- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസുള്ള തോക്കുണ്ടോ കയ്യിൽ; പന്നികളെ കൊല്ലാൻ പഞ്ചായത്ത് നിങ്ങളെത്തേടിയെത്തും; നടപടി വിനാശകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് കിട്ടിയതോടെ
തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാൻ ലൈസൻസുള്ള തോക്കുടമകളെ തേടി പഞ്ചായത്ത്. കൃഷിക്കും ജീവനും വിനാശകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് കിട്ടിയതോടെയാണിത്.
ഓരോ പ്രദേശത്തേയും തോക്കുടമകളുടെ പാനൽ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കും. ലൈസൻസുള്ളവരുടെ വിവരം കളക്ടറേറ്റുകളിൽ ലഭ്യമാകുമെന്നതിനാൽ പാനലുണ്ടാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ പന്നിശല്യമുള്ള എല്ലാ പഞ്ചായത്തുകളിലും ലൈസൻസുള്ളവർ ഉണ്ടാകുമോ എന്നതിലാണ് ആശങ്ക. പന്നിശല്യവുമായി ബന്ധപ്പെട്ട് രണ്ടുരേഖ പഞ്ചായത്തുകൾ സൂക്ഷിക്കേണ്ടിവരും. ഒന്ന്-തോക്കുള്ളവരുടെ രജിസ്റ്ററും രണ്ട്-കൊല്ലുന്ന പന്നികളുടെ എണ്ണം ഉൾപ്പെടെയുള്ള വിശദാംശങ്ങളും.
മന്ത്രിസഭാ തീരുമാനപ്രകാരം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ, മേയർ എന്നിവരെ വന്യജീവിനിയമം അനുസരിച്ച് ഓണററി വൈൽഡ് ലൈഫ് വാർഡന്മാരാക്കും. സെക്രട്ടറിമാരെ അധികാരമുള്ള ഉദ്യോഗസ്ഥരായി വാർഡ് ലൈഫ് വാർഡനായി നിയമിക്കാം.
ജോലിഭാരത്താൽ നട്ടംതിരിയുന്ന തദ്ദേശവകുപ്പിലെ ജീവനക്കാർക്ക് അതിജോലിഭാരം നൽകുന്ന തീരുമാനത്തിൽനിന്ന് പിന്മാറണമെന്നാണ് തദ്ദേശവകുപ്പിലെ ഒരുവിഭാഗം ജീവനക്കാരുടെ ആവശ്യം. എതിർപ്പറിയിച്ച് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാനപ്രസിഡന്റ് വി എം. അബ്ദുള്ള തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.
മറുനാടന് മലയാളി ബ്യൂറോ