയ 350 വൈദികരിൽ 100 പേർക്ക് കോവിഡ്; രണ്ട് പുരോഹിതർ മരിച്ചു; അഞ്ചിലധികം പേർ ഗുരുതരാവസ്ഥയിൽ; മൂന്നാറിലെ നിയമലംഘനത്തിൽ കേസെടുത്ത് പൊലീസ്; മഹാഇടവക ബിഷപ്പ് ധർമ്മരാജ് റസാലവും കേസിൽ പ്രതി; മൂന്നാറിലെ വൈദിക സമ്മേളനം സി എസ് ഐ സഭയ്ക്ക് പുലിവാലാകുമ്പോൾ
തൊടുപുഴ: മൂന്നാറിലെ വൈദിക സമ്മേളനം സംഘടിപ്പിച്ച സംഘാടകർക്ക് എതിരെ കേസെടുത്ത് പൊലീസ്. മൂന്നാർ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്ത വൈദികരും കേസിൽ പ്രതികളാകും. കൂടാതെ ദക്ഷിണ കേരള മഹാഇടവ ബിഷപ്പും സിഎസ് ഐ സഭ മോഡറേറ്ററുമായ എ ധർമ്മരാജ് റസാലവും കേസിൽ പ്രതിയാകും. ഈ സാഹചര്യത്തിലാണ് പൊലീസ് കേസെടുക്കുന്നത്.
കോവിഡിന്റെ രണ്ടാംതരംഗത്തിനിടെയാണ് മൂന്നാറിൽ സിഎസ്ഐ സഭയിലെ പുരോഹിതരുടെ സംഗമം നടന്നത്. ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാറിലെ സി.എസ്ഐ ക്രൈസ്റ്റ് പള്ളിയിലാണ് പുരോഹിതരുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും സമ്മേളനമായ വാർഷിക റിട്രീറ്റ് നടന്നത്. വിവിധ പള്ളികളിൽ നിന്നുള്ള 350 പുരോഹിതന്മാർ സഭയിൽ പങ്കെടുത്തിരുന്നു. ഇതിൽ നൂറിലധികം പുരോഹിതർക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പുരോഹിതർ മരിച്ചെന്നും അഞ്ചിലധികം പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇതിന് സ്ഥിരീകരണം ഇല്ല.
സിഎസ്ഐ മോഡറേറ്ററും ദക്ഷിണ കേരള രൂപത ബിഷപ്പുമായ റവ. എ ധർമ്മരാജ് റസാലം രോഗബാധിതരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അദ്ദേഹം ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്. മീറ്റ് മാറ്റിവയ്ക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും സംഘാടകർ ഇതുമായി മുന്നോട്ട് പോയതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിൽ പരാജയപ്പെട്ടാൽ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പുരോഹിതർക്ക് മുന്നറിയിപ്പ് നൽകിയത്രെ. അതാണ് രോഗവ്യാപനത്തിനിടയിലും ഇത്രയധികം പുരോഹിതർ ഒത്തുകൂടാൻ ഇടയായത്.
എല്ലാം വർഷവും സഭ വാർഷിക റിട്രീറ്റ് നടത്താറുണ്ട്. 2021 ലെ വാർഷിക റിട്രീറ്റ് ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും പ്രത്യേക തീരുമാനപ്രകാരമാണ് മൂന്നാറിലെ സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിൽ വച്ച് ഏപ്രിൽ 13 മുതൽ 17 വരെ സംഘടിപ്പിച്ചത്. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ സംഘംചേരൽ വേണ്ട എന്ന് ഭൂരിപക്ഷം വൈദികരും നേതൃത്വത്തെ ബോധ്യപ്പെടുത്തിയെങ്കിലും സമ്മേളനം മാറ്റാൻ തയ്യാറാകാത്തത് ബിഷപ്പിന്റെ പിടിവാശി മൂലമാണെന്ന് വൈദികർ കുറ്റപ്പെടുത്തുന്നു. സമ്മേളനത്തിൽ എല്ലാ വൈദീകരും സഭാ ശുശ്രൂഷകരും നിർബന്ധമായും പങ്കെടുക്കണമെന്നും അതിന് താല്പര്യമില്ലാത്തവർ തക്കതായ കാരണം ചൂണ്ടിക്കാണിച്ച് ബിഷപ്പിൽ നിന്നും പ്രത്യേക അനുമതിവാങ്ങണമെന്നും നിർദ്ദേശം നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് മറ്റ് വൈദികർക്കും ഗത്യന്തരമില്ലാതെ തിരുവനന്തപുരത്ത് നിന്നും മൂന്നാറിലെത്തി സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്നത്. ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ പിടിവാശിയും ഏകാധിപത്യവുമാണ് മൂന്നാർ വൈദിക സമ്മേളനം കോവിഡ് സമ്മേളനമായി അധഃപതിക്കാൻ കാരണമെന്ന് വൈദികരും ശുശ്രൂഷകരും ചൂണ്ടിക്കാണിക്കുന്നു. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ വൈദിക സമ്മേളനം മാറ്റിവെക്കണമെന്ന് വൈദികരും വിശ്വാസികളും ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നാറിൽ സമ്മേളനത്തിന് എത്തിയില്ലെങ്കിൽ വൈദികർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നായിരുന്നു ബിഷപ്പിന്റെ മറുപടിയെന്നും ഇവർ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സമ്മേളനം സംഘടിപ്പിച്ച ബിഷപ്പ് ധർമ്മരാജ് റസാലം, പാസ്റ്ററൽ ബോർഡ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ജയരാജ്, മഹായിടവക അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ എന്നിവർക്കെതിരെ നീയമ നടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ്സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് വൈദികരും വിശ്വാസികളും പരാതി നൽകി. എന്നാൽ ഇതുവരെ യാതൊരു നടപടികളുമുണ്ടായിട്ടില്ല. സഭാനേതൃത്വത്തിന് മുന്നിൽ അധികാരവർഗം ഓച്ഛാനിച്ച് നിൽക്കുകയാണെന്ന് വിശ്വാസികൾ ആരോപിച്ചു. ഇതാണ് മറുനാടൻ വാർത്തയാക്കിയത്.
കുറച്ചുനാളുകളായി ബിഷപ്പിനെതിരായി വൈദികർക്കിടയിലും വിശ്വാസികൾക്കിടയിലും അതൃപ്തി പുകയുകയാണ്. ബിഷപ്പ് സ്വന്തം താൽപ്പര്യപ്രകാരം നടത്തുന്ന നിയമനങ്ങൾ ബഹുഭൂരിപക്ഷം സഭാംഗങ്ങൾക്കിടയിലും സ്വീകര്യമല്ല. ഈയിടെ പുതിയ സഭാ സെക്രട്ടറി ചാർജെടുത്തതടക്കം സഭയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരുന്നു. നിലവിൽ സഭാഭരണം നിയന്ത്രിക്കുന്നത് പ്രത്യേക കോക്കസാണെന്ന് വിശ്വാസികൾ ആരോപിക്കുന്നു. സഭയ്ക്കുള്ളിൽ ഇവർ നടത്തുന്ന ക്രമക്കേടുകൾക്കെതിരെയും മുറുമുറുപ്പുകളുണ്ട്. ഈ സാഹചര്യത്തിൽ വൈദികരുടെ വായടപ്പിക്കാൻ വേണ്ടിയുള്ള ഒരു സുഖിപ്പിക്കൽ കോൺഫറൻസ് ആയിരുന്നു മൂന്നാറിലെ വൈദിക റിട്രീറ്റ് എന്ന് വിശ്വാസികൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ