ഹവാന: ലോകത്താദ്യമായി അമ്മയിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുന്ന എച്ച്‌ഐവി വൈറസുകളെ നശിപ്പിക്കുന്ന രാജ്യമെന്ന ഖ്യാതി ഇനി ക്യൂബയ്ക്ക് സ്വന്തം. അമ്മയിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്ക് പകരുന്ന എച്ച്‌ഐവി, സിഫിലസ് വൈറസുകളെ നശിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതിന് ക്യൂബയ്ക്ക് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പ്രത്യേക പ്രശംസയും ലഭിച്ചു.

പൊതുജനാരോഗ്യ രംഗത്ത് രാജ്യം നേടിയ മികച്ച ചുവടുവയ്‌പ്പാണിതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ മാർഗരറ്റ് ചാൻ അഭിപ്രായപ്പെട്ടു. എച്ച്‌ഐവി, സിഫിലസ് പോലെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസുകൾക്കെതിരേ വർഷങ്ങളായി നടത്തിവന്ന പോരാട്ടമാണ് ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുന്നത്. എയ്ഡ്‌സ് രഹിത ഒരു തലമുറയെ വാർത്തെടുക്കാൻ ഈ കണ്ടുപിടുത്തം ഏറെ സഹായകമാകുമെന്നും മാർഗരറ്റ് ചാൻ ചൂണ്ടിക്കാട്ടി.

ലോകമെമ്പാടും ഓരോ വർഷവും 1.4 മില്യൺ സ്ത്രീകളാണ് എച്ച്‌ഐവി വൈറസ് ബാധിതരായിരിക്കേ ഗർഭിണികളാകുന്നത്. ഗർഭാവസ്ഥയിലോ പ്രസവസമയത്തോ മുലയൂട്ടുന്ന സമയത്തോ അമ്മയിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് വൈറസുകൾ പകരാൻ 15 മുതൽ 45 ശതമാനം വരെയാണ് സാധ്യത. എന്നാൽ ഇതിനുള്ള സാധ്യത ഒരു ശതമാനമാക്കി ചുരുക്കിയിരിക്കുകയാണ് ക്യൂബയിപ്പോൾ. ഇതുസംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ഗവേഷണ ഫലമായി സമീപഭാവിയിൽ വൈറസ് പടരുന്നതിനുള്ള സാധ്യത ഒട്ടും തന്നെ ഇല്ലാതാക്കുമെന്ന് യുഎൻ എയ്ഡ്‌സ് ഏജൻസി എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ സിബിഡേ അറിയിച്ചു.