- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സീസണിലെ തുടർ തോൽവികൾക്ക് പിന്നാലെ നായക സ്ഥാനം നഷ്ടമായി; 'പരിക്കിന്റെ പേരിൽ' ടീമിനും പുറത്ത്; ജഡേജയെ അൺഫോളോ ചെയ്ത് സിഎസ്‌കെ; ചെന്നൈയിൽ തമ്മിലടി; താരം വീട്ടിലേക്കു മടങ്ങി

മുംബൈ: ഐപിഎൽ സീസണിൽ തുടർ തോൽവികളുടെ പേരിൽ നായക സ്ഥാനം നഷ്ടമായതിന് പിന്നാലെ പരിക്കിന്റെ പേരിൽ ടീമിൽ സ്ഥാനം നഷ്ടമായ രവീന്ദ്ര ജഡേജയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ചെന്നൈ സൂപ്പർ കിങ്സ്.
ഇൻസ്റ്റയിൽ ജഡേജയെ ചെന്നൈ അൺഫോളോ ചെയ്തതോടെ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണെന്നാണ് സൂചന.
നേരത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ജഡേജയെ മാറ്റുകയും പിന്നാലെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പരിക്കിനെ തുടർന്നാണ് ജഡേജയെ ഇലവനിൽ നിന്ന് മാറ്റിയതെന്നാണ് ധോണി പ്രതികരിച്ചത്.
എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തതോടെ മാനേജ്മെന്റും ജഡേജയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതായാണ് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റ ജഡേജ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്ന് സിഎസ്‌കെ ഇന്നലെ വ്യക്തമാക്കിയിരുന്നു.
വാരിയെല്ലിനേറ്റ പരിക്കുമൂലം മെഡിക്കൽ നിർദ്ദേശങ്ങൾ അനുസരിച്ച് ജഡേജയെ ടീം വിട്ടുപോകാൻ അനുവദിക്കുകയാണ് എന്നാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ക്യാപ്റ്റൻ സ്ഥാനം എം.എസ്. ധോണിയെ തിരികെയേൽപിച്ച ജഡേജ സിഎസ്‌കെയുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും പരുക്കുമൂലം കളിക്കില്ലെന്നു സിഇഒ: കാശി വിശ്വനാഥൻ അറിയിച്ചു. ജഡേജ വീട്ടിലേക്കു മടങ്ങി.
പരുക്കാണു കാരണമെന്നു പറയുന്നുണ്ടെങ്കിലും ചെന്നൈ ടീം ജഡേജയെ പുറത്താക്കിയതാണെന്നു സൂചനയുണ്ട്. ചെന്നൈ ടീമിന്റെ ഇൻസ്റ്റഗ്രാം പേജ് ജഡേജ അൺഫോളോ ചെയ്തിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഔദ്യോഗിക അക്കൗണ്ടും ജഡേജയെ അൺഫോളോ ചെയ്തു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, തനിക്ക് അറിയില്ലെന്നായിരുന്നു കാശി വിശ്വനാഥന്റെ മറുപടി.
എട്ട് ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ ടീമിനെ നയിച്ച മുപ്പത്തിമൂന്നുകാരൻ ജഡേജയ്ക്ക് അതിൽ 2 കളികളിൽ മാത്രമേ ടീമിനെ വിജയത്തിലേക്കു നയിക്കാൻ സാധിച്ചിരുന്നുള്ളൂ. ക്യാപ്റ്റൻസിയുടെ സമ്മർദത്തിൽ 10 കളിയിൽനിന്ന് 116 റൺസ് മാത്രമായിരുന്നു സമ്പാദ്യം. അതേസമയം, ക്യാപ്റ്റൻസി തിരികെയേറ്റെടുത്ത ധോണിയുടെ കീഴിൽ നാലിൽ മൂന്നു മത്സരങ്ങളും ചെന്നൈ ജയിക്കുകയും ചെയ്തു.
സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ജഡേജയെ ക്യാപ്റ്റനായി ചെന്നൈ സൂപ്പർ കിങ്സ് പ്രഖ്യാപിച്ചത്. എന്നാൽ ടീം തുടർ തോൽവികളിലേക്ക് വീണതോടെ ജഡേജയുടെ ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിക്ക് തിരികെ നൽകേണ്ടിവന്നു.
സീസണിൽ ബാറ്റിംഗിലും ബൗളിംഗിലും ജഡേജ തിളങ്ങിയിരുന്നില്ല. 10 കളിയിൽ 116 റൺസും അഞ്ച് വിക്കറ്റും മാത്രമാണ് സീസണിൽ ജഡേജയുടെ നേട്ടം.
മൂന്നു മത്സരങ്ങളാണ് സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് ബാക്കിയുള്ളത്. ഇന്ന് മുംബൈ ഇന്ത്യൻസുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം. ഈ കളിയിൽ സിഎസ്‌കെയ്ക്കു വിജയം അനിവാര്യമാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ഫീൽഡിംഗിനിടെ ജഡേജയ്ക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും ഗുരുതമാവാതിരിക്കാൻ വേണ്ടിയാണ് ജഡേജ പിന്മാറിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.


