ദോഹ :ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി സമൂഹത്തിനു വേണ്ടി നടത്തിയ ദേശീയദിന പരേഡിൽ കൾച്ചറൽ ഫോറം ഒന്നാം സ്ഥാനം നേടി.ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ചു ദേശീയ ദിനാഘോഷ സംഘാടക സമിതിയാണു പരേഡ്‌സംഘടിപ്പിച്ചത്.

ഖത്തറിന്റെ പുരാതന സംസ്‌കാരവുമായി ബന്ധപ്പെട്ട കപ്പൽ മുതൽ പുതിയമുന്നേറ്റങ്ങളായ മെട്രോ ട്രെയിനും, ട്രെയിനും, ഖത്തർ 2022 ലോകകപ്പ് ഫുട്‌ബോളുംവിഷയമാക്കിയ ഫ്‌ളോട്ടുകളുമായാണ് കൾച്ചറൽ ഫോറം പരേഡിൽ പങ്കെടുത്തത്. ജീവകാരുണ്യരംഗത്ത് ഖത്തർ നൽകിയ സംഭാവനങ്ങളും വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളും
വരച്ച് കാണിക്കുന്നതായിരുന്നു പരേഡെന്ന് കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു.

ഖത്തർ പതാകയേന്തിയും ഖത്തർ ദേശീയ പതാകയുടെ നിറത്തിലുള്ള തൊപ്പികളും ഷാളുകളുംസ്‌കാർഫുകളും ധരിച്ചും വനിതകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ പരേഡിന്റെ ഭാഗമായി.കൾച്ചറൽ ഫോറം ആക്റ്റിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം, വൈസ് പ്രസിഡന്റ്പി.കെ.താഹിറ, ജനറൽ സെക്രട്ടറിമാരായമജീദ് അലി, സി. സാദിഖലി, ട്രഷറർ
എ.ആർ.അബ്ദുല്ല ഗഫൂർ, ജനറൽ കൺവീനർ യാസിർ എം. അബ്ദുല്ല, സെക്രട്ടറിമാരായ അലവികുട്ടി, മുഹമ്മദ് കുഞ്ഞി മറ്റു ഭാരവാഹികളായ സമീഉള്ള, സി.എച്ച്.നജീബ്,മുഷ്താഖ്, റഷീദ് അലി, അനീസ് മാള, റുബീന മുഹമ്മദ് കുഞ്ഞി, നൂർജഹാൻ ഫൈസൽ, സജ്ന
സാക്കി തുടങ്ങിയവർ നേതൃത്വം നൽകി.