ന്യൂയോർക്ക്: സിഎംഎസ് മിഷണറിമാർ കേരളത്തിൽ പ്രവർത്തനമാരംഭിച്ചതിന്റെ ഇരുനൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നോർത്ത് അമേരിക്കയിലുള്ള സിഎസ്‌ഐ ഇടവകകളുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ പത്താം തീയതി സ്‌തോത്ര ശുശ്രൂഷയും പൊതുസമ്മേളനവും ക്വയർ ഫെസ്റ്റിവലും നടത്തപ്പെടുന്നു.

സെപ്റ്റംബർ പത്തിനു ഉച്ചകഴിഞ്ഞ് 2.30-നു സ്‌തോത്ര ശുശ്രൂഷ ആരംഭിക്കും. സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പും സിഎസ്‌ഐ ഡപ്യൂട്ടി മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മൻ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വൈകിട്ട് 4.30-നു പൊതുസമ്മേളനവും ക്വയർ ഫെസ്റ്റിവലും നടത്തപ്പെടുന്നതാണ്. ബിഷപ്പ് തോമസ് കെ. ഉമ്മന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിൽ ന്യൂയോർക്ക് എപ്പിസ്‌കോപ്പൽ ഡയോസിസ് ബിഷപ്പ് ആൻഡ്രൂ ഡീച്ചി, ലോംഗ്‌ഐലന്റ് എപ്പിസ്‌കോപ്പൽ ബിഷപ്പ് ലോറൻസ് പ്രൊവെൻസാനോ, മലങ്കര ഓർത്തഡോക്‌സ് സഭയുടെ സഖറിയാസ് മാർ നിക്കളാവോസ് മെത്രാപ്പൊലീത്ത, സിറിയൻ ക്‌നാനായ സഭ അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് ആയൂബ് മോർ സിൽവാനോസ്, മലങ്കര സിറിയൻ യാക്കോബായ സഭ ആർച്ച് ബിഷപ്പ് മാർ തീത്തോസ് യൽദോ മെത്രാപ്പോലാത്ത, ന്യൂയോർക്ക് എപ്പിസ്‌കോപ്പൽ സഭയുടെ സഫ്രഗൻ ബിഷപ്പ് അലൻ കെ. ഷിൻ, ബിഷപ്പ് ജോൺസി ഇട്ടി, ന്യൂയോർക്ക് യു.സി.സി കോൺഫറൻസ് മിനിസ്റ്റർ ഫ്രീമാൻ പാമർ, മാർത്തോമാ സഭയുടെ ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തുന്നതാണ്.

ന്യൂയോർക്ക്, പെൻസിൽവേനിയ, ന്യൂജേഴ്‌സി, ബോസ്റ്റൺ എന്നിവടങ്ങളിൽ നിന്നുള്ള സി.എസ്.ഐ സീഫോർഡ് ഇടവക, സിഎസ്‌ഐ ജ്യൂബിലി മെമോറിയൽ ഇടവക, സി.എസ്.ഐ ഹഡ്‌സൺവാലി ഇടവക, സിഎസ്‌ഐ ക്രൈസ്റ്റ് ചർച്ച് പെൻസിൽവേനിയ, ഇമ്മാനുവേൽ ചർച്ച് ഫിലാഡൽഫിയ ഇടവക, സിഎസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ടാപ്പൻ, സി.എസ്.ഐ ആൽബനി ഇടവക, അസൻഷൺ സിഎസ്‌ഐ ഇടവക ബോസ്റ്റൺ എന്നീ ഇടവകകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് റവ. ബിജു ജോൺ (ജൂബിലി മെമോറിയൽ ഇടവക), മാത്യു ജോഷ്വാ (സീഫോർഡ് ഇടവക) എന്നിവർ കൺവീനർമാരായ വിപുലമായ ഒരു കമ്മിറ്റിയാണ്.

സ്‌തോത്രശുശ്രൂഷയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുവാൻ വൻ ഒരുക്കങ്ങളാണ് ഓരോ ഇടവകകളിലും നടക്കുന്നത്. സ്‌തോത്രശുശ്രൂഷ, റാലി, പൊതുസമ്മേളനം, ക്വയർ ഫെസ്റ്റിവൽ എന്നിവയിൽ പങ്കെടുക്കാൻ എല്ലാ സിഎസ്‌ഐ സഭാ വിശ്വാസികളേയും പ്രത്യേകം ക്ഷണിക്കുന്നു.