- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയത് സൂപ്പർ കിങ്സുമായി ഉടക്കിയാണെന്ന് റിപ്പോർട്ട്; താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ
ദുബായ്: ഐ.പി.എല്ലിനായി യു.എ.ഇയിലെത്തി ടൂർണമെന്റ് ആരംഭിക്കും മുമ്പ് സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങാൻ കാരണം അമ്മാവന്റെ മരണമല്ലെന്ന് സൂചന. ദുബായിൽ ക്വാറന്റീനിൽ കഴിയുന്നതിനായി ഒരുക്കിയ താസമസ്ഥലത്തെ ചൊല്ലി ടീം മാനേജ്മെന്റുമായി ഉടക്കിയാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ താരത്തെ കടന്നാക്രമിച്ച് ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ രംഗത്തെത്തി. ഔട്ട്ലുക്കിന് നൽകിയ അഭിമുഖത്തിൽ റെയ്നയെ കടുത്ത ഭാഷയിലാണ് ശ്രീനിവാസൻ വിമർശിക്കുന്നത്.
പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സൂപ്പർ കിങ്സ് ടീമുമായി ഉടക്കിയാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്. നേരത്തെ അമ്മാവനടക്കമുള്ള കുടുംബാംഗങ്ങൾക്ക് അത്യാഹിതം സംഭവിച്ചതിനെ തുടർന്നാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു റിപ്പോർട്ടുകൾ. രണ്ടു താരങ്ങളടക്കം ചെന്നൈ ടീമിലെ പത്തിലേറെ പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയായിരുന്നു റെയ്നയുടെ മടക്കം.
ചില താരങ്ങൾക്ക് അഹങ്കാരം തലയ്ക്ക് പിടിക്കാറുണ്ടെന്നു പറഞ്ഞ ശ്രീനിവാസൻ ഇത്തരം സംഭവവികാസങ്ങൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''റെയ്ന വിഷയം ടീമിനെ സാരമായി ബാധിച്ചിട്ടില്ല. പുതിയ സംഭവവികാസങ്ങൾ നായകൻ എം.എസ് ധോനിയേയും അലട്ടുന്നില്ല. ഇഷ്ടമില്ലാത്തവർ കടിച്ചുതൂങ്ങി നിൽക്കാതെ തിരിച്ചുപോകണമെന്നാണ് എന്റെ ചിന്താഗതി. കാര്യങ്ങൾ ചെയ്യാൻ ഞാൻ ആരെയും നിർബന്ധിക്കാറില്ല. ധോനിയുമായി ഞാൻ സംസാരിച്ചിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം കൂടിയാലും പേടിക്കാനില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സൂം വഴി അദ്ദേഹം ടീം അംഗങ്ങളുമായി സംസാരിച്ചിരുന്നു.'' - ശ്രീനിവാസൻ വ്യക്തമാക്കി. റെയ്ന പോയാലും അത് ടീമിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. യുവതാരങ്ങൾക്ക് ഇത് മികച്ച അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടപ്പെടുന്നതെന്താണെന്ന് റെയ്ന വൈകാതെ തിരിച്ചറിയുമെന്ന് പറഞ്ഞ അദ്ദേഹം നഷ്ടപ്പെടാനിരിക്കുന്ന വലിയ തുകയും (11 കോടി രൂപ) അദ്ദേഹത്തെ അലട്ടുമെന്നും കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്