ദോഹ : പ്രളയത്തിന് ശേഷം രൂപപ്പെട്ട കേരളത്തിന്റെ പുതിയ സാഹചര്യങ്ങളെയും നിലവിലെ പ്രവാസ അവസ്ഥകളെയും രചനാത്മകമായി നേരിട്ട് പുതിയ ബദലുകൾ സൃഷ്ട്ടിക്കാൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് കൾച്ചറൽ ഫോറം സ്റ്റേറ്റ് പ്രെസിഡന്റ്‌റ് ഡോക്ടർ താജ് ആലുവ അഭിപ്രയപ്പെട്ടു .പുതിയ പ്രവാസം പുതിയ കേരളം എന്ന തലക്കെട്ടിൽ കൽച്ചറൽ ഫോറം നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി വ്യത്യസ്ത പ്രവാസി സംഘടനാ നേതാക്കളുടെയും വ്യാപാര പ്രമുഖരുടെയും പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്തായി രൂപപ്പെട്ട പ്രവാസ സാഹചര്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുകയും പ്രവാസി മലയാളികൾക്കിടയിൽ പ്രായോഗികമായി സ്വീകരിക്കേണ്ട നടപടികളിൽ ബോധവൽക്കരണവും വേണ്ട സഹായ സഹകരങ്ങളുമാണ് കാമ്പയിനിലുടനീളം കൾച്ചറൽ ഫോറം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത് . ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ നിർമ്മാണ രീതികളെ പരിചയപ്പെടുത്തുന്നതിലൂടെ പ്രവാസികൾക്ക് നാട്ടിലെ നിർമ്മാണ മേഖലയിൽ ഇടപെടാൻ സാധിച്ചാൽ വിപ്ലവകരമായ മാറ്റങ്ങൾ അതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു . പ്രവാസ ലോകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ രണ്ടാമതൊരു വരുമാനത്തെ കുറിച്ച് പ്രവാസികൾ ഗൗരവത്തിൽ ആലോചിക്കണം.

സ്ഥിരമായ വരുമാനം നാട്ടിൽ ലഭിക്കുന്ന ചെറുകിട സംരംഭങ്ങളെ കുറിച്ചും കാമ്പയിനിൽ പരിചയപ്പെടുത്തുകയും സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ അവ നടപ്പിൽ വരുത്താനുള്ള ശ്രമവും കൾച്ചറൽ ഫോറം കാമ്പയിൻ കാലയളവിൽ നടത്തുന്നുണ്ട് . ഇത്തരം പ്രവർത്തനങ്ങൾ ഏതെങ്കിലും കാലയളവിലോ സംഘടനകളിൽ മാത്രമോ ആയി പരിമിതപ്പെടാതെ പ്രവാസി മലയാളികൾ ഒറ്റകെട്ടായി ഏറ്റെടുത്തു മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു . ചെലവ് കുറഞ്ഞ സുസ്ഥിര നിർമ്മാണം എന്ന വിഷയത്തിൽ ഉർവി ഫൗണ്ടേഷൻ ചെയർമാൻ ആർകിടെക്ട് ഹസൻ നസീഫ് സംസാരിച്ചു.

കൾച്ചറൽ ഫോറം വൈസ് പ്രെസിഡന്റുമാരായ ശശിധര പണിക്കർ , സുഹൈൽ ശാന്തപുരം ജനറൽ സെക്രട്ടറി സാദിഖ് അലി , സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു , രജീഷ് കരിന്തലക്കൂട്ടം ഗാനം ആലപിച്ചു . കാമ്പയിൻ ജനറൽ കൺവീനർ മനീഷ് എ സി ,കൺവീനർ താസിൻ അമീൻ , സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം ഹാൻസ് ജേക്കബ് ,അബ്ദുൽ ഗഫൂർ , ഷമീൽ ,യാസിർ കുറ്റ്യാടി തുടങ്ങിയവർ നേതൃത്വം നൽകി