ദോഹ : ഖത്തറിലേക്കുള്ള വിസരഹിത സന്ദർശനാനുമതി മറയാക്കി തൊഴിൽ തട്ടിപ്പുസംഘം വിലസുന്നു. കേരളത്തിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വിസയില്ലാതെ കടത്തിക്കൊണ്ടുവന്ന 24 യുവാക്കളിൽ നിന്നായി തട്ടിപ്പു സംഘം ഈടാക്കിയത് എൺപത്തി അയ്യായിരം രൂപ വീതമാണ് . കൂടുതൽപേരെ ചതിയിൽപെടുത്താൻ കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘം വല വീശുന്നതായി സൂചന.

എഞ്ചിനീയറിഗ് ബിരുദ ധാരികളടക്കമുള്ള വിദ്യാസമ്പന്നരായ യുവാക്കളെയാണ് തൊഴിൽ തട്ടിപ്പ്സംഘം ഇരയാക്കിയത്. ദോഹമെട്രോയിൽ ജോലിവാഗ്ദാനം ചെയ്ത് 85000 രൂപ വീതം ഈടാക്കി, മുന്ന് ഘട്ടങ്ങളിലായി 24 യുവാക്കളെയാണിവർ വിസയില്ലാതെ ദോഹയിലെത്തിച്ചത്. വ്യാജവിലാസം നൽകിയാണ് ഏജന്റുമാർ തൊഴിൽ കരാർ പോലും തയ്യാറാക്കിയത്. എറണാകുളം ആലപ്പുഴ തൃശൂർ പാലക്കാട്, ഇടുക്കി , ആലപ്പുഴ , തിരുവനതപുരം , പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നെല്ലാം തട്ടിപ്പുസംഘം യുവാക്കളെ ചതിയിൽ പെടുത്തുകയായിരുന്നു.

തങ്ങൾക്കു പുറമെ കൂടുതൽ പേരെ ഏജന്റുമാർ വലവീശുന്നതായും യുവാക്കൾ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവുമില്ലാതെ മുർറയിലെ ഒറ്റമുറിയിൽ കഴിയുന്ന യുവാക്കൾക്ക് സാമൂഹിക പ്രവർത്തകരാണ് ഇപ്പോൾ ഭക്ഷണമെത്തിക്കുന്നത്.

കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി , റസാഖ് കാരാട്ട് , ഇസ്മായിൽ നീലേശ്വരം , റിയാസ് തൃശൂർ , എന്നിവർ അടങ്ങുന്ന സംഘം യുവാക്കളെ സന്ദർശിച്ചു . തണുപ്പ് അകറ്റാനുള്ള വസ്ത്രങ്ങൾ വിതരണം ചെയ്തു . ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടും നോർക്കയുമായി ബന്ധപ്പെട്ടും കേസ് ഫയൽ ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും കൾച്ചറൽ ഫോറം സെക്രെട്ടറി മുഹമ്മദ് കുഞ്ഞി അറിയിച്ചു .