- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരെടാ വലിയവൻ? ആരു ചെറിയവൻ? ലോകത്തിൽ ഏറ്റവും ശക്തിയുള്ള കറൻസി ഏതാണ്? ഒരു അമേരിക്കൻ ഡോളറിന് 65 ഇന്ത്യൻ രൂപ കിട്ടുന്നതു കൊണ്ട് ഏറ്റവും മികച്ച കറൻസി ഡോളറാണോ? കറൻസികളുടെ വലുപ്പച്ചെറുപ്പത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
''ലോകത്തിലെ ഏറ്റവും ശക്തിയുള്ള കറൻസി ഏതാണ്?''എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇതിന് വാസ്തവത്തിൽ മൂന്ന് ഉപ ചോദ്യങ്ങൾ ഉണ്ട്. 1 . ഒരു രാജ്യത്തെ കറൻസിയുടെ വില അവിടുത്തെ സമ്പദ്വ്യവസ്ഥയുടെ വലിപ്പമോ, ശക്തിയോ ആണോ കാണിക്കുന്നത് ?2. നമ്മുടെ കറൻസിക്ക് മറ്റു രാജ്യങ്ങളിലെ കറൻസിയെക്കാൾ വില ഉണ്ടാകുന്നതാണോ നമുക്ക് നല്ലത് ?3. കറൻസിയുടെ വില കൂടുന്നതാണോ കുറയുന്നതാണോ ഒരു രാജ്യത്തിന് നല്ലത് ? നല്ല മൂല്യമുള്ള കറൻസി ഉണ്ടാകുന്നതും അതിന്റെ വില മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടി വരുന്നതും ആണ് നല്ലത് എന്ന് പ്രത്യക്ഷത്തിൽ വേണമെങ്കിൽ തോന്നാം. നമ്മുടെ കറൻസിയുടെ വില കുറഞ്ഞു എന്നത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ തളർച്ചയായോ മോശമായ മാനേജ്മെന്റ് ആയോ ഒക്കെ ആളുകൾ ചിന്തിക്കാറുണ്ട്. പക്ഷെ ഇത് ഒന്നും പൂർണ്ണമായും ശരിയല്ല. ഓരോ രാജ്യത്തെ കറൻസിക്കും ഓരോ വിലയാണ്. ഉദാഹരണത്തിന് ഒരു അമേരിക്കൻ ഡോളറിന് 65 ഇന്ത്യൻ രൂപ, അപ്പോൾ ഡോളർ ആണ് മെച്ചം എന്ന് തോന്നും. പക്ഷെ മൂന്നിൽ കൂടുതൽ അമേരിക്കൻ ഡോളർ കൊടുത്താലേ ഒരു കുവൈറ്റി ദിനാർ കിട്ടൂ, ങേ അപ്പോൾ അ
''ലോകത്തിലെ ഏറ്റവും ശക്തിയുള്ള കറൻസി ഏതാണ്?''എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇതിന് വാസ്തവത്തിൽ മൂന്ന് ഉപ ചോദ്യങ്ങൾ ഉണ്ട്.
1 . ഒരു രാജ്യത്തെ കറൻസിയുടെ വില അവിടുത്തെ സമ്പദ്വ്യവസ്ഥയുടെ വലിപ്പമോ, ശക്തിയോ ആണോ കാണിക്കുന്നത് ?
2. നമ്മുടെ കറൻസിക്ക് മറ്റു രാജ്യങ്ങളിലെ കറൻസിയെക്കാൾ വില ഉണ്ടാകുന്നതാണോ നമുക്ക് നല്ലത് ?
3. കറൻസിയുടെ വില കൂടുന്നതാണോ കുറയുന്നതാണോ ഒരു രാജ്യത്തിന് നല്ലത് ?
നല്ല മൂല്യമുള്ള കറൻസി ഉണ്ടാകുന്നതും അതിന്റെ വില മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടി വരുന്നതും ആണ് നല്ലത് എന്ന് പ്രത്യക്ഷത്തിൽ വേണമെങ്കിൽ തോന്നാം. നമ്മുടെ കറൻസിയുടെ വില കുറഞ്ഞു എന്നത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ തളർച്ചയായോ മോശമായ മാനേജ്മെന്റ് ആയോ ഒക്കെ ആളുകൾ ചിന്തിക്കാറുണ്ട്. പക്ഷെ ഇത് ഒന്നും പൂർണ്ണമായും ശരിയല്ല.
ഓരോ രാജ്യത്തെ കറൻസിക്കും ഓരോ വിലയാണ്. ഉദാഹരണത്തിന് ഒരു അമേരിക്കൻ ഡോളറിന് 65 ഇന്ത്യൻ രൂപ, അപ്പോൾ ഡോളർ ആണ് മെച്ചം എന്ന് തോന്നും. പക്ഷെ മൂന്നിൽ കൂടുതൽ അമേരിക്കൻ ഡോളർ കൊടുത്താലേ ഒരു കുവൈറ്റി ദിനാർ കിട്ടൂ, ങേ അപ്പോൾ അതാണോ നല്ലത് ?. ഒരു ഇന്ത്യൻ രൂപക്ക് ഒന്നര ജപ്പാനീസ് യെന്നിൽ കൂടുതൽ കിട്ടും. അപ്പോൾ നമ്മുടെ കറൻസി അത്ര മോശമല്ല അല്ലേ ? ഒരു യൂറോ കൊടുത്താൽ പതിനാറായിരത്തിനു മുകളിൽ ഇൻഡോനേഷ്യൻ റുപ്പയ കിട്ടും. അപ്പോൾ റുപ്പയ ആണോ ഏറ്റവും മോശം ?. അങ്ങനെ ചിന്തിക്കാൻ വരട്ടെ. ഒരു ഇന്തോനേഷ്യൻ റുപ്പയ കൊടുത്താൽ രണ്ടര ഇറാനിയൻ റിയാൽ കിട്ടും.
വാസ്തവത്തിൽ കറൻസിയുടെ പ്രത്യക്ഷ വിലക്ക് വലിയ അർത്ഥമില്ല. ഒരു രാജ്യത്തെ കറൻസിക്ക് മറ്റു രാജ്യങ്ങളിലെ കറൻസിയെക്കാൾ മൂല്യമുണ്ടാകുക എന്നത് ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കരുത്തൊന്നും കാണിക്കുന്നില്ല. കൂടുതൽ മൂല്യമുള്ള കറൻസി ഉള്ള നാടുകളിലെ ആളുകൾക്ക് കൂടുതൽ സാധനങ്ങൾ വാങ്ങാൻ പറ്റില്ല. ഉദാഹരണത്തിന് ജോർദ്ദാനും ലെബനാനും അയൽ രാജ്യങ്ങൾ ആണ്. ഒരു ജോർദ്ദാൻ ദിനാർ കൊടുത്താൽ രണ്ടായിരത്തിൽ ഏറെ ലെബനീസ് ലിറ കിട്ടും. പക്ഷെ ഒരു ലെബനീസ് അദ്ധ്യാപകന്റെ വരുമാനം ജോർദ്ദാനിലേതിലെക്കാൾ ഏറെ കൂടുതൽ ആണ് (മറ്റു തൊഴിലുകളും അതുപോലെ). അപ്പോൾ കറൻസിയുടെ മൂല്യം കൂടിയതുകൊണ്ട് നാട്ടുകാർക്ക് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ല. അവരുടെ കയ്യിൽ എന്ത് കിട്ടുന്നു, കിട്ടുന്നതുകൊണ്ട് അവർക്ക് എന്ത് വാങ്ങാൻ കഴിയും എന്നതാണ് പ്രധാനം.
ഓരോ രാജ്യത്തും കറൻസി പുറത്തിറക്കുന്നതും അതിന്റെ മൂല്യം ആദ്യമായി നിർണ്ണയിക്കുന്നതും അവിടുത്തെ 'സെൻട്രൽ ബാങ്ക്' ആണ്. ഇന്ത്യയിൽ ഇതിന് 'റിസർവ് ബാങ്ക്' എന്നാണ് പേര്. അമേരിക്കയിൽ 'ഫെഡറൽ റിസർവ്', ഇംഗ്ലണ്ടിൽ 'ബാങ്ക് ഓഫ് ഇംഗ്ലണ്ട്'. സാധാരണ ബാങ്ക് പോലെ വ്യക്തികളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയോ വ്യക്തികൾക്ക് വായ്പ കൊടുക്കുകയോ ചെയ്യുന്ന ബാങ്കല്ല ഇത്. സർക്കാരിന്റെയും മറ്റ് ബാങ്കുകളുടെയും ബാങ്കാണ്. കറൻസി അച്ചടിക്കുന്നത് കൂടാതെ വിനിമയനിരക്ക് നിയന്ത്രിക്കുക, പലിശനിരക്കുകൾ നിശ്ചയിക്കുക തുടങ്ങിയ ജോലികളും അവർക്കുണ്ട്.
ഒരു രാജ്യത്ത് പുതിയതായി ഒരു കറൻസി ഉണ്ടാക്കുമ്പോൾ അതിന് മറ്റു കറൻസികളെ അപേക്ഷിച്ച് വിനിമയമൂല്യം കൂടുതലാണോ കുറവാണോ എന്ന് അവിടുത്തെ റിസർവ്വ് ബാങ്കിന് തീരുമാനിക്കാം. ഇന്ത്യയിൽ ഇപ്പോൾ ഉള്ള രൂപക്ക് ഒരു ഗമ പോരാ എന്ന് തോന്നിയാൽ ഇവിടെ ഉള്ള രൂപ മുഴുവൻ പിൻവലിച്ച് കുവൈറ്റ് ദിനാറിലും വിലയുള്ള ഒരു കറൻസി നമുക്ക് വേറൊരു പേരിൽ ഉണ്ടാക്കാം (എന്റെ പൊന്നു ഗവർണ്ണർ സാറെ വേണ്ട, ചുമ്മാ ഒരു ഉപമ പറഞ്ഞതാ. സീരിയസായെടുക്കരുത്). ഇതിന് നമുക്ക് വേറൊരു ലോകരാജ്യത്തിന്റെയും അനുമതി വേണ്ട.
കൂടുതൽ പ്രധാനം ഒരു രാജ്യത്തിന്റെ കറൻസി കമ്പോള വിലയിൽ എവിടെ നിൽക്കുന്നു എന്നതാണ്. ഇന്ന് നമ്മൾ കുവൈറ്റ് ദിനാറിലും വില കൂടിയ കറൻസി ഉണ്ടാക്കിയാൽ നാളെ അതവിടെ നിൽക്കണം എന്നില്ല. അതിന്റെ വില കൂടാം, അല്ലെങ്കിൽ കുറയാം. ഒരു രാജ്യത്തിന്റെ കറൻസിയുടെ വില ആ രാജ്യത്തിന് നിയന്ത്രിക്കാൻ പറ്റുന്നുണ്ടോ അതോ ഇല്ലയോ എന്നതാണ് ആ കറൻസിയുടെ ശക്തിയുടെ കൂടുതൽ പ്രധാനമായ മാനദണ്ഡം.
ഒരിക്കൽ ഒരു രാജ്യം അവരുടെ കറൻസിക്ക് ഒരു മൂല്യം നിർണ്ണയിച്ചുകഴിഞ്ഞാൽ അതവിടെത്തന്നെ നിൽക്കുമോ, കൂടുമോ, കുറയുമോ എന്നത് മറ്റു രാജ്യത്തെ ആളുകൾക്ക് ആ കറൻസിയുടെ ആവശ്യമുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് മറ്റു രാജ്യങ്ങൾക്ക് ഇന്ത്യൻ കറൻസിയുടെ ആവശ്യം വൻതോതിൽ ഉണ്ടാകുകയും നമ്മുടെ റിസർവ്വ് ബാങ്ക് കൂടുതൽ പണം അച്ചടിക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും നമ്മുടെ കറൻസിയുടെ വില കൂടും. നമുക്ക് മറ്റുള്ള കറൻസികൾ കൂടുതൽ വേണ്ടി വരികയും നമ്മുടെ റിസർവ്വ് ബാങ്ക് ചുമ്മാ പണം അടിച്ചു കൂട്ടുകയും ചെയ്താൽ നമ്മുടെ കറൻസിയുടെ വില കുറയും.
ഒരു രാജ്യത്തെ കറൻസിക്ക് മറ്റു നാട്ടുകാർക്ക് സാധാരണഗതിയിൽ മൂന്ന് കാര്യത്തിനാണ് ആവശ്യം വരുന്നത്. ഒന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുന്ന എന്തെങ്കിലും സാധനം വാങ്ങാൻ. രണ്ട് വിദേശങ്ങളിൽ നിന്നും ഇന്ത്യ കാണാൻ വരാൻ, മൂന്നാമത് .നമ്മുടെ നാട്ടിൽ നിന്നും പുറത്തു പോയവർക്ക് നാട്ടിലേക്ക് വിദേശത്തുനിന്നും പണം അയക്കാൻ. അപ്പോൾ നമ്മുടെ കയറ്റുമതി കൂടുമ്പോഴും നാട്ടിലേക്ക് കൂടുതൽ വിദേശികൾ വരുമ്പോഴും നാട്ടിലേക്ക് പ്രവാസികൾ കൂടുതൽ പണം അയക്കുമ്പോളും നമ്മുടെ കറൻസിയുടെ വില കൂടും. ഇത് പോലെ തന്നെ നമ്മൾ മറ്റു നാടുകളിലെ സാധനം ഇറക്കുമതി ചെയ്യുമ്പോഴും, നമ്മുടെ നാട്ടിൽ നിന്നും വിദേശത്തേക്ക് ആളുകൾ പോകുമ്പോഴും നമ്മുടെ നാട്ടിൽ ജോലി ചെയ്ത് ആളുകൾ പണം അവരുടെ നാട്ടിലേക്ക് അയക്കുമ്പോഴും നമുക്ക് മറ്റു രാജ്യങ്ങളുടെ കറൻസിയുടെ ആവശ്യം വരും. ഈ സാഹചര്യത്തിൽ നമ്മുക്ക് അകത്തേക്ക് വരുന്ന വിദേശ നാണ്യത്തിലും കൂടുതൽ ആണോ പുറത്തേക്ക് പോകുന്നത് എന്നതിനെ അനുസരിച്ചിരിക്കും നമ്മുടെ കറൻസിയുടെ കമ്പോളത്തിലെ വില.
ആധുനിക ലോകത്ത് രണ്ടു കാരണം കൂടി ഉണ്ട് ഒരു രാജ്യത്തിന്റെ കറൻസിയുടെ ഡിമാൻഡ് കൂട്ടാൻ.ഒന്നാമത് വിദേശത്തുള്ള ആളുകളോ പ്രസ്ഥാനങ്ങളോ നമ്മുടെ നാട്ടിൽ നിക്ഷേപം നടത്തിയാൽ (നേരിട്ടോ ഷെയർ മാർക്കറ്റിലോ) നമ്മുടെ കറൻസിക്ക് വില കൂടും. ഇത് ഇന്ത്യക്കിപ്പോൾ വളരെ ബാധകം ആണ്. രണ്ടാമത്തെ കാര്യം ആളുകൾ ഷെയർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ മറ്റു രാജ്യങ്ങളുടെ കറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു ബിസിനസുണ്ട്. വിവിധ രാജ്യങ്ങളിൽ അവരുടെ കറൻസി മാനേജ്‌മെന്റിന്റെ ഭാഗമായി ഇതുചെയ്യാം. വൻകിട ബാങ്കുകളും സ്ഥാപനങ്ങളുമൊക്കെ ഈ ബിസിനസ് ചെയ്യും. വെറുതെ ഷെയർ മാർക്കറ്റിൽ കളിക്കുന്ന പോലെ കറൻസി മാർക്കറ്റിൽ കളിക്കുന്നവരും ഉണ്ട് . ഇവരെല്ലാം കറൻസി വാങ്ങിക്കൂട്ടിയാൽ ഒരു രാജ്യത്തിന്റെ കറൻസിയുടെ വില കുത്തനെ കൂടും. വളരെ ചെറിയ ഇക്കോണമി ആണെങ്കിലും സ്വിസ് ഫ്രാങ്കിന്റെ ശക്തിയുടെ അടിസ്ഥാന കാരണങ്ങളിൽ ഒന്നിതാണ്. ഇന്ത്യൻ രൂപ പക്ഷെ ഇങ്ങനെ അന്താരാഷ്ട്ര മാർക്കറ്റിൽ കാശുണ്ടാക്കാൻ മാത്രം നിയമപരമായി വാങ്ങുകയും വിൽക്കുകയും ചെയ്യാൻ പാടില്ല. ഇന്ത്യയുടെ കാര്യത്തിൽ പക്ഷെ മറ്റൊന്ന് ഉണ്ട്. കൈക്കൂലി ആയും കള്ളപ്പണം ആയും ഉണ്ടാകുന്ന പണം എങ്ങനെ എങ്കിലും നാട് കടത്താൻ ശ്രമിക്കുന്നവർ വിദേശനാണ്യം ലഭിക്കാൻ നമ്മുടെ കറൻസി കമ്പോള വിലയിലും വില കുറച്ചു കൊടുക്കും. അങ്ങനെ നമ്മുടെ കറൻസിയുടെ വില താഴും. അതുകൊണ്ടാണ് ഈ ഹവാല പ്രസ്ഥാനം രാജ്യദ്രോഹം ആകുന്നത്.
ഒരു രാജ്യത്തിന്റെ കറൻസിയുടെ വില അവിടുെത്ത റിസർവ്വ് ബാങ്കിന് വേണമെങ്കിൽ പിടിച്ചു നിർത്താൻ ശ്രമിക്കാം. അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ മിക്കതിലും അവരുടെ കറൻസി അമേരിക്കൻ ഡോളറും ആയി കൂട്ടിക്കെട്ടിയിരിക്കയാണ് (ഉദാഹരണം ഒരു ഒമാനി റിയാൽ 2.6 അമേരിക്കൻ ഡോളർ, ഒരു ഡോളർ 3.67 യു എ ഇ ദിർഹാം എന്നിങ്ങനെ) . ഡോളർ മുന്നോട്ട് പോയാൽ ദിർഹവും റിയാലും ഒക്കെ മുന്നോട്ട്, ഡോളർ പുറകോട്ട് പോയാൽ അവ പുറകോട്ട്. അത് ചെയ്യണം എങ്കിൽ ആ രാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് ധാരാളം ഡോളർ മേടിച്ചു വക്കണം, ആ നാട്ടിലെ കറൻസിയുടെ വില കുറയുന്നു എന്ന് കണ്ടാൽ ഡോളർ കമ്പോളത്തിൽ ഇറക്കി നാട്ടിലെ കറൻസി വാരിക്കൂട്ടാൻ കഴിയണം. അറേബ്യൻ ഗൾഫിലെ പ്രധാന ഉൽപ്പന്നം എണ്ണ ആയതു കൊണ്ടും എണ്ണയുടെ കച്ചവടം പ്രധാനമായും ഡോളറിൽ നടത്തുന്നതുകൊണ്ടും അവർക്കിത് എളുപ്പമാണ്. പക്ഷെ മറ്റ് ഏതു രാജ്യത്തിനും ഡോളറുമായോ മറ്റേതു കറൻസിയും ആയോ അവരുടെ കറൻസിയെ കൂട്ടിക്കെട്ടാൻ നിയമ തടസ്സങ്ങൾ ഇല്ല.
ഉദാഹരണത്തിന് ബ്രൂണെയിലെ റിങ്കിറ്റ് സിംഗപ്പൂരിലെ ഡോളറും ആയി ഒന്നിനൊന്ന് എന്ന തരത്തിൽ കെട്ടിയിട്ടിരിക്കയാണ്. വാസ്തവത്തിൽ സിംഗപ്പൂരിൽ ബ്രൂണെ പണവും ബ്രൂണെയിൽ സിംഗപ്പൂരിലെ പണവും ഉപയോഗിക്കാം. ഇതൊക്കെ നല്ലതാണെന്ന് ഒറ്റയടിക്ക് തോന്നാം, പക്ഷെ നമ്മുടെ കറൻസി എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ പറ്റുന്ന ശക്തിയുള്ള ഒരു ഉപകരണം ആണ്. അത് മറ്റൊന്നുമായി കൂട്ടിക്കെട്ടിയാൽ പിന്നെ ആ ഉപകരണം നമ്മുടെ റിസർവ് ബാങ്കിന് ലഭ്യമല്ലാതെ വരും. യൂറോയുടെ അകത്തു കിടന്ന് ഗ്രീസ് അതുകൊണ്ടാണ് ഞെരിപിരി കൊള്ളുന്നത്. യൂറോപ്യൻ യൂണിയന്റെ അകത്തു കിടന്ന ബ്രിട്ടൻ അതുകൊണ്ടാണ് ഒരു കാലത്തും പൗണ്ട് മാറ്റി യൂറോ ആക്കാതിരുന്നത്. ചുറ്റുമുള്ള രാജ്യങ്ങൾ എല്ലാം യൂറോവിലേക്ക് മാറിയിട്ടും സ്വിറ്റ്സർലൻഡ് ഇപ്പോഴും ഫ്രാങ്കിൽ നിക്കുന്നതിന്റെ കാര്യവും മറ്റൊന്നല്ല.
ഒരു രാജ്യത്തെ കറൻസിയുടെ തുടക്ക വില എന്താണെങ്കിലും കറൻസിയുടെ മൂല്യം ആപേക്ഷികമായി ഉയരുന്നതാണ് നല്ലതെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അതും ശരിയല്ല. കറൻസിയുടെ മൂല്യമുയർന്നാൽ നമ്മൾ കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ വില അന്താരാഷ്ട്ര വിപണിയിൽ കൂടും. ഉദാഹരണത്തിന്, യൂറോയും ആയുള്ള അനുപാതത്തിൽ ഇന്ത്യൻ കറൻസിയുടെ മൂല്യം ഉയരുകയും പാക്കിസ്ഥാൻ കറൻസിയുടെ മൂല്യം ഉയരാതിരിക്കുകയും ചെയ്തു എന്ന് കരുതുക. അപ്പോൾ യൂറോപ്യൻ വിപണിയിൽ പാക്കിസ്ഥാൻ അരിയുടെയും മാങ്ങയുടെയും വില ഇന്ത്യൻ അരിയേക്കാളും മാങ്ങയെക്കാളും കുറയും. അതാളുകൾ കൂടുതൽ വാങ്ങും. അത് വരാതിരിക്കണം എങ്കിൽ നമ്മൾ പഴയതിലും വില കുറച്ച് അരിയും മാങ്ങയും കയറ്റുമതി ചെയ്യണം. അപ്പോൾ നമ്മുടെ കയറ്റുമതിക്കാർക്ക് നഷ്ടം പറ്റും.
ടൂറിസ്റ്റുകളുടെ കാര്യവും ഇതുപോലെയാണ്. ഇന്ത്യൻ റുപ്പി ശക്തമാകുകയും ശ്രീലങ്കൻ രൂപ മാറാതിരിക്കുകയും ചെയ്താൽ ശ്രീലങ്കയിലെ ഹൗസ് ബോട്ടിന് ആലപ്പുഴയിലേതിനേക്കാൾ വിലകുറയും. വിദേശികൾ അങ്ങോട്ടുപോകും, ചിലപ്പോൾ നാട്ടുകാരും. നമ്മുടെ കറൻസി ശക്തി പ്രാപിച്ചാൽ വിദേശത്തുനിന്നുള്ള ആഡംബരവസ്തുക്കൾ നമ്മൾ കൂടുതലുപയോഗിക്കും. കൂടുതലാളുകൾ വിദേശയാത്രക്ക് പോകുകയും ചെയ്യും. ഇതെല്ലാം ആഭ്യന്തര വിപണിക്ക് നല്ലതായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് നമ്മുടെ ചുറ്റുമുള്ള രാജ്യങ്ങൾ, നമ്മളും ആയി കയറ്റുമതിയിൽ മത്സരിക്കുന്ന രാജ്യങ്ങൾ, ഇവിടുത്തെ ഒക്കെ കാര്യങ്ങൾ ശ്രദ്ധിച്ചിട്ട് വേണം നമ്മുടെ കറൻസിയുടെ വില നിശ്ചയിക്കാൻ. നമ്മുടെ രൂപയുടെ വിലയൊക്കെ അത്ര കുതിച്ചു കയറാത്തത് നമ്മുടെ സമ്പദ്വ്യവസ്ഥക്ക് ഗുണമാകുന്നത് അതുകൊണ്ടാണ്.
എന്ന് വച്ച് നമ്മുടെ കറൻസിയുടെ വില കുത്തനെ താഴേക്ക് വരുന്നതും ഗുണമല്ല കേട്ടോ. പത്തു വർഷമായി ഞാൻ നൈജീരിയയിൽ പോയി തുടങ്ങയിട്ട്. രണ്ടായിരത്തി ഏഴിൽ ഒരു ഡോളറിന് നൂറു നൈര കിട്ടുമായിരുന്നത് ഇപ്പോൾ മുന്നൂറ്റി അൻപതിലും അധികമായി. എണ്ണ പ്രധാനമായും കയറ്റുമതി ചെയ്യുകയും ഏറെ സാധനങ്ങൾ ഇറക്കുമതി ചെയ്യുകയും ചികിത്സക്ക് പോലും ആളുകൾ പുറത്തു പോവുകയും ചെയ്യുന്ന രാജ്യമാണ് നൈജീരിയ. അവിടുത്തെ ആളുകളുടെ വരുമാനം കൂടുന്നില്ല, ചെലവ് കൂടുന്നു, കുട്ടികളുടെ പഠനവും ചികിത്സയും ഉൾപ്പടെവേണ്ടെന്ന് വക്കേണ്ടി വരുന്നു. ഇപ്പോൾ ഭരണമാറ്റം നടന്ന സിംബാബ്വേയിലെ പ്രശ്‌നങ്ങൾ ഇതിലും ഏറെ ഗുരുതരം ആയിരുന്നു.
ഞാൻ പറഞ്ഞുവരുന്നത് ഇന്ത്യൻ റുപ്പി കുവൈറ്റി ദിനാറിനെക്കാൾ ശക്തമാകുന്നതും വർഷാവർഷം ശക്തി പ്രാപിക്കുന്നതുമൊന്നും സ്വപ്നം കാണേണ്ട. ചിലപ്പോൾ സ്വപ്നം സത്യമാകും, പണി പാളും.(സാമ്പത്തിക വിദഗ്ദ്ധർ അല്ലാത്തവരുടെ അറിവിലേക്കായി ഇതൊരല്പം ലളിതവൽക്കരിച്ചു പറഞ്ഞതാണ്. ഇതിൽ ഓരോന്നിലും ഏറെ ഘടകങ്ങൾ ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല, കൂടുതൽ പറഞ്ഞു കോമ്പ്‌ലിക്കേറ്റഡ് ആക്കിയാൽ ഒരു ചുക്കും മനസ്സിലാകാതാകും. ഈ വിഷയത്തിൽ ഒക്കെ ഗാഢമായ അറിവുള്ളവർ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളിലും ഉള്ള അപവാദവും (exceptions) ആയി വാദത്തിന് വരരുത്, നിങ്ങളുടെ അറിവും പങ്കു വയ്ക്കുന്നതിൽ സന്തോഷമേ ഉള്ളൂ).