പുൽപ്പള്ളി: നോട്ട് പിൻവലിക്കലിനെ തുടർന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം അമ്പതിലേക്ക് അടുക്കുകയാണ്. പൊതുജനത്തിന് നടുക്കം സമ്മാനിച്ച ഈ നടപടി ബാങ്കുകളും എടിഎമ്മുകളും ഏറെയുള്ള നഗരങ്ങളേക്കാൾ ഗ്രാമീണ ഇന്ത്യയെ തന്നെയാണ് സാരമായി ബാധിച്ചതെന്ന് വ്യക്തമാണ്. നോട്ട് നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ടുകളെ തുടർന്നുള്ള ആത്മഹത്യകൾ, ഹൃദയസ്തംഭനങ്ങൾ, അപകടങ്ങൾ, പണം തട്ടിയെടുക്കൽ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ എന്നിവ ഉൾപ്പെടെയാണ് മരണസംഖ്യ അമ്പതിലേക്ക് അടുക്കുന്നത്.

കേരളത്തിലും നോട്ട് നിരോധനം ആളുകളുടെ ജീവനെടുത്തുവെന്നതും നമ്മെ ഞെട്ടിക്കുന്നതാണ്. ക്യൂനിൽക്കവേ കുഴഞ്ഞു വീണു മരിച്ചതിനൊപ്പം പണം ലഭിക്കാത്തതിനാൽ ചിക്തിത്സ നേടാനാവാതെ ഹൃദ്രേഗം മൂർച്ഛിച്ച് വയനാട്ടിൽ കർഷകൻ കുഴഞ്ഞു വീണു മരിച്ചു എന്നതും ഞെട്ടിക്കുന്നതാണ്. ആശുപത്രിയിൽ പോകാൻ ബാങ്കിൽ നിന്നു പണം കിട്ടാത്തതിനാൽ വീട്ടിലേയ്ക്കു മടങ്ങിയ കർഷകനാണ് ഹൃദ്രോഗം മൂർഛിച്ച് കുഴഞ്ഞുവീണു മരിച്ചത്.

സീതാമൗണ്ട് ഐശ്വര്യക്കവല പനയോലിൽ ജോസഫാണ് (54) ഇന്നലെ ദാരുണമായി മരിച്ചത്. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ജോസഫ് അയൽപക്കത്ത് നിന്ന് ലേപനം വാങ്ങിപുരട്ടിയിരുന്നു. ചികിൽസ തേടണമെന്ന് സുഹൃത്തുക്കൾ ഉപദേശിക്കുകയും ചെയ്തു. പണമില്ലാതിരുന്ന ജോസഫ് സീതാമൗണ്ടിലെ ഒരാളിൽ നിന്ന് ഇരുപത് രൂപവാങ്ങി ബസിൽകയറി പാടിച്ചിറയിലെ ബാങ്കിലെത്തി. പാചകവാതക സബ്ഡിഡി ലഭിച്ചതടക്കം ആറായിരത്തിയഞ്ഞൂറ് രൂപയോളം ജോസഫിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. ഇതിൽ നിന്ന് കുറച്ച് പണമെടുത്ത് പുൽപള്ളിയിൽ പോയി ഡോക്ടറെ കാണാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, ബാങ്കിൽ പണമില്ലെന്ന് പറഞ്ഞതിനാൽ ബന്ധുവിന്റെ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങി.

അത്യാവശ്യമെന്ന് പറഞ്ഞ് അയാളോട് നൂറ് രൂപയും വാങ്ങി. വീട്ടിലെത്തിയ ജോസഫ് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു. കൂട്ടുകാർ സ്വകാര്യ ആശുപത്രിലേയ്ക്കു മാറ്റിയെങ്കിലും മരിക്കുകയായിരന്നു. ഒരേക്കർ ഭൂമിയുള്ള ജോസഫ് ബാങ്ക് വായ്പാ കുടിശികയെ തുടർന്ന് ജപ്തി ഭീഷണി നേരിടുന്നയാളാണ്. മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ബത്തേരിയിലെ ഒരു ബാങ്കിൽ നിന്നെടുത്ത വായ്പയാണ് ഇപ്പോൾ റവന്യൂ റിക്കവറിയിലെത്തിയത്. ഭാര്യ ഏലിക്കുട്ടി. മക്കൾ. സിനി, സിമി. മരുക്കൾ. ബാബു, സജി. സംസ്‌കാരം ഇന്ന് മൂന്നരയ്ക്ക് സീതാമൗണ്ട് സെന്റ് ജോസഫ്‌സ് പള്ളിയിൽ നടക്കും.

സർക്കാർ ആശുപത്രികളിൽ പഴയ നോട്ട് സ്വീകരിക്കുമെങ്കിലും നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ നോട്ട് സ്വീകരിക്കാത്തതു കൊണ്ടുള്ള ബുദ്ധിമുട്ടാണ് ഈ കർഷകന്റെ ജീവനെടുത്തത് എന്ന കാര്യം വ്യക്തമാണ്. നോട്ടു പിൻവലിക്കൽ നടപടിക്ക് എന്തൊക്കെ മേന്മ കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ സാധാരണക്കാരുടെ ജീവനെടുക്കുന്നത് ഈ സർക്കാർ നയമാണെന്ന കാര്യത്തിൽ സംശമില്ല. അതുകൊണ്ട് തന്നെ ഈ മരണത്തിന്റെ പാപക്കറയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും സർക്കാറിനാകില്ല.

നിർദ്ധനനായ ഒരാളുടെ കൈയിൽ കയ്യിൽ പണം ഇല്ലെന്ന കാരണത്താൽ ആശുപത്രികളിൽ ചികിത്സ പോലും അന്യം ആകുക എന്നത് വലിയ കാര്യമായി തന്നെ കണക്കാക്കണം. കേന്ദ്രം നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ ആശുപത്രികളിൽ നോട്ട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ട് കേരളത്തിൽ അടിയന്തര ചികിത്സ ലഭിക്കേണ്ട ഹൃദ്രോഗത്തിനു അതിവേഗ ചികിത്സ സർക്കാർ ആശുപത്രികളിൽ ലഭ്യമാകാൻ കഴിയുന്നില്ല എന്ന ചോദ്യവും ജോസഫിന്റെ രക്തസാക്ഷിത്തത്തിലൂടെ ഉയരേണ്ടതുണ്ട്.

ബാങ്കിൽ പണമുണ്ടായിട്ടും എടുക്കാൻ സാധിക്കാതെ തിരിച്ചയച്ച നടപടി പ്രത്യക്ഷത്തിൽ തന്നെ മനുഷ്യാവകാശ ലംഘനമായി കണക്കാക്കേണ്ടി വരും. അതുകൊണ്ട് അതീവ ഗൗരവമായി തന്നെ ഈ വിഷയത്തെ കേരള സർക്കാറും അധികൃതരും കാണേണ്ടതുമാണ്. സർക്കാർ ആശുപത്രികളിൽ പലപ്പോഴും ഹൃദ്രോഗികൾക്കു ഉപകരപ്പെടുന്ന വിധത്തിലുള്ള സൗകര്യങ്ങൾ കുറവാണ്. നാട്ടിൽ പുറംങ്ങളിലെ പ്രാഥമിക കേന്ദ്രങ്ങളിലും ഇത്തരം സൗകര്യം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറിന് കഴിയുകയും വേണം.

അതുത്തിടെ ഇടുക്കി വണ്ടിപ്പെരിയാറിൽ എസ്‌ബിറ്റി ശാഖയിൽ പണമെടുക്കാൻ ക്യൂ നിന്നയാൾ കുഴഞ്ഞു വീണു മരിച്ചു സംഭവവും കേരളത്തിലുണ്ടായിരുന്നു. വണ്ടിപ്പെരിയാർ തേങ്ങാക്കല്ല് സ്വദേശി ശിവ (42) ആണു അന്ന് മരിച്ചത്. നോട്ട് നിരോധനം ഏർപ്പെടുത്തും മുമ്പ് സർക്കാർ യാതൊരു മുൻകരുതലും എടുത്തില്ലെന്നതാണ് ഇത്തരം മരണങ്ങൾക്ക് ആധാരമായതും. ഉത്തർപ്രദേശിലാണ് കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത്. 11 പേർ. ഇതിൽ കൂടുതൽപേരും മരിച്ചത് ഹൃദയസ്തംഭനത്തെ തുടർന്നാണ് എന്നതും സർക്കറുകളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.

ആസാം, മധ്യപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ മൂന്നു പേർ വീതം മരണത്തിനു കീഴടങ്ങി. തെലുങ്കാന, ബിഹാർ, മുംബൈ, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രണ്ടുപേർക്കു വീതം ജീവൻ നഷ്ടമായതായതായും റിപ്പോർട്ടുകളുണ്ട്. ഓട്ടോറിക്ഷക്കാരൻ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഒഡീഷയിൽ കടുത്ത പനി ബാധിച്ച കുട്ടി മരിച്ചതാണ് ഇതിൽ ഏറ്റവും ദാരുണം. ഇത്തരം നിരവധി സംഭവങ്ങൾ വാർത്തയാകാതെ പോയതുമുണ്ടാകുമെന്നും വിലയിരുത്തേണ്ടതുണ്ട്. അത്രമേൽ ഗുരുതരമായി സാധാരണക്കാരെ നോട്ട് നിരോധനം ബാധിച്ചിട്ടുണ്ട്.