ദുബായ്: ഐപിഎൽ പതിനാലാം സീസൺ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈയ്ക്കെതിരേ മുംബൈയ്ക്ക് 157 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 156 റൺസെടുത്തത്.

ബോൾട്ട്-മിൽനെ സഖ്യത്തിന് മുന്നിൽ മുട്ടിടിച്ച് പവർപ്ലേയിൽ 24-4 എന്ന നിലയിലായിരുന്ന ചെന്നൈയെ റുതുരാജ്-ജഡേജ കൂട്ടുകെട്ടിന്റെ പോരാട്ടവും ബ്രാവോയുടെ ഫിനിഷിംഗുമാണ് രക്ഷിച്ചത്. 

58 പന്തിൽ 88 റൺസെടുത്ത് പുറത്താകാതെ നിന്ന ഗെയ്ക്ക് വാദിന്റെയും അവസാന ഓവറുകളിൽ എട്ട് പന്തിൽ 23 റൺസ് അടിച്ച ഡെയിൻ ബ്രാവോയുടെയും മികവിലാണ് ചെന്നൈ ഭേദപ്പെട്ട വിജയലക്ഷ്യം പടുത്തുയർത്തിയത്.

24 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ചെന്നൈയെ ഗെയ്ക്ക് വാദ്-ജഡേജ സഖ്യമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 26 റൺസെടുത്ത ജഡേജയെ ബുംറയാണ് പുറത്താക്കിയത്.

പിന്നാലെയെത്തിയ ബ്രാവോ അവസാന രണ്ട് ഓവറുകളിൽ മൂന്ന് സിക്സ് പറത്തി ചെന്നൈ സ്‌കോർ ഉയർത്തി. ഒരുഭാഗത്ത് വിക്കറ്റ് നഷ്ടമാകുമ്പോഴും ക്ഷമയോടെ ബാറ്റ് വീശിയ ഗെയ്ക്ക്വാദാണ് ചെന്നൈ സ്‌കോർ 150 കടത്തിയത്. നാല് സിക്സും ഒമ്പത് ഫോറും അടങ്ങിയതായിരുന്നു ഗെയ്ക്ക്വാദിന്റെ ഇന്നിങ്സ്.

ഐപിഎൽ ചരിത്രത്തിലെ സൂപ്പർ ടീമുകൾ തമ്മിലുള്ള ക്ലാസിക് പോരാട്ടം പ്രതീക്ഷിച്ചവർക്ക് മുന്നിൽ ചെന്നൈ സൂപ്പർ കിങ്സ് മുൻനിര തകർന്നുവീഴുകയായിരുന്നു. ബോൾട്ട്-മിൽനെ സഖ്യത്തിന്റെ ബൗളിങ് ആക്രമണം തുടക്കത്തിലെ മുംബൈക്ക് മേധാവിത്തം നൽകി.

ബോൾട്ട് എറിഞ്ഞ ഒന്നാം ഓവറിലെ അഞ്ചാം പന്തിൽ ഡുപ്ലസി ഡക്കായി. മൂന്ന് പന്ത് നേരിട്ടിട്ടും ഡുപ്ലസിക്ക് അക്കൗണ്ട് തുറക്കാനായില്ല. വൺഡൗണായി ക്രീസിലെത്തിയ മൊയീൻ അലിയെയും കാലുറപ്പിക്കാൻ മുംബൈ അനുവദിച്ചില്ല. രണ്ടാം ഓവറിലെ മിൽനെയുടെ മൂന്നാം പന്തിൽ അലി(മൂന്ന് പന്തിൽ 0) സൗരഭിന്റെ കൈകളിൽ അവസാനിച്ചു. ഇതേ ഓവറിലെ അവസാന പന്തിൽ പരിക്കേറ്റ് അമ്പാട്ടി റായുഡു റിട്ടയർഡ് ഹർട്ടായി മടങ്ങി.

സുരേഷ് റെയ്ന ക്രീസിലെത്തുകയായിരുന്നു. എന്നാൽ മൂന്നാം ഓവറിൽ വീണ്ടും പന്തെടുത്തപ്പോൾ ബോൾട്ട്, റെയ്നയെ ചഹാറിന് സമ്മാനിച്ചു. റെയ്നയുടെ ആയുസ് ആറ് പന്ത് മാത്രം. നാല് റൺസാണ് റെയ്ന നേടിയത്. ആറാമനായി ക്രീസിലെത്തിയ എം എസ് ധോണിക്കും അധികം ആയുസുണ്ടായില്ല. അഞ്ച് പന്തിൽ മൂന്ന് റൺസെടുത്ത താരത്തെ മിൽനെ പവർപ്ലേയിലെ അവസാന പന്തിൽ ബോൾട്ടിന്റെ കൈകളിൽ എത്തിച്ചു.

രോഹിത് ശർമ്മയുടെ അഭാവത്തിൽ കീറോൺ പൊള്ളാർഡാണ് മുംബൈയെ നയിക്കുന്നത്. മുംബൈക്കായി ഹർദിക് പാണ്ഡ്യയും കളിക്കുന്നില്ല. എന്നാൽ അന്മോൽപ്രീത് അരങ്ങേറ്റം കുറിച്ചു.