- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് നൂറുകണക്കിനു പേരെ പങ്കെടുപ്പിച്ച് സമ്മേളനം സംഘടിപ്പിച്ച് സിഎസ്ഐ സഭ; കോവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാണിച്ചവരെ വിരട്ടി നിർത്തിയത് ബിഷപ്പ് നേരിട്ട്; വൈദിക സമ്മേളനം കോവിഡ് സമ്മേളനമായപ്പോൾ രണ്ട് വൈദികർക്ക് ജീവൻ നഷ്ടപ്പെട്ടു; പരാതി ലഭിച്ചിട്ടും ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് മൗനം; കോവിഡ് നിയമങ്ങളെല്ലാം വോട്ടുബാങ്കു പേടിച്ചു മുട്ടു മടക്കുമ്പോൾ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സി.എസ്ഐയുടെ വൈദിക സമ്മേളനം മൂന്നാറിൽ. നിയമവിരുദ്ധമായി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്ത നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും രണ്ട് വൈദികർ മരിക്കുകയും ചെയ്തു. അഞ്ചോളം പേർ അതിഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. സിഎസ്ഐ ദക്ഷിണകേരള മഹായിടവകയിലെ വൈദികർക്കും സഭ ശുശ്രൂഷകർക്കും വേണ്ടി നടത്തിയ വാർഷിക സമ്മേളനമാണ് കോവിഡ് സമ്മേളനമായി മാറിയത്. ദ ഇന്ത്യൻ എക്സ്പ്രസ്സാണ് ഈ വാർത്ത പുറത്തുവിട്ടത്.
എല്ലാം വർഷവും സഭ വാർഷിക റിട്രീറ്റ് നടത്താറുണ്ട്. 2021 ലെ വാർഷിക റിട്രീറ്റ് ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും പ്രത്യേക തീരുമാനപ്രകാരമാണ് മൂന്നാറിലെ സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിൽ വച്ച് ഏപ്രിൽ 13 മുതൽ 17 വരെ സംഘടിപ്പിച്ചത്.
കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ സംഘംചേരൽ വേണ്ട എന്ന് ഭൂരിപക്ഷം വൈദികരും നേതൃത്വത്തെ ബോധ്യപ്പെടുത്തിയെങ്കിലും സമ്മേളനം മാറ്റാൻ തയ്യാറാകാത്തത് ബിഷപ്പിന്റെ പിടിവാശി മൂലമാണെന്ന് വൈദികർ കുറ്റപ്പെടുത്തുന്നു. സമ്മേളനത്തിൽ എല്ലാ വൈദീകരും സഭാ ശുശ്രൂഷകരും നിർബന്ധമായും പങ്കെടുക്കണമെന്നും അതിന് താല്പര്യമില്ലാത്തവർ തക്കതായ കാരണം ചൂണ്ടിക്കാണിച്ച് ബിഷപ്പിൽ നിന്നും പ്രത്യേക അനുമതിവാങ്ങണമെന്നും നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മറ്റ് വൈദികർക്കും ഗത്യന്തരമില്ലാതെ തിരുവനന്തപുരത്ത് നിന്നും മൂന്നാറിലെത്തി സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്നത്. ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ പിടിവാശിയും ഏകാധിപത്യവുമാണ് മൂന്നാർ വൈദിക സമ്മേളനം കോവിഡ് സമ്മേളനമായി അധഃപതിക്കാൻ കാരണമെന്ന് വൈദികരും ശുശ്രൂഷകരും ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ വൈദിക സമ്മേളനം മാറ്റിവെക്കണമെന്ന് വൈദികരും വിശ്വാസികളും ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നാറിൽ സമ്മേളനത്തിന് എത്തിയില്ലെങ്കിൽ വൈദികർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നായിരുന്നു ബിഷപ്പിന്റെ മറുപടിയെന്നും ഇവർ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സമ്മേളനം സംഘടിപ്പിച്ച ബിഷപ്പ് ധർമ്മരാജ് റസാലം, പാസ്റ്ററൽ ബോർഡ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ജയരാജ്, മഹായിടവക അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ എന്നിവർക്കെതിരെ നീയമ നടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ്സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് വൈദികരും വിശ്വാസികളും പരാതി നൽകി. എന്നാൽ ഇതുവരെ യാതൊരു നടപടികളുമുണ്ടായിട്ടില്ല. സഭാനേതൃത്വത്തിന് മുന്നിൽ അധികാരവർഗം ഓച്ഛാനിച്ച് നിൽക്കുകയാണെന്ന് വിശ്വാസികൾ ആരോപിക്കുന്നു.
കുറച്ചുനാളുകളായി ബിഷപ്പിനെതിരായി വൈദികർക്കിടയിലും വിശ്വാസികൾക്കിടയിലും അതൃപ്തി പുകയുകയാണ്. ബിഷപ്പ് സ്വന്തം താൽപ്പര്യപ്രകാരം നടത്തുന്ന നിയമനങ്ങൾ ബഹുഭൂരിപക്ഷം സഭാംഗങ്ങൾക്കിടയിലും സ്വീകര്യമല്ല. ഈയിടെ പുതിയ സഭാ സെക്രട്ടറി ചാർജെടുത്തതടക്കം സഭയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരുന്നു. നിലവിൽ സഭാഭരണം നിയന്ത്രിക്കുന്നത് പ്രത്യേക കോക്കസാണെന്ന് വിശ്വാസികൾ ആരോപിക്കുന്നു. സഭയ്ക്കുള്ളിൽ ഇവർ നടത്തുന്ന ക്രമക്കേടുകൾക്കെതിരെയും മുറുമുറുപ്പുകളുണ്ട്. ഈ സാഹചര്യത്തിൽ വൈദികരുടെ വായടപ്പിക്കാൻ വേണ്ടിയുള്ള ഒരു സുഖിപ്പിക്കൽ കോൺഫറൻസ് ആയിരുന്നു മൂന്നാറിലെ വൈദിക റിട്രീറ്റ് എന്ന് വിശ്വാസികൾ പറയുന്നു.
നാനൂറ്റി എൺപതോളം വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിൽ നൂറിലധികം പേർക്ക് കോവിഡ് ബാധിച്ച് ആശുപത്രിയിലും വീട്ടിലും ചികിത്സയിലാണ്. സമ്മേളനത്തിൽ പങ്കെടുത്തവരും കുടുംബങ്ങളും ദിനംപ്രതി കോവിഡ് പോസിറ്റീവായി കൊണ്ടിരിക്കുകയാണ്. സമ്മേളനം കഴിഞ്ഞെത്തിയ ഈ വൈദികർ ആയിരക്കണക്കിന് വിശ്വാസികളുമായി ഇടപഴകിയതിനാൽ വിശ്വാസികൾക്കും കോവിഡ് പടർന്നു പിടിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുത്ത് കോവിഡ് ബാധിച്ച കൈനാട് സിനഡ് അംഗവും വട്ടപ്പാറ, കഴുകോട് സിഎസ്ഐ ചർച്ച് വികാരിയുമായിരുന്ന ബിജുമോനും പുന്നയ്ക്കാമുകൾ സിഎസ്ഐ ചർച്ച് വികാരിയായിരുന്ന ഷൈൻ ബി രാജും (43) ആണ് മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ